നിപ്പാ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മരണസംഖ്യ പതിനാലായി 

 സംസ്ഥാനത്ത് നിപ്പാ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്:  സംസ്ഥാനത്ത് നിപ്പാ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് പാലാഴി സ്വദേശി എബിന്‍ (26)ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായി. 

നേരത്തെ നിപ്പാ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ സംസ്ഥാനത്ത് 175പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു. മരിച്ചവരുമായി ബന്ധമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. വൈറസ് പകര്‍ന്നത് ഒരേകേന്ദ്രത്തില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വിവാദമായതോടെ ഭാഗികമായി പിന്‍വലിച്ചു. റഫറല്‍ കേസുകള്‍ക്ക് നിയന്ത്രണമില്ലെന്ന് കോളേജ് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു.

നിപ്പാ വൈറസ് ബാധ പകരുന്നത് ഒഴിവാക്കാനായി രോഗികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തീരുമാനിച്ചിരുന്നു. അത്യാഹിത വിഭാഗത്തില്‍ മാത്രം രോഗികള്‍ക്ക് പ്രവേശനം നല്‍കാനും നിലവില്‍ ചികില്‍സയില്‍ തുടരുന്നവരെ ഡിസ്ചാര്‍ജ് ചെയ്യാനുമായിരുന്നു പ്രിന്‍സിപ്പലിന്റെ ഉത്തരവ്. കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ പ്രസവ കേസുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. നടപടി വിവാദമായതോടെ മണിക്കൂറുകള്‍ക്കകം ആരോഗ്യവകുപ്പ് വിലക്ക് മയപ്പെടുത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com