ചെങ്ങന്നൂരില്‍ ചെങ്കൊടി; സജി ചെറിയാന്റെ ലീഡ് 11000 കടന്നു

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ലീഡ് 11000 കടന്നു
ചെങ്ങന്നൂരില്‍ ചെങ്കൊടി; സജി ചെറിയാന്റെ ലീഡ് 11000 കടന്നു

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ലീഡ് 11000 കടന്നു. 2016ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രാമചന്ദ്രന്‍ നായരുടെ ഭൂരിപക്ഷം മറികടന്നാണ് സജി ചെറിയാന്‍ ജൈത്ര യാത്ര നടത്തുന്നത്. 7983 വോട്ടുകളായിരുന്നു രാമചന്ദ്രന്‍നായരുടെ ഭൂരിപക്ഷം. വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂറുകള്‍ പൂര്‍ത്തിയായപ്പോള്‍ സജി ചെറിയാന്‍ വിജയത്തിലേക്ക് നീങ്ങുന്നുവെന്ന വ്യക്തമായ സൂചന  നല്‍കുന്നതാണ് തെരഞ്ഞെടുപ്പ് ഫലകണക്കുകള്‍. മൊത്തം 182 ബൂത്തുകളില്‍ 105 ഇടങ്ങളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച കേരള കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍ വണ്ടൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ മൂന്നാംസ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടു. മണ്ഡലത്തില്‍ കെ കെ രാമചന്ദ്രന്‍ നായര്‍ തുടക്കമിട്ട വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുളള ജനവിധിയാണ് ചെങ്ങന്നൂരിലേതെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. യുഡിഎഫിന്റെയും ബിജെപിയുടെയും കുപ്രചരണങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും സജി ചെറിയാന്‍ പറഞ്ഞു.

തിരുവന്‍ വണ്ടൂരിന് പുറമേ മാന്നാര്‍, ചെങ്ങന്നൂര്‍, ആല, പാണ്ടനാട്, മുളക്കുഴ, പുലിയൂര്‍ എന്നിവിടങ്ങളിലും എല്‍ഡിഎഫ് ആധിപത്യം സ്ഥാപിച്ചു. കഴിഞ്ഞ തവണ തിരുവന്‍വണ്ടൂരില്‍ ബിജെപിയുടെ ശ്രീധരന്‍ പിളള മികച്ച ലീഡ് നേടിയിരുന്നു. എന്നാല്‍ ഇത്തവണ എല്‍ഡിഎഫ് പത്ത്ബൂത്തുകളില്‍ ഒന്‍പതിടത്തും ലീഡ് ഉയര്‍ത്തി.കോണ്‍ഗ്രസ്- ബിജെപി മേഖലകളില്‍ സിപിഎം കടന്നുകയറുന്ന കാഴ്ചയാണ് ദൃശ്യമായത്.

മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലുമായി വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ 28 ബൂത്തുകളില്‍ 26 ഇടത്തും സജിചെറിയാന്‍ ഭൂരിപക്ഷം നേടി. 2016ല്‍ മാന്നാറില്‍ 440 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്. ഇത് രണ്ടായിരത്തിന് മുകളിലേക്ക് ഉയര്‍ത്താന്‍ സജി ചെറിയാന് സാധിച്ചു. ബിജെപിക്ക് ഇവിടെ ആയിരത്തിലധികം വോട്ടുകള്‍ നഷ്ടമായി. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് പകുതിയായി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ തവണ ഈ പഞ്ചായത്തുകളില്‍ മികച്ച മുന്നേറ്റം ബിജെപി കാഴ്ചവെച്ചിരുന്നു. പാണ്ടനാട് 498 വോട്ടുകളുടെ ലീഡാണ് എല്‍ഡിഎഫ് നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com