'സീതാറാം' എന്ന പേര് വന്നത് എങ്ങനെയെന്ന് യെച്ചൂരി അമ്മയോട് ചോദിയ്ക്കണം; പരിഹാസവുമായി ബിപ്ലബ് കുമാര്‍ 

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പരിഹസിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്.
'സീതാറാം' എന്ന പേര് വന്നത് എങ്ങനെയെന്ന് യെച്ചൂരി അമ്മയോട് ചോദിയ്ക്കണം; പരിഹാസവുമായി ബിപ്ലബ് കുമാര്‍ 

ചെങ്ങന്നൂര്‍: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പരിഹസിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. കമ്മ്യൂണിസ്റ്റ് നേതാവിന് സീതാറാം എന്ന് പേരിട്ടത് എന്തുകൊണ്ടെന്ന് ചോദ്യം ഉന്നയിച്ചാണ് ബിപ്ലബ് കുമാര്‍ യെച്ചൂരിയെ പരിഹസിച്ചത്.  സീതാറാം എന്ന പേര് വന്നത് എങ്ങനെയെന്ന് യെച്ചൂരി അമ്മയോട് ചോദിയ്ക്കണം. അമ്മ ജീവിച്ചിരിപ്പില്ലെങ്കില്‍ ആത്മാവിനോടെങ്കിലും പേരിന്റെ കാര്യം തേടണം.  വൈദേശികതയെ മുറുകെ പിടിക്കുന്നവരാണ് ഇന്ത്യന്‍ സംസ്‌കാരത്തെ തളളിപ്പറയുന്നതെന്നും ബിപ്ലബ് വിമര്‍ശിച്ചു. ചെങ്ങന്നൂരില്‍ ബിജെപിയുടെ പ്രചാരണപരിപാടിയില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നേരത്തെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ കര്‍ണാടക തെരഞ്ഞടുപ്പ് ഫലത്തിന്റെ പ്രതിഫലനമല്ല മറിച്ച് ത്രിപുരയിലെ ബിജെപി വിജയത്തിന്റെ പ്രതിഫലനമാണ് ഉണ്ടാവുകയെന്ന് ബിപ്ലബ് കുമാര്‍ ദേബ് പ്രതികരിച്ചിരുന്നു. മണിക് സര്‍ക്കാരിന്റെ കാലത്തെ ഭരണത്തിലേക്കാണ് കേരളത്തെ പിണറായി കൊണ്ടുപോകുന്നത്. നാടിന്റെ വികസനമല്ല പാര്‍ട്ടിയുടെ വികസനമാണ്സിപിഎം ലക്ഷ്യമിടുന്നതെന്നും ത്രിപുരയിലും പാര്‍ട്ടി ഇതാണ് ചെയ്തിരുന്നതെന്നുംബിപ്ലബ് കുമാര്‍ പറഞ്ഞു

പിണറായി സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ പതിവായിരിക്കുകയാണ്. ത്രിപുരയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി രാഷ്ട്രീയ കൊലപാതകം നടന്നതെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു. കേരളത്തിലും ബിജെപി അധികാരത്തിലെത്തുന്ന കാലം വിദൂരമല്ല.  കൊച്ചിയിലെത്തിയ ബിപ്ലവ് വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com