കുമ്മനം രാജശേഖരന്‍ ഇനി മിസോറം ഗവര്‍ണര്‍ 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം  ഗവര്‍ണറാക്കി നിയമിച്ചു
കുമ്മനം രാജശേഖരന്‍ ഇനി മിസോറം ഗവര്‍ണര്‍ 

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കി നിയമിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഉത്തരവിറക്കിയത്. നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ്മ ഈമാസം 28ന് കാലാവധി പൂര്‍ത്തിയാക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രത്യക നിര്‍ദേശപ്രകാരമാണ് കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചത്. ഒഡിഷയുടെ പുതിയ ഗവര്‍ണറായി പ്രഫ. ഗണേഷി ലാലിനെയും നിയോഗിച്ചതായി രാഷ്ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

2015ല്‍ വി.മുരളീധരന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് കുമ്മനം സ്ഥാനമേറ്റെടുത്തത്. ബിജെപിക്ക് പുതിയ മുഖം നല്‍കി സംസ്ഥാനത്ത് നേട്ടമുണ്ടാക്കുക എന്ന് ലക്ഷ്യത്തോടെയാണ് കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ട് കുമ്മനത്തെ സംസ്ഥാന പ്രസിഡന്റ് ആക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച തരത്തില്‍ സംഘടന വളര്‍ച്ചയുണ്ടാക്കാന്‍ കുമ്മനത്തിന് സാധിച്ചില്ല. ബിജെപിയിലെ ഗ്രൂപ്പു പോരുകള്‍ മറനീക്കി പുറത്തുവന്നതിന് പിന്നാലെയാണ് കുമ്മനത്തെ ഗവര്‍ണറാക്കി നിയമിച്ചത്. കേന്ദ്രമന്ത്രിസ്ഥാനത്തേക്കും രാജ്യസഭ എംപി സ്ഥാനത്തേക്കും  കുമ്മനത്തിന്റെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനെ രാജ്യസഭ എംപിയാക്കിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് സംസ്ഥാനത്ത് നേതൃമാറ്റം നടത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. അതിന്റെ ഭാഗമായാണ് കുമ്മനത്തിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഗവര്‍ണര്‍ സ്ഥാനം. 

എഴുപതുകളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിട്ടാണ് കുമ്മനം രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. സര്‍ക്കാര്‍ ജോലി രാജിവച്ചാണ് മുഴുനീള സംഘപരിവാര്‍ പ്രവര്‍ത്തകനായി കുമ്മനം മാറിയത്. വിശ്വഹിന്ദു പരിഷത്തിലും ക്ഷേത്ര സംരക്ഷണ സമിതിയിലും പ്രവര്‍ത്തിച്ച ശേഷമാണ് ബിജെപിയിലേക്കുള്ള  കടന്നുവരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com