പൊരിവെയിലത്ത് മുത്തുക്കുടയും വാദ്യമേളവുമായി നാട്ടുകാര്‍ കാത്തുനിന്നു; കാര്‍ നിര്‍ത്താതെ മന്ത്രി പാഞ്ഞു

മന്ത്രി ഈ. ചന്ദ്രശേഖരനാണ് സ്വീകരണം ഏറ്റുവാങ്ങാത്തതിന് നാട്ടുകാരുടെ കോപത്തിന് ഇരയാകേണ്ടിവന്നത്
പൊരിവെയിലത്ത് മുത്തുക്കുടയും വാദ്യമേളവുമായി നാട്ടുകാര്‍ കാത്തുനിന്നു; കാര്‍ നിര്‍ത്താതെ മന്ത്രി പാഞ്ഞു


കാസര്‍കോട്; നാട്ടിലേക്ക് മന്ത്രിമാരെത്തുമ്പോള്‍ കളറാക്കാന്‍ മുത്തുക്കുടയും വാദ്യമേളങ്ങളും ഒരുക്കി സ്വാഗതം ചെയ്യുക എന്നത് നാട്ടുകാരുടെ സന്തോഷമാണ്. എന്നാല്‍ ഇത് കണ്ടില്ലെന്ന് നടിച്ച് മന്ത്രി പോയാലോ? പിന്നെ നാട്ടുകാരുടെ മട്ടു മാറും. മന്ത്രി ഇ. ചന്ദ്രശേഖരനാണ് സ്വീകരണം ഏറ്റുവാങ്ങാത്തതിന് നാട്ടുകാരുടെ കോപത്തിന് ഇരയാകേണ്ടിവന്നത്. 

കാസര്‍കോട് തൃക്കരിപ്പൂരില്‍ വലിയപറമ്പ് സ്മാര്‍ട് വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. വഴിയില്‍ മന്ത്രിയെ സ്വീകരിക്കാന്‍ മുത്തുക്കുടയും വാദ്യമേളങ്ങളുമായി പൊരിവെയിലത്ത് ആളുകള്‍ മന്ത്രിക്കായി കാത്ത് നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇത് അവഗണിച്ച മന്ത്രി കാര്‍ നിര്‍ത്താതെ നേരെ വേദിയിലേക്കു പോയി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവമുണ്ടാകുന്നത്. ഇതോടെ ക്ഷുഭിതരായ ജനങ്ങള്‍ മുത്തുക്കുടയും ബാന്‍ഡ് സെറ്റുമെല്ലാം വലിച്ചെറിഞ്ഞ് വേദിയുടെ അരികിലേക്ക് പാഞ്ഞെത്തി. ചിലര്‍ മന്ത്രിയെ തടയാനും ശ്രമിക്കുന്നുണ്ടായിരുന്നു. 

സ്വീകരണം ഏറ്റുവാങ്ങാതെ പോയ മന്ത്രി ഉദ്ഘാടനം ചെയ്യേണ്ടെന്നും തിരിച്ചുപോകണമെന്നും സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ വിളിച്ചുപറഞ്ഞു. ജനങ്ങളെ മാനിക്കാത്ത ഇത്തരം ഭരണാധികാരികള്‍ അഹങ്കാരികളാണെന്നും കുറ്റപ്പെടുത്തുകയും ചെയ്തു. അവസാനം നാട്ടുകാര്‍ക്കൊപ്പമിരുന്നു സംസാരിച്ചാണ് അദ്ദേഹം പ്രശ്‌നം പരിഹരിച്ചത്. ചടങ്ങിന്റെ അധ്യക്ഷനായ എം.രാജഗോപാലന്‍ എംഎല്‍എയും കലക്ടറും ഈ സമയത്തു സ്ഥലത്തെത്തിയിരുന്നില്ല. അവരെത്തുന്നതു വരെ നാട്ടുകാര്‍ക്കൊപ്പമായിരുന്നു മന്ത്രി. സ്വീകരണം ഒരുക്കിയത് അറിഞ്ഞില്ലെന്നും മന്ത്രി നാട്ടുകാരോട് പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിലും ക്ഷമാപണം നടത്തി. 

വാദ്യമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ മന്ത്രിമാരെ ആനയിക്കുന്നത് ഇടതുസര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരാണെന്നും ഇത്തരത്തിലുള്ള സ്വീകരണം ഏറ്റവുവാങ്ങുന്നതില്‍ തനിക്ക് അഭിപ്രായമില്ലെന്നുമാണ് ഇ. ചന്ദ്രശേഖരന്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com