''നീനു എവിടെ?'' പുലര്‍ച്ചെ അക്രമി സംഘം വന്നത് യുവതിയെത്തിരഞ്ഞ്; കെവിനെ കൊണ്ടുപോയത് നീനുവിനു പകരമെന്ന് ബന്ധുവിന്റെ മൊഴി

''നീനു എവിടെ?'' പുലര്‍ച്ചെ അക്രമി സംഘം വന്നത് യുവതിയെത്തിരഞ്ഞ്; കെവിനെ കൊണ്ടുപോയത് നീനുവിനു പകരമെന്ന് ബന്ധുവിന്റെ മൊഴി
''നീനു എവിടെ?'' പുലര്‍ച്ചെ അക്രമി സംഘം വന്നത് യുവതിയെത്തിരഞ്ഞ്; കെവിനെ കൊണ്ടുപോയത് നീനുവിനു പകരമെന്ന് ബന്ധുവിന്റെ മൊഴി

കോട്ടയം: പ്രണയ വിവാഹം ചെയ്തതിന് രാത്രി വീട്ടില്‍ കയറി നവവരനെ തട്ടിക്കൊണ്ടുപോയവര്‍ അന്വേഷിച്ചുവന്നത് യുവതിയെ. നീനു എവിടെ എന്നു ചോദിച്ചാണ് അക്രമികള്‍ വീട്ടിലെത്തിയതെന്നും പെണ്‍കുട്ടി ഇല്ലെന്നു കണ്ടാണ് കെവിനെ തട്ടിക്കൊണ്ടുപോയതെന്നും ബന്ധുവിന്റെ മൊഴി. നീനുവിനെ കിട്ടുമ്പോള്‍ ഇവനെ വിട്ടയ്ക്കാം എന്നു പറഞ്ഞാണ് കെവിനെ സംഘം കൊണ്ടുപോയതെന്ന് ബന്ധു അനീഷ് പറയുന്നു.

ഞായറാഴ്ച പുലര്‍ച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ മര്‍ദിച്ച് അവശനാക്കിയശേഷം വഴിയില്‍ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു. നീുവിനെ അന്വേഷിച്ചാണ് സംഘം എത്തിയതെന്ന്, തിരിച്ചെത്തിയ അനീഷ് അറിയിക്കുകയായിരുന്നു. ഇതോടെ ദുരഭിമാനക്കൊലയായിരുന്നോ സംഘത്തിന്റെ ലക്ഷ്യമെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. 

നീനുവും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. കെവിന്‍ ഇലക്ട്രീഷ്യനാണ്. നീനുവിന്റെ വീട്ടുകാര്‍ സാമ്പത്തികമായി നല്ല സ്ഥിതിയില്‍ ഉള്ളവരും. മറ്റൊരു വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോരുകയായിരുന്നു. 

തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് വീട്ടുകാര്‍ ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പൊലീസിന്റെ നിര്‍ദേശപ്രകാരം നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണു താല്‍പര്യമെന്ന് അറിയിച്ചു. പിന്നീടും ഇരുവര്‍ക്കുമെതിരെ നിരന്തരമായ ഭീഷണിയുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

ഭീഷണി തുടര്‍ന്നതിനാല്‍ നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു കെവിന്‍ രഹസ്യമായി മാറ്റുകയായിരുന്നു. കെവിന്‍ മാന്നാനത്തെ അമ്മാവന്റെ വീട്ടിലേക്കും മാറി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മൂന്നു കാറുകളിലായി 10 പേരടങ്ങിയ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് അനീഷ് പറയുന്നത്. വീട്ടിലെ സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തശേഷം കാറില്‍ കയറ്റി കൊണ്ടുപോയി. 

സമീപമുള്ള വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും ഗുണ്ടാസംഘം ആയുധങ്ങളുമായി ഭീഷണി മുഴക്കിയതിനാല്‍ പുറത്തിറങ്ങിയില്ല. ഇവരാണു മറ്റു നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. പൊലീസ് ഫോണില്‍ ബന്ധപ്പെട്ടതോടെ അനീഷിനെ പത്തനാപുരത്തുനിന്നു തിരികെ സംക്രാന്തിയിലെത്തി റോഡില്‍ ഇറക്കിവിട്ടു. സാരമായി പരുക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കാഴ്ച വൈകല്യമുമുള്ള അനീഷിന്റെ കണ്ണിനു ഗുണ്ടാസംഘത്തിന്റെ മര്‍ദനത്തില്‍ വീണ്ടും പരുക്കേറ്റിട്ടുണ്ട്.

മകളെ കാണാനില്ലെന്നു പിതാവ് ചാക്കോ ഇന്നലെ വൈകിട്ടു പരാതി നല്‍കിയതോടെ നീനുവിനെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി. കെവിനൊപ്പം പോകണമെന്നു നീനു ബോധിപ്പിച്ചതിനാല്‍ കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com