ചാനലുകളിലെ കോട്ടിട്ടവരല്ല,ജനങ്ങളാണ് ആത്യന്തിക വിധിക കര്‍ത്താക്കള്‍; ഇത് പുച്ഛിച്ചവര്‍ക്കുള്ള മറുപടി:പിണറായി വിജയന്‍

ചെങ്ങന്നൂരില്‍ ഇടുപക്ഷ സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ വലിയ ഭൂരിപക്ഷത്തിലുള്ള വിജയം സര്‍ക്കാരിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ചാനലുകളിലെ കോട്ടിട്ടവരല്ല,ജനങ്ങളാണ് ആത്യന്തിക വിധിക കര്‍ത്താക്കള്‍; ഇത് പുച്ഛിച്ചവര്‍ക്കുള്ള മറുപടി:പിണറായി വിജയന്‍

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ ഇടുപക്ഷ സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ വലിയ ഭൂരിപക്ഷത്തിലുള്ള വിജയം സര്‍ക്കാരിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാനലുകളിലിരുന്നു കോട്ടിട്ട് വിധികല്‍പ്പിക്കുന്നവരല്ല  ജനങ്ങളാണ് ആത്യന്തിക വിധി കര്‍ത്താക്കളെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്നും പിണറായി പറഞ്ഞു. വിവാദങ്ങളില്‍ ശ്രദ്ധിക്കാതെ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ പരിശ്രമിക്കുന്ന സര്‍ക്കാരിന് മുന്നോട്ടുപോകാനുള്ള ഊര്‍ജമാണ് തെരഞ്ഞെടുപ്പ് വിജയം. 

സര്‍ക്കാരിന്റെ നയപരിപാടികള്‍ക്ക് അതി ഗംഭീരമായ പിന്തുണയാണ് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. അതിശക്തമായ അസത്യ പ്രചാരണങ്ങള്‍ക്കിടയിലും സത്യത്തെ തുറന്നുകാണാനുള്ള ജനങ്ങളുടെ കഴിവിനെ വിനയപൂര്‍വം അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവിഭാഗത്തില്‍ നിന്നുള്ള ജനങ്ങളുടെയും പിന്തുണ ഇടതു മുന്നണിക്കും സര്‍ക്കാരിനും ഏറി വരുകയാണ് എന്നതിന് തെളിവാണ് സജി ചെറിയാന്‍ നേടിയ വിജയം. രാഷ്ട്രീയ വേര്‍തിരിവിന് അപ്പുറം വികസന ചിന്തകള്‍ ജനങ്ങളെ ഒരുമിപ്പിച്ചു. ജാതി-മത കണ്ണികളില്‍ ജനങ്ങളെ വേര്‍തിരിച്ചു നിര്‍ത്തി വിലപേശുന്നതിന് ഇക്കാലത്ത് പ്രസക്തിയില്ലെന്ന് ചെങ്ങന്നൂര്‍ തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നന്‍മയുടെ, വികസനത്തിന്റെ കൂടെ നില്‍ക്കാന്‍ ജനങ്ങള്‍ക്ക് ജാതിയും മതവും തടസമല്ലെന്ന പുതിയ സംസ്‌കാരം കേരളത്തില്‍ ഉയര്‍ന്നുവന്നു. ഇടത് രാഷ്ട്രീയ സംസ്‌കാരം മാത്രമാണ് നാടിന്റെ വികനസത്തിനും സമാധാനത്തിലും ഉപകരിക്കുന്നതെന്ന്് ജനങ്ങള്‍ മനസ്സിലാക്കി. വിജയം ജനങ്ങള്‍ക്കിടയില്‍ എല്‍ഡിഎഫിനുള്ള വ്യാപ്തിയും ശക്തിയും തെളിയിക്കുന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് കൂടെയില്ലാതിരുന്ന വലിയൊരു വിഭാഗം ജനങ്ങള്‍  എല്‍ഡിഎഫിനെ സ്വീകരിക്കുകയും പിന്തുണക്കുകയും ചെയ്തു. പുതിയതായി അണിനിരന്ന ജനങ്ങളെ പ്രത്യേകതം അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഫാസിസിറ്റ് അജണ്ടയുമായി പ്രവര്‍ത്തിക്കുന്ന ബിജെപിയെ ഒരിക്കലും കേരളം അംഗീകരിക്കില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. നാടിന്റെ നന്‍മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് തകരുകയാണ് എന്ന് ഈ തെരഞ്ഞെടുപ്പിലൂടെ സ്ഥിരീകരിക്കപ്പെട്ടു. അടിസ്ഥാന രഹിതമായ അപവാദ പ്രചരണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ജനവിധി. ന്യൂസ് അവറില്‍ കോട്ടുമിട്ട് വിധി പ്രസ്താവിക്കുന്ന ആങ്കര്‍ പേഴ്‌സണല്ല മറിച്ച് ജനങ്ങളാണ് ആത്യന്തിക വിധി കര്‍ത്താക്കളെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, അന്ന് ചിലര്‍ എന്ന പുച്ഛിച്ചു, അവര്‍ക്കുള്ള മറുപടിയാണ് ജനം നല്‍കിയത്. 

ചില ദൃശ്യമാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കുള്ള മറുപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തില്‍പ്പോലും യുഡിഎഫിന് കാലുറപ്പിക്കാന്‍ കഴിഞ്ഞില്ല. രമേശ് ചെന്നിത്തലയുടെ വീടുള്ള ബൂത്തില്‍ 450 വോട്ടാണ് എല്‍ഡിഎഫിന് കിട്ടിയത്, യുഡിഎഫിന് 280ഉം. സ്വന്തം നാട്ടുകാര്‍ വിശ്വസിക്കാത്തതും അംഗീകരിക്കാത്തതുമായ അസത്യങ്ങള്‍ ജനങ്ങളോട് പറയരുതെന്നാണ് ഇത് തെളിയിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com