ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും; മറ്റന്നാള്‍ സര്‍വകക്ഷി യോഗം 

നിപ്പോ വൈറസ് സ്ഥിതിഗതികള്‍ വിലയിരുത്താനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും വെള്ളിയാഴ്ച കോഴിക്കോട്ട്  സര്‍വകക്ഷിയോഗം - റിബവൈറിന്‍ മരുന്ന് നാളെ എത്തിക്കും
ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും; മറ്റന്നാള്‍ സര്‍വകക്ഷി യോഗം 

തിരുവനന്തപുരം: നിപ്പോ വൈറസ് സ്ഥിതിഗതികള്‍ വിലയിരുത്താനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും വെള്ളിയാഴ്ച കോഴിക്കോട്ട്  സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിപ്പ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. എങ്കിലും പരമാവധി ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു

നിപ്പ വൈറസിനെ പ്രതിരോധിക്കാന്‍ അല്‍പമെങ്കിലും ഫലപ്രദമെന്നുകണ്ട റിബവൈറിന്‍ മരുന്ന് നാളെ എത്തിക്കും. മരുന്നിന് ഓര്‍ഡര്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ തിരുവനന്തപുരത്ത് അറിയിച്ചു. വൈറസ് ബാധിച്ചവരുടെ ചികില്‍സാചെലവ് സര്‍ക്കാര്‍ വഹിക്കും. വവ്വാലുകളെ ഭയക്കേണ്ടതില്ല. നിപ്പ ഭീതിയുടെ പേരില്‍ വവ്വാലുകളുടെ ആവാസകേന്ദ്രങ്ങള്‍ തകര്‍ക്കരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു. 

ഇതിനിടെ നിപ്പ രോഗലക്ഷണങ്ങളോടെ രണ്ടുപേരെക്കൂടി കോഴിക്കോട് മെഡിക്കല്‍ കോളജ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറത്ത് തുറക്കല്‍ സ്വദേശിയായ മുപ്പതുകാരനെ മഞ്ചേരി മെഡിക്കല്‍ കോളജിലും വയനാട് പടിഞ്ഞാറത്തറയില്‍ നിന്നുള്ള ഒന്നരവയസുകാരിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ഇന്നലെ രാത്രി പ്രവേശിപ്പിച്ചിരുന്നു.

ഇതോടെ രോഗലക്ഷണങ്ങളുമായി ചികില്‍സയിലുള്ളവരുടെ എണ്ണം പതിനേഴായി. വയനാട്ടില്‍ മറ്റൊരിടത്തും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആശങ്കവേണ്ടെന്നും കലക്ടര്‍ അറിയിച്ചു. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച കോഴിക്കോട് പാലാഴി സ്വദേശിയുടെ ബന്ധുക്കളെയാണ് ഇന്ന് കോഴിക്കോട്ട് പ്രവേശിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com