വില്ലന്‍ വവ്വാല്‍ തന്നെയോ? ആവാനിടയില്ലെന്നു വിദഗ്ധര്‍; ആശയക്കുഴപ്പം രൂക്ഷം

വില്ലന്‍ വവ്വാല്‍ തന്നെയോ? ആവാനിടയില്ലെന്നു വിദഗ്ധര്‍; ആശയക്കുഴപ്പം രൂക്ഷം
വില്ലന്‍ വവ്വാല്‍ തന്നെയോ? ആവാനിടയില്ലെന്നു വിദഗ്ധര്‍; ആശയക്കുഴപ്പം രൂക്ഷം

കോഴിക്കോട്: കോഴിക്കോട്ടും മലപ്പുറത്തും കണ്ടെത്തിയ നിപ്പാ വൈറസിന്റെ ഉറവിടം ഏതെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. വവ്വാലില്‍നിന്നാണ് വൈറസ് പടര്‍ന്നതെന്ന നിഗമനം ശരിയാവാനിടയില്ലെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വവ്വാലില്‍ നിന്ന് ആയിരുന്നെങ്കില്‍ രോഗവ്യാപനം ഇതിലും രൂക്ഷമാവുമായിരുന്നുവെന്ന് അവര്‍ പറയുന്നു.

ചങ്ങരോത്ത് മൂന്നുപേര്‍ നിപ്പാ ബാധിച്ചു മരിച്ച വീട്ടിലെ കിണറ്റില്‍ വവ്വാലിനെ കണ്ടതാണ്, രോഗാണു വാഹി വവ്വാല്‍ ആണെന്ന നിഗമനത്തിലേക്ക് ആരോഗ്യ പ്രവര്‍ത്തകരെ എത്തിച്ചത്. ഈ കിണറ്റില്‍നിന്നും വവ്വാലിനെ പിടികൂടി ശേഖരിച്ച സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം 25ന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വവ്വാലില്‍നിന്ന് രോഗം പടരാനുള്ള സാധ്യത വിരളമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ചങ്ങരോത്തെ കിണറ്റില്‍നിന്ന് പിടികൂടിയിരിക്കുന്നത് പ്രാണികളെ തിന്നു ജീവിക്കുന്ന ചെറിയ വവ്വാലുകളെയാണ്. നരിച്ചീറുകള്‍ എന്നും വിളിക്കപ്പെടുന്ന ഇവയില്‍ ഇതുവരെ ലോകത്ത് ഒരിടത്തും നിപ്പാ വൈറസിനെ കണ്ടെത്തിയിട്ടില്ല. പഴങ്ങള്‍ തിന്നു ജീവിക്കുന്ന വലിയ വവ്വാലുകളിലാണ് നിപ്പാ വൈറസിനെ കണ്ടെത്തിയിട്ടുള്ളത്. മലേഷ്യയിലും ബംഗ്ലാദേശിലും ഇവയില്‍നിന്നായിരുന്നു രോഗം വ്യാപിച്ചത്. 

വവ്വാലുകള്‍, പ്രത്യേകിച്ചും പഴവവ്വാലുകള്‍ 50 മുതല്‍ 100 കിലോമീറ്റര്‍ വരെ ദൂരത്തില്‍ മാത്രം സഞ്ചരിക്കുന്നവയാണെന്നാണ് പക്ഷിനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട്ടെ വവ്വാലുകള്‍ക്ക് ബംഗ്ലാദേശ്, കിഴക്കന്‍ ഇന്ത്യ തുടങ്ങി നേരത്തെ നിപ്പാ വൈറസ് സ്ഥിരീകരിച്ച നാടുകളിലെ വവ്വാലുകളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് ഇവരുടെ പക്ഷം. മറ്റു ദേശാടന പക്ഷികളിലൂടെയും രോഗം വ്യാപിക്കാനുള്ള സാധ്യത, ഇവിടെ തീര്‍ത്തും കുറവാണെന്ന് തട്ടേക്കാട് പക്ഷിനിരീക്ഷണ കേന്ദ്രത്തിലെ  ഡോ. ആര്‍ സുഗതനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷണം കുറവു വരുന്ന സമയത്താണ് പക്ഷികള്‍ ദേശാടനം നടത്തുന്നത്. ഇതു സാധാരണ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്താണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

വവ്വാലുകളിലൂടെയായിരുന്നെങ്കില്‍ രോഗവ്യാപനം ഈ തരത്തില്‍ ആവുമായിരുന്നില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. പരസ്പര ബന്ധമുള്ളവരിലാണ് ഇപ്പോള്‍ രോഗം കണ്ടെത്തിയിരിക്കുന്നത്. ഒരു കുടുംബത്തിലെ മൂന്നുപേരിലാണ് ആദ്യം സ്ഥിരീകരിച്ചത്. വവ്വാലുകള്‍ വഴിയായിരുന്നെങ്കില്‍ ഒരു പ്രദേശത്തുതന്നെ ഒരുതരത്തിലും ബന്ധപ്പെടാത്ത ആളുകളിലും രോഗം വരുമായിരുന്നു- അവര്‍ പറയുന്നു.

കിണറ്റിലെ വവ്വാലിനെ പിടികൂടി പരിശോധനയ്ക്ക് അയച്ചതില്‍ കാര്യമുണ്ടാവുമെന്നു തോന്നുന്നില്ലെന്നാണ് തൃശൂര്‍ കോളജ് ഒഫ് ഫോറസ്ട്രിയിലെ പ്രൊഫസര്‍ പിഒ നമീര്‍ പറയുന്നത്. കിണറ്റില്‍ വസിക്കുന്നത് പ്രാണികളെ തിന്നു ജീവിക്കുന്ന ചെറിയ വവ്വാലുകളാണ്. ഇവയില്‍ ഒരിടത്തും നിപ്പാ വൈറസ് കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com