കെവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍; മൃതദേഹത്തില്‍ ക്രൂരമായ മര്‍ദനത്തിന്റെ പാടുകള്‍

കെവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍; മൃതദേഹത്തില്‍ ക്രൂരമായ മര്‍ദനത്തിന്റെ പാടുകള്‍
കെവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍; മൃതദേഹത്തില്‍ ക്രൂരമായ മര്‍ദനത്തിന്റെ പാടുകള്‍

കൊല്ലം: പ്രണയ വിവാഹം ചെയ്തതിന് ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ മൃതദേഹത്തില്‍ ക്രൂരമായ മര്‍ദനമേറ്റതിന്റെ പരുക്കുകള്‍. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലാണ്, കെവിന്റെ മൃതദേഹം പുനലൂരിനു സമീപം ചാലിയേക്കരയിലെ തോട്ടില്‍നിന്നു കണ്ടെടുത്തത്. 

ഞായറാഴ്ച പുലര്‍ച്ചെ മാന്നാനത്തെ അമ്മാവന്റെ വീട്ടില്‍നിന്നാണ് കാറുകളില്‍ എത്തിയ സംഘം കെവിനെ തട്ടിക്കൊണ്ടുപോയത്. കെവിന്റെ അമ്മാവന്റെ മകന്‍ അനീഷിനെയും സംഘം കാറില്‍ കയറ്റി കൊണ്ടുപോയിരുന്നു. ക്രൂരമായി മര്‍ദനമേറ്റ അനീഷിനെ ഇടയ്ക്കു വച്ച് ഉപേക്ഷിച്ചു. വാഹനത്തില്‍ വച്ച് കടുത്ത മര്‍ദനം ഏല്‍ക്കേണ്ടിവന്നതായി അനീഷ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതു ശരിവയ്ക്കുന്ന വിധമാണ്, തിങ്കളാഴ്ച രാവിലെ പുനലൂരിനു സമീപത്തുനിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. 

ശക്തമായി ഇടിച്ചതിന്റെയും തറയിലൂടെ വലിച്ചഴച്ചതിന്റെയും പാടുകള്‍ മൃതദേഹത്തിലുണ്ട്. കണ്ണുകളില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഏതാണ്ട് ചൂഴ്‌ന്നെടുത്ത നിലയിലാണ് കണ്ണുകള്‍. കെവിനെ സംഘം മര്‍ദിച്ച് അവശനാക്കി ഉപേക്ഷിച്ചതാണോ, കൊലപ്പെടുത്തി തോട്ടിലെറിഞ്ഞതാണോ, അതോ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ തോട്ടില്‍ വീണു മരിച്ചതണോ എന്നീ സാധ്യതകളാണ് പൊലീസ് അന്വേഷിക്കുന്നത്. കൊലപാതകമാണെന്ന പ്രാഥമിക സൂചനകളാണ് ലഭിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൃതദേഹം കണ്ടെത്തിയ തോട്ട് റോഡില്‍നിന്നു കുറച്ചു മാറിയാണുള്ളത്. യാദൃച്ഛികമായി ഇതില്‍ വീഴാനുള്ള സാധ്യത കുറവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ പ്രദേശത്ത് ഒരാള്‍ക്കു മുങ്ങിമരിക്കാനുള്ള വെള്ളമില്ലെന്നും അവര്‍ പറയുന്നു.

വണ്ടിയില്‍നിന്ന് കെവിന്‍ ചാടി രക്ഷപെട്ടതായാണ് അക്രമി സംഘത്തില്‍പെട്ടവര്‍ കഴിഞ്ഞ ദിവസം പൊലീസിനോടു പറഞ്ഞത്. ഈ മേഖലയ്ക്ക് അടുത്ത വച്ച് കെവിന്‍ രക്ഷപെട്ടെന്നാണ് പറഞ്ഞിരുന്നത്. അങ്ങനെ രക്ഷപെട്ട് ഓടുന്നതിനിടയില്‍ തോട്ടില്‍ വീണതാണോയെന്ന് കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാവൂ. കെവിന് നീന്തല്‍ അറിയില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

വാഹനത്തില്‍ വച്ച് അടിച്ച് അവശനാക്കി തോട്ടില്‍ ഉപേക്ഷിച്ചതാണോ, കൊലപ്പെടുത്തിയതിനു ശേഷം തോട്ടില്‍ കൊണ്ടിട്ടതാണോ എന്നീ കാര്യങ്ങളും കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാവൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com