ഇനി ടിക്കറ്റ് എടുക്കാതെ യാത്രചെയ്യാം: പുതിയ സ്മാര്‍ട്ട് കാര്‍ഡ് പദ്ധതിയുമായി കെഎസ്ആര്‍ടിസി

എടിഎം കാര്‍ഡിന്റെ വലുപ്പത്തിലുള്ള ഈ കാര്‍ഡ് ആദ്യം റീചാര്‍ജ് ചെയ്താല്‍ കാര്‍ഡിലെ പൈസ തീരുന്നതു വരെ സുഖമായി യാത്രചെയ്യാം. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി ടിക്കറ്റെടുത്ത് കഷ്ടപ്പെടേണ്ട. കയ്യില്‍ കാശില്ലെങ്കിലും യാത്ര ചെയ്യാം. പക്ഷേ കെഎസ്ആര്‍ടിസിയുടെ പുതിയ സ്മാര്‍ട് കാര്‍ഡ് എടുക്കണം. എടിഎം കാര്‍ഡിന്റെ വലുപ്പത്തിലുള്ള ഈ കാര്‍ഡ് ആദ്യം റീചാര്‍ജ് ചെയ്താല്‍ കാര്‍ഡിലെ പൈസ തീരുന്നതു വരെ സുഖമായി യാത്രചെയ്യാം. 

കാര്‍ഡ് കണ്ടക്ടറുടെ ടിക്കറ്റ് മെഷീനില്‍ ഉരയ്ക്കുമ്പോള്‍ യാത്ര ചെയ്യേണ്ട ദൂരത്തിനു വേണ്ട പണം ഈടാക്കപ്പെടും. ഓര്‍ഡിനറി ബസിലും സൂപ്പര്‍ഫാസ്റ്റിലുമൊക്കെ സ്മാര്‍ട്ട് കാര്‍ഡുമായി യാത്ര ചെയ്യാം. 1000, 2000 രൂപയുടെ സ്മാര്‍ട്ട് കാര്‍ഡാണ് ഇറക്കുന്നത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ടാണ് പദ്ധതിക്കുള്ള സാങ്കേതിക സഹായം നല്‍കുന്നത്.

കെഎസ്ആര്‍ടിസി കാലത്തിന് അനുസരിച്ച് മാറുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്‌കാരങ്ങളെന്നും ബസ് യാത്ര കൂടുതല്‍ പാസഞ്ചേഴ്‌സ് ഫ്രണ്ട്‌ലിയായി മാറുമെന്നും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. 

പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി കോര്‍പറേഷന്റെ കമ്പ്യൂട്ടര്‍ സംവിധാനം പരിഷ്‌കരിക്കും. ഇപ്പോഴത്തെ ടിക്കറ്റ് മെഷീന്‍ സംവിധാനത്തിലും മാറ്റം വരുത്തും. പുതിയ പദ്ധതിക്കായി ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാനാണ് കോര്‍പറേഷന്‍ മാനേജ്‌മെന്റിന്റെ തീരുമാനം. കാര്‍ഡ് റീചാര്‍ജ് എല്ലാ ഡിപ്പോയില്‍ നിന്നും ചെയ്യാം. മാത്രമല്ല, കാശ് തീര്‍ന്നാല്‍ കണ്ടക്ടര്‍ റീ ചാര്‍ജ് ചെയ്തു നല്‍കും.
 
ക്യു.ആര്‍.ടി കോഡും റിസര്‍വ് ചെയ്ത് പ്രിന്റൗട്ടുമായി യാത്ര ചെയ്യുന്ന ഇപ്പോഴത്തെ രീതിക്കു പകരം ക്യുആര്‍ടി കോഡ് ഏര്‍പ്പെടുത്താനും തീരുമാനമായി. ടോമിന്‍ തച്ചങ്കരി ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോഴാണ് അവിടത്തെ ബസുകളിലെ ഈ സംവിധാനം ഇവിടെയും പ്രയോഗിക്കാനാകുമെന്ന് കണ്ടെത്തിയത്. മൊബൈല്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ക്യുആര്‍ടി കോഡ് ടിക്കറ്റ് മെഷീനില്‍ കാണിച്ചാല്‍ യാത്ര ചെയ്യാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com