പൊലീസ് കുറ്റവാളികള്‍ക്കും സദാചാര ഗുണ്ടകള്‍ക്കും ഒപ്പം ചേരുന്നു; മുഖ്യമന്ത്രി ഇത് അവസാനിപ്പിക്കണമെന്ന് എഐവൈഎഫ് 

പ്രണയിച്ച് വിവാഹം നടത്തുന്നവരെ ജാതിയുടെയും മതത്തിന്റെറയും പേരില്‍ ക്രൂരമായി വേട്ടയാടുന്ന സംഭവം കേരളത്തില്‍ വ്യാപകമാവുകയാണ്
പൊലീസ് കുറ്റവാളികള്‍ക്കും സദാചാര ഗുണ്ടകള്‍ക്കും ഒപ്പം ചേരുന്നു; മുഖ്യമന്ത്രി ഇത് അവസാനിപ്പിക്കണമെന്ന് എഐവൈഎഫ് 

തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ചന്റെ പേരില്‍ കോട്ടയത്ത് കെവിന്‍ ജോസഫ് എന്ന യുവാവിനെ അര്‍ദ്ധരാത്രി വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം നമ്മുടെ നാടിന് അപമാനകരമാണെന്ന് എഐവൈഎഫ്. ഇതിനെ കുറിച്ച് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആര്‍.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഗുരുതരമായ വീഴ്ചയാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. തെറ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. 


രണ്ട് വ്യക്തികള്‍ തമ്മില്‍ ഒന്നിച്ച് ജീവിക്കാന്‍ തയ്യാറാവുന്ന ഘട്ടത്തില്‍ അതില്‍ ഇടപെടുകയും അവരുടെ ജീവനു തന്നെ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നവര്‍ക്കും സദാചാര ഗുണ്ടകള്‍ക്കും പിന്തുണ കൊടുക്കുന്ന സമീപനമാണ് പലപ്പോഴും പൊലീസ് സ്വീകരിക്കുന്നത്. നിയമപരമായ സംരക്ഷണം ആവശ്യമുള്ളവര്‍ക്ക് അത് ഉറപ്പുവരുത്തേണ്ട പൊലീസ് ഏതെങ്കിലും സമ്മര്‍ദത്തിന് വഴങ്ങി കുറ്റവാളികള്‍ക്കൊപ്പം ചേരുന്ന സാഹചര്യം നാണക്കേടാണ്.ഇത് അവസാനിപ്പിച്ചേ പറ്റൂ. ജനസൗഹൃദ പൊലീസ് നയം പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് ഭരണത്തില്‍ പൊലീസ് നടത്തുന്ന ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി കര്‍ശന നടപടി എടുക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. 

പ്രണയിച്ച് വിവാഹം നടത്തുന്നവരെ ജാതിയുടെയും മതത്തിന്റെറയും പേരില്‍ ക്രൂരമായി വേട്ടയാടുന്ന സംഭവം കേരളത്തില്‍ വ്യാപകമാവുകയാണ്. ഇത് നവോത്ഥാന കേരളം പൊരുതി നേടിയ നന്മയെ ഇല്ലാതാക്കലാണ്. വര്‍ഗ്ഗീയ ശക്തികള്‍ ഇത് മുതലെടുക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരം  സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ മത സാമുദായിക നേതൃത്വം കാണിക്കുന്ന നിശബ്ദത  ഒഴിവാക്കി കുറ്റവാളികളെ തള്ളിപ്പറയാന്‍ ആര്‍ജ്ജവം കാണിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com