ചീഫ് ജസ്റ്റിസിനെതിരെ കെമാല്‍പാഷ; കര്‍ദിനാളിനെതിരായ കേസില്‍ ചീഫ് ജസ്റ്റിസ് മാറി നില്‍ക്കണമായിരുന്നു

കീഴ് വഴക്കങ്ങളുടെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇതിന് ഉത്തരവാദി
ചീഫ് ജസ്റ്റിസിനെതിരെ കെമാല്‍പാഷ; കര്‍ദിനാളിനെതിരായ കേസില്‍ ചീഫ് ജസ്റ്റിസ് മാറി നില്‍ക്കണമായിരുന്നു

കൊച്ചി: ഹൈക്കോടതി നടത്തിപ്പിലെ അതൃപ്തി പരസ്യമായി തുറന്നു പറഞ്ഞ് ജസ്റ്റിസ് കെമാല്‍പാഷ. ജഡ്ജി നിയമനത്തില്‍ അര്‍ഹതയില്ലാത്തവരാണ് പരിഗണിക്കപ്പെടുന്നത്. ആളെ തിരിച്ചറിയാന്‍ ഹൈക്കോടതി ഡയറക്ടറി നോക്കേണ്ട അവസ്ഥയാണെന്നും കെമാല്‍പാഷ പറയുന്നു. 

ഹൈക്കോടതി ജഡ്ജി നിയമനത്തില്‍ സുതാര്യതയില്ല. മാനദണ്ഡങ്ങളില്‍ വ്യക്തതയുമില്ല. അവധിക്കാലത്തിന് മുന്‍പ് ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് അനവസരത്തിലാണ്. കീഴ് വഴക്കങ്ങളുടെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇതിന് ഉത്തരവാദി. ഇതില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന ആരോപണത്തെ തള്ളി കളയാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് കെമാല്‍പാഷ പറയുന്നു. നേരത്തെ കെമാല്‍പാഷയുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് വിവാദമായിരുന്നു.

സഭാ കേസില്‍ മത മേലധ്യക്ഷന് എതിരായിട്ടാണോ പരാതി എന്ന് നോക്കിയിട്ടില്ല. കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത് തന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. കര്‍ദിനാളിനെതിരായ കേസ് കേള്‍ക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസിന് ഒഴിവാകാമായിരുന്നു. തന്നെ കേസില്‍ നിന്നും മാറ്റിയത് ജനങ്ങളില്‍ സംശയമുണ്ടാക്കിയെന്നും കെമാല്‍പാഷ പറയുന്നു.

ലാവ്‌ലിന്‍ കേസ് തന്റെ ബെഞ്ചില്‍ നിന്നും മാറ്റിയത് അസ്വാഭാവികമാണെന്ന് പറയാനാവില്ല. വിരമിക്കല്‍ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ജഡ്ജിമാര്‍ക്കുള്ള മുന്നറിയിപ്പായി തന്നെ കരുതാം. വിരമിച്ചതിന് ശേഷം പദവികള്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കണം. സമാനമായ അഭിപ്രായമുള്ള ജഡ്ജിമാരുണ്ട്. പക്ഷേ എത്രപേര്‍ തുറന്നു പറയാന്‍ തയ്യാറാവും എന്നറിയില്ല.

ജഡ്ജി നിയമനം കുറച്ചു പേര്‍ക്ക് പങ്കിട്ടെടുക്കാവുന്ന കുടുംബസ്വത്തല്ലെന്ന് ജസ്റ്റിസ് കെമാല്‍പാഷ ഹൈക്കോടതിയിലെ യാത്രയയപ്പു ചടങ്ങില്‍ പറഞ്ഞിരുന്നു.ജഡ്ജിപദവി മതവും ജാതിയും ഉപജാതിയും നോക്കി നല്‍കേണ്ട ഒന്നാണെന്നു കരുതുന്നില്ല. നിയമനത്തിനു ശുപാര്‍ശ ചെയ്യപ്പെട്ടതായി മാധ്യമങ്ങളില്‍ നിന്നറിഞ്ഞ പേരുകള്‍ ശരിയാണെങ്കില്‍ താനുള്‍പ്പെടെ പല ജഡ്ജിമാരും ഇവരില്‍ പലരുടെയും മുഖം പോലും കണ്ടിട്ടില്ലെന്നു പറയേണ്ടിവരും. ജുഡീഷ്യറിക്കതു നല്ലതാണോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com