അനുവാദമില്ലാതെ അവയവങ്ങള്‍ എടുത്തുമാറ്റി: ആശുപത്രി ബില്‍ വാങ്ങിയില്ലല്ലോ എന്നേ വീട്ടുകാര്‍ കരുതിയുള്ളു

പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അനുവാദമില്ലാതെ അവയവങ്ങള്‍ എടുത്തുമാറ്റി: ആശുപത്രി ബില്‍ വാങ്ങിയില്ലല്ലോ എന്നേ വീട്ടുകാര്‍ കരുതിയുള്ളു

പാലക്കാട്: സേലത്ത് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ ആന്തരികാവയവങ്ങള്‍ സ്വകാര്യ ആശുപത്രി എടുത്തുമാറ്റിയതായി കുടുംബം. മസ്തിഷ്‌കമരണം സംഭവിച്ച യുവാവിന്റെ ശരീരത്തില്‍നിന്ന് ഹൃദയവും വൃക്കകളും നേത്രപടലവും കരളും ശ്വാസകോശവുമാണ് എടുത്തുമാറ്റിയത്. ഇതിന്റെ വിലയെന്തെന്നറിയാത്ത വീട്ടുകാര്‍ യുവാവിന്റെ ചികിത്സാച്ചെലവ് ആശുപത്രി അധികൃതര്‍ വാങ്ങിയില്ലെന്നത് വലിയ കാര്യമാണെന്നേ അവര്‍ കരുതുന്നുള്ളൂ.

അതേസമയം പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ ക്രൂരവും അധാര്‍മികവുമെന്നാണ് പിണറായി വിശേഷിപ്പിച്ചത്. ഇതേ അപകടത്തില്‍ ഗുരുതരാവസ്ഥയില്‍ഡ കഴിയുന്ന മറ്റ് മൂന്നു പേര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പാലക്കാട് മീനാക്ഷീപുരം നെല്ലിമൂട് സ്വദേശി പേച്ചിമുത്തുവിന്റെ മകന്‍ മണികണ്ഠനാണ്(22) കഴിഞ്ഞ ദിവസം വാഹനാപകടത്തെത്തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ചത്. മൂന്നുദിവസം ഗുരുതരാവസ്ഥയില്‍ കിടന്നശേഷമാണ് മരിച്ചത്. മേയ് 16നാണ് മണികണ്ഠന്‍ തമിഴ്‌നാട്ടിലെ മേല്‍മറവത്തൂരില്‍ ശിങ്കാരിമേളം അവതരിപ്പിക്കാന്‍ പോയത്. 18ന് തിരിച്ചുവരുമ്പോള്‍ സേലം കള്ളക്കുറിശിക്ക് സമീപം സംഘം സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ടു. പരിക്കേറ്റ മണികണ്ഠനെ ആദ്യം ഇവിടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. 

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി 100 കിലോമീറ്റര്‍ അകലെ സേലത്തുള്ള വിനായക മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായിരുന്ന അവന് മസ്തിഷ്‌കമരണം സംഭവിച്ചതായി 20ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് അവയവദാനത്തിന് സമ്മതം ചോദിച്ചുവെങ്കിലും വീട്ടുകാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ മരണം സ്ഥിരീകരിക്കുമെന്ന് അറിയിച്ച ആശുപത്രി അധികൃതര്‍ ആശുപത്രി ചിലവായി ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം രൂപയാണ്. എന്നാല്‍ ബന്ധുക്കളുടെ കയ്യില്‍ പണമില്ലെന്ന് അറിയിച്ചതോടെ ചില കടലാസുകളില്‍ ഒപ്പിടുവിച്ച ശേഷം അവയവങ്ങള്‍ നീക്കം ചെയ്‌തെന്നാണ് പരാതി.

20ന് ഉച്ചയ്ക്കു മൂന്നുമണിക്കാണ് മരണം രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തദിവസം പുലര്‍ച്ചെയാണ് മൃതദേഹം വിട്ടുനല്‍കി. ഇതേ ആശുപത്രിയില്‍ത്തന്നെ രാത്രി പോസ്റ്റുമോര്‍ട്ടം നടത്തിയെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍, റിപ്പോര്‍ട്ട് കൈമാറിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com