കെവിന്‍ വധം: നീനുവിന്റെ അമ്മയെ തിരഞ്ഞ് പൊലീസ് സംഘം തമിഴ്‌നാട്ടിലേക്ക്; ഇനി പിടിയിലാകാനുള്ളത് അഞ്ച് പ്രതികള്‍

നീനുവിന്റെ പിതാവ് ചാക്കോ പ്രതിയാണെന്ന് പൊലീസ് നേരത്തെ ഉറപ്പിച്ചെങ്കിലും രഹ്നയുടെ പങ്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കെവിന്‍ വധം: നീനുവിന്റെ അമ്മയെ തിരഞ്ഞ് പൊലീസ് സംഘം തമിഴ്‌നാട്ടിലേക്ക്; ഇനി പിടിയിലാകാനുള്ളത് അഞ്ച് പ്രതികള്‍

കോട്ടയം: കെവിന്‍ വധക്കേസില്‍ നീനുവിന്റെ അമ്മ രഹ്നയ്ക്ക് വേണ്ടി അന്വേഷണ സംഘം തമിഴ്‌നാട്ടില്‍. ഇവര്‍ ഒളിവിലാണ്. രഹ്നയുടെ ബന്ധുക്കള്‍ തെങ്കാശിയിലും തിരുനെല്‍വേലിയിലും കടയനല്ലൂരിലുമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചത്. നീനുവിന്റെ പിതാവ് ചാക്കോ പ്രതിയാണെന്ന് പൊലീസ് നേരത്തെ ഉറപ്പിച്ചെങ്കിലും രഹ്നയുടെ പങ്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

രഹ്നയെ അന്വേഷിച്ച് പത്തനാപുരത്തെ സഹോദരിയുടെ വീട്ടിലും പൊലീസ് എത്തിയിരുന്നു. തെന്മല ഒറ്റക്കല്ലിലെ വീട്ടില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് ചാക്കോയെയും രഹ്നയെയും നാട്ടുകാര്‍ ഒടുവില്‍ കണ്ടത്. കെവിനെ തട്ടിക്കൊണ്ടുപോയ അക്രമി സംഘത്തിലെ അഞ്ച് പേര്‍ ഇനിയും പിടിയിലായിട്ടില്ല. ഇവര്‍ക്ക് വേണ്ടിയും പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.  

കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് പൊലീസുകാരും നീനുവിന്റെ അച്ഛനും അമ്മയും സഹോദരനും അടക്കം 16 പേരാണ് പ്രതികള്‍. ഇതില്‍ പൊലീസുകാരടക്കം 11 പേരാണ് ഇതുവരെ പിടിയിലായിരിക്കുന്നത്. മുഖ്യപ്രതികളായ ഷാനു ചാക്കോ, ചാക്കോ എന്നിവരും കൂട്ടുപ്രതികളായ ഷെഫിന്‍, നിഷാദ്, ടിറ്റോ ജെറോം, നിഷാന്‍, നിയാസ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. 

ഇവരെ കൂടാതെ അക്രമി സംഘത്തിന് സഹായം ചെയ്ത ഗാന്ധിനഗര്‍ എഎസ്‌ഐ ബിജു, പൊലീസ് ഡ്രൈവര്‍ അജയകുമാര്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. അതേസമയം കെവിന്റെ പിതാവിന്റെയും ഭാര്യ നീനുവിന്റെയും പരാതി സ്വീകരിക്കാതെ പ്രതികള്‍ക്ക് സഹായം ചെയ്ത എസ്‌ഐ ഷിബുവിനെ സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തത്. കോട്ടയം എസ്പിയായിരുന്ന മുഹമ്മദ് റിയാസിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com