'ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം'; ട്രോളുമായി എം എം മണി 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിനെ പരോക്ഷമായി പരിഹസിച്ച് മന്ത്രി എം എം മണി
'ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം'; ട്രോളുമായി എം എം മണി 

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിനെ പരോക്ഷമായി പരിഹസിച്ച് മന്ത്രി എം എം മണി. 'ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം' എന്ന ഒറ്റവരി ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് കോണ്‍ഗ്രസിനെ മണി വിമര്‍ശിച്ചത്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തിനാണ് സജി ചെറിയാന്‍ വിജയിച്ചത്. 

എല്‍ഡിഎഫ് വിജയത്തിലുളള പ്രതികരണമായി തുടര്‍ച്ചയായി നടത്തിയ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ ചാനല്‍ അവതാരകരെയും മണി വിമര്‍ശിച്ചു.ജനാധിപത്യത്തിലെ അന്തിമ വിധികര്‍ത്താക്കള്‍ ജനങ്ങളാണെന്ന് കോട്ടിട്ട മാധ്യമ തമ്പുരാക്കന്‍മാര്‍ ഇനിയെങ്കിലും മനസ്സിലാക്കുന്നത് നല്ലതാണെന്ന് മണി പറഞ്ഞു. ചാനലുകളിലിരുന്നു കോട്ടിട്ട് വിധികല്‍പ്പിക്കുന്നവരല്ല, ജനങ്ങളാണ് യഥാര്‍ത്ഥ വിധി കര്‍ത്താക്കളെന്ന് തെരഞ്ഞെടുപ്പ് ഫലത്തോടെ തെളിഞ്ഞിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ നീറിപുകയുന്ന വിഷയത്തില്‍ വീണ്ടും മറുപടി പറയുകയായിരുന്നു പിണറായി വിജയന്‍. ഇതിന്റെ തുടര്‍ച്ചയായാണ് എം എം മണിയും ഈ വിഷയത്തില്‍ പ്രതികരിച്ചത്.

വര്‍ഗീയവാദികളോടും കപട മതേതരവാദികളോടും 'കടക്ക് പുറത്ത്' എന്ന് പറഞ്ഞ ചെങ്ങന്നൂര്‍ ജനതയ്ക്ക് അഭിവാദ്യങ്ങള്‍ നേരുന്നതായും മണി പോസ്റ്റില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com