പ്രണയവിവാഹത്തിന് പിന്നാലെ വീടാക്രമിച്ച് നവവരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി; പൊലീസ് നടപടിയെടുത്തില്ലെന്ന് ഭാര്യ

പ്രണയ വിവാഹം ചെയ്ത യുവാവിനെ ആയുധങ്ങളുമായെത്തിയ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയെന്നു പരാതി -
പ്രണയവിവാഹത്തിന് പിന്നാലെ വീടാക്രമിച്ച് നവവരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി; പൊലീസ് നടപടിയെടുത്തില്ലെന്ന് ഭാര്യ

കോട്ടയം: പ്രണയ വിവാഹം ചെയ്ത യുവാവിനെ ആയുധങ്ങളുമായെത്തിയ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയെന്നു പരാതി. ഭാര്യയും വരന്റെ സുഹൃത്തും ബന്ധുക്കളും സംഭവം  പൊലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും വീട്ടുകാര്‍ പറയുന്നു. ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവതിയുടെ പ്രതിഷേധം പൊലീസ് സ്റ്റേഷനില്‍ തുടരുന്നു ഇപ്പോഴും ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ തുടരുകയാണ്.

അതിനിടെ, നവവരനൊപ്പം തട്ടിക്കൊണ്ടു പോകപ്പെട്ട യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം ഗുണ്ടാസംഘം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇയാള്‍ തിരികെയെത്തി വാഹനത്തിന്റെ നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടും നടപടികളൊന്നുമുണ്ടായില്ലെന്നും ഭാര്യ പറയുന്നു

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂര്‍ റജിസ്‌ട്രേഷന്‍ ഓഫിസില്‍ കെവിന്‍ (23) എന്ന യുവാവും പെണ്‍കുട്ടിയും വിവാഹിതരായത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം രാത്രി ഗുണ്ടാസംഘമെത്തി വീട് അടിച്ചു തകര്‍ത്ത ശേഷം കെവിനെയും ബന്ധു മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെയും (30) തട്ടിക്കൊണ്ടു പോവുകയായിരുന്നു.

കൊല്ലം തെന്മല സ്വദേശിനിയായ പെണ്‍കുട്ടിയെ കെവിന്‍ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ വിരോധത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും അവര്‍ക്കൊപ്പം എത്തിയവരുമാണ് വീട് കയറി ആക്രമിച്ച ശേഷം ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  അക്രമി സംഘവുമായി പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കെവിന്‍ പത്തനാപുരത്തുവച്ചു കാറില്‍നിന്നു ചാടി രക്ഷപ്പെട്ടുവെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവരെ കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

എന്നാല്‍ തന്റെ ഭര്‍ത്താവിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ചു പെണ്‍കുട്ടി പൊലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്നു പ്രതിഷേധം തുടരുകയാണ്. കെവിനെ പുനലൂരിലേക്കാണു തട്ടിക്കൊണ്ടു പോയതെന്ന് അനീഷ് പറഞ്ഞു. തെന്മലയിലെത്തിയപ്പോള്‍ ഛര്‍ദിക്കണമെന്നു പറഞ്ഞപ്പോഴാണു തന്നെ ഇറക്കിവിട്ടത്. പിന്നീട് രണ്ടു വാഹനങ്ങളില്‍ നിന്നുമുള്ളവര്‍ തുടരെ മര്‍ദിച്ചു. പെണ്‍കുട്ടിയെ തിരികെ എത്തിച്ചു തന്നാല്‍ വിട്ടയയ്ക്കാമെന്നു പറഞ്ഞു. അതിനു സഹായിക്കാമെന്നു പറഞ്ഞപ്പോഴായിരുന്നു മര്‍ദനം നിര്‍ത്തി തിരികെയെത്തിച്ചത്.

മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനീഷിന്റെ മുഖത്താണു പരുക്കേറ്റത്. തിരുവനന്തപുരം റജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറിലാണു തട്ടിക്കൊണ്ടു പോയതെന്നത് ഉള്‍പ്പെടെ വിവരം നല്‍കിയിട്ടും പൊലീസ് യാതൊന്നും ചെയ്തില്ല. കെവിന്‍ മറ്റൊരു വണ്ടിയില്‍ നിന്നു ചാടിപ്പോയെന്നാണ് അനീഷിനോടു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞത്. അതിക്രമത്തിനു പിന്നില്‍ തന്റെ സഹോദരനാണെന്നും പെണ്‍കുട്ടി പരാതിപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com