നിപ്പാ വൈറസ് പടരുമെന്ന ഭയം; മരിച്ചവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നില്ല

രോഗം വന്നു മരണമടഞ്ഞ വ്യക്തിയില്‍ നിന്നും രോഗം പടരാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ആരോഗ്യ വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: നിപ്പാ വൈറസ് ബാധമൂലമുള്ള പനി മരണം സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാ നടപടികളുമായി സര്‍ക്കാര്‍. നിപ്പാ വൈറസ് ബാധമൂലം മരിച്ചവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ ആരോഗ്യ വകുപ്പ് തന്നെ സംസ്‌കരിക്കുകയാണ്. 

പേരാമ്പ്രയില്‍ പനി ബാധിച്ച് മരിച്ചവരെ ചികിത്സിച്ച നഴ്‌സ് ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നില്ല. വൈറസ് പടരാതിരിക്കാന്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

രോഗം വന്നു മരണമടഞ്ഞ വ്യക്തിയില്‍ നിന്നും രോഗം പടരാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ആരോഗ്യ വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്. മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മൃതദേഹവുമായി സമ്പര്‍ക്കം ഉണ്ടാകുന്നത് വൈറസ് പടരുന്നതിലേക്ക് എത്തിക്കും. മൃതദേഹത്തിന്റെ മുഖത്ത് ചുംബിക്കുക, കവിളില്‍ തൊടുക എന്നിങ്ങനെയുള്ള സ്‌നേഹ പ്രകടനങ്ങളും ദോഷം ചെയ്യുമെന്നാണ് മുന്നറിയിപ്പ്. 

മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്തും വൈറസ് പടരാനുള്ള സാധ്യതയുണ്ട്. മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറയ്ക്കണം എന്നുള്‍പ്പെടെയുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് നല്‍കുന്നുണ്ട്. 

പനി നേരിടാന്‍ സംസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കേന്ദ്ര സംഘവും ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും ഇന്ന് പനി പടര്‍ന്നു പിടിച്ചിരിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കോഴിക്കോട് ഇതുവരെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി. സംസ്ഥാനത്ത് ഇതുവരെ നിപ്പാ വൈറസ് ബാധമൂലം മരിച്ചത് 12 പേരാണെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട്ടെ വിവിധ ആശുപത്രികളിലായി പത്ത് പേര്‍ നിപ്പാ വൈറസ് ബാധമൂലമുള്ള പനിയെ തുടര്‍ന്ന് ചികിത്സയിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com