വരനെ തട്ടിക്കൊണ്ടുപോയി എന്ന പരാതി അവഗണിച്ച എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

പ്രണയ വിവാഹത്തിന് പിന്നാലെ നവവരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍
വരനെ തട്ടിക്കൊണ്ടുപോയി എന്ന പരാതി അവഗണിച്ച എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: പ്രണയ വിവാഹത്തിന് പിന്നാലെ നവവരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി എന്ന ഭാര്യ നീനുവിന്റെ പരാതി അവഗണിച്ചതിന് ഗാന്ധിനഗര്‍ എസ്‌ഐ എം എസ് ഷിബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സമാനകാരണം ചൂണ്ടിക്കാട്ടി എഎസ്‌ഐയേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.  ഇതിനിടെ പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചതായി വ്യാപക ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐജിക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.സംഭവത്തില്‍ മേലുദ്യോഗസ്ഥര്‍ക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു.

ഞായറാഴ്ച രാവിലെ വീടാക്രമിച്ച് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ കോട്ടയം മാന്നാനം സ്വദേശിയായ കെവിനെ തിങ്കളാഴ്ച രാവിലെ
മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുനലൂരിനു സമീപം ചാലിയക്കര തോട്ടിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പ്രണയ വിവാഹം ചെയ്തതിന് വധുവിന്റെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ടുപോയെന്നാണ് പൊലീസ് കരുതുന്നു. തട്ടിക്കൊണ്ടുപോയെന്നു സംശയിക്കുന്ന കാര്‍ പൊലീസ് കണ്ടെടുത്തിരുന്നു. ഇതു വധുവിന്റെ ബന്ധുവിന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഭാര്യയും വരന്റെ സുഹൃത്തും ബന്ധുക്കളും പൊലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നു വീട്ടുകാര്‍ ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. അതിക്രമത്തിനു പിന്നില്‍ തന്റെ സഹോദരനാണെന്നും പെണ്‍കുട്ടി പരാതിപ്പെട്ടിട്ടുണ്ട്.

നവവരനൊപ്പം തട്ടിക്കൊണ്ടു പോകപ്പെട്ട യുവാവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം ഗുണ്ടാസംഘം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇയാള്‍ തിരികെയെത്തി വാഹനത്തിന്റെ നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടും നടപടികളൊന്നുമുണ്ടായില്ലെന്നും ഭാര്യ പറയുന്നു

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂര്‍ റജിസ്‌ട്രേഷന്‍ ഓഫിസില്‍ കെവിന്‍ (23) എന്ന യുവാവും പെണ്‍കുട്ടിയും വിവാഹിതരായത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം രാത്രി ഗുണ്ടാസംഘമെത്തി വീട് അടിച്ചു തകര്‍ത്ത ശേഷം കെവിനെയും ബന്ധു മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെയും (30) തട്ടിക്കൊണ്ടു പോവുകയായിരുന്നു.

കൊല്ലം തെന്മല സ്വദേശിനിയായ പെണ്‍കുട്ടിയെ കെവിന്‍ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ വിരോധത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും അവര്‍ക്കൊപ്പം എത്തിയവരുമാണ് വീട് കയറി ആക്രമിച്ച ശേഷം ഇരുവരെയും തട്ടിക്കൊണ്ടുപോയെന്നുമാണ് പൊലീസ് നിഗമനം. അക്രമി സംഘവുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കെവിന്‍ പത്തനാപുരത്തുവച്ചു കാറില്‍നിന്നു ചാടി രക്ഷപ്പെട്ടുവെന്ന് പറഞ്ഞെന്നാണ് പൊലീസ് ഭാഷ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com