അച്ഛന്‍ ബലിദാനിയല്ല;  മകന്റെ പരാതി പുറത്ത്; ബിജെപി കള്ളം പൊളിയുന്നു 

അച്ഛന്‍ ബലിദാനിയല്ല;  മകന്റെ പരാതി പുറത്ത്; ബിജെപി കള്ളം പൊളിയുന്നു 
അച്ഛന്‍ ബലിദാനിയല്ല;  മകന്റെ പരാതി പുറത്ത്; ബിജെപി കള്ളം പൊളിയുന്നു 

പത്തനംതിട്ട: ളാഹ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശബരിമല തീര്‍ത്ഥാടകന്‍ ശിവദാസന്റെ മരണം പൊലീസ് നടപടിമൂലമല്ലെന്ന വാദം ശക്തിപ്പെടുന്നു. ശിവദാസന്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത് ഒക്ടോബര്‍  18ന് രാവിലെയാണെന്ന് മകന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 19ന് ക്ഷേത്ര ദര്‍ശനത്തിനുശേഷം വീട്ടിലേക്ക് ശിവദാസന്‍ വിളിച്ചിരുന്നതായും  25ന് പന്തളം പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്്. 

നിലയ്ക്കലില്‍ പൊലീസ് നടപടിയുണ്ടായത് 16, 17 തിയതികളിലാണ്. അതിനുശേഷമാണ് വീട്ടുകാരുടെ പരാതിപ്രകാരം ശിവദാസന്‍ വീട്ടില്‍നിന്ന് ഇറങ്ങിയതുതന്നെ. കഴിഞ്ഞ ദിവസം പത്തനംതിട്ട എസ്.പിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. പൊലീസ് നടപടിക്കിടെയാണ് ശിവദാസനെ കാണാതായതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.16,17 തിയതികളിലാണ് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പൊലീസ് നടപടികള്‍ ഉണ്ടായത്. ശിവദാസന്‍ 18നാണ് വീട്ടില്‍നിന്ന് ശബരിമലയിലേക്ക് തിരിച്ചത്. 19ന് ദര്‍ശനം കഴിഞ്ഞ് ഇറങ്ങിയത് വീട്ടിലേക്ക് അറിയിച്ചിരുന്നു. ഇതിനുശേഷമാണ് കാണാതായത്. തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെക്കുമെന്നും എസ്.പി പറഞ്ഞു.

ശിവദാസന്റെ മരണം നിലയ്ക്കിലില്‍ പൊലീസ് നടപടി മൂലമാണെന്ന സംഘപരിവാര്‍ പ്രചാരണം തളളി പൊലീസിന്റെ പത്രക്കുറിപ്പും പുറത്തുവന്നിരുന്നു. നിലക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ  മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇന്നലെ പത്തനംതിട്ട ളാഹ പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തും വളവിലുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരു വൃദ്ധന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബര്‍ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്, 19 ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാര്‍ പറയുന്നു. ഇത് സംബന്ധിച്ച് പന്തളം പോലീസ് സ്‌റ്റേഷനില്‍ മാന്‍ മിസിങ്ങ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണെന്നുമായിരുന്നു പത്രക്കുറിപ്പ്.

പത്തനംതിട്ട - നിലക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍ പമ്പ റൂട്ടിലാണ്. ശബരിമലയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. അതായത് പൊലീസ് നടപടിയെതുടര്‍ന്നാണ് ഇദ്ദേഹത്തെ കാണാതായത് എന്ന പ്രചരണം ശരിയല്ല. നിലക്കല്‍  പമ്പ റൂട്ടില്‍ നടന്ന പ്രശ്‌നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന് ചിന്തിക്കുമ്പോള്‍ തന്നെ ഈ വ്യാജവാര്‍ത്തയുടെ പൊള്ളത്തരം മനസിലാകുന്നതാണെന്നും പൊലീസ് വ്യക്തമാക്കുന്നു. 

മരിച്ചയാളുടെ മോപ്പഡ് (മോട്ടര്‍സൈക്കിള്‍) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നില്‍ തെറ്റിദ്ധാരണ പരത്തുകയും അത് വഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ളതെന്നും പൊലീസ് പത്രക്കുറിപ്പില്‍ പറയുന്നു.വ്യാജവാര്‍ത്ത നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും െപാലീസ് മുന്നറിയിപ്പ് നല്‍കുന്നു. മരണവുമായി ബന്ധപ്പെട്് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിളള, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പൊലീസിനെതിരെ വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിച്ച് രംഗത്ത് വന്ന സാഹചര്യത്തിലായിരുന്നു പൊലീസിന്റെ വിശദീകരണം

തീര്‍ത്ഥാടകന്റെ മരണത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലയില്‍ ബി.ജെ.പി ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയായാണ്. ഹര്‍ത്താല്‍ ആദ്യമണിക്കൂറുകളില്‍ പൂര്‍ണമാണ്. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നില്ല. കടകമ്പോളങ്ങളും തുറന്നിട്ടില്ല. . 

സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക്‌പോസ്റ്റ്

ഈ കൊലയ്ക്കുത്തരവാദി പിണറായി വിജയനാണെന്നും അയ്യപ്പധര്‍മ്മം കാക്കാന്‍ ബലിദാനിയായ ആളാണ് ശിവദാസെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. അങ്ങയുടെ വീരബലിദാനം അയ്യപ്പധര്‍മ്മം നിലനില്‍ക്കുന്നിടത്തോളം കാലം ഓര്‍മ്മിക്കപ്പെടും. ഇനിയും പിണറായി കോപ്പുകൂട്ടുന്നുണ്ട് വിശ്വാസികളെ കൊന്നൊടുക്കാന്‍. അഞ്ചാംതീയതി നടതുറക്കുമ്പേള്‍ ഇതും ഇതിലപ്പുറവും പിണറായിയുടെ പോലീസ് ചെയ്യും. ആയിരങ്ങളെ ഇല്ലാതാക്കിയാലും പിണറായി വിജയന്റെ ഉള്ളിലിരിപ്പ് നടക്കാന്‍ പോകുന്നില്ല- കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

പിഎസ് ശ്രീധരന്‍പിളളയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മരണം മണക്കുന്ന ജയില്‍മുറിയാക്കി കേരളത്തെ മാറ്റിയിരിക്കുകയാണ് പിണറായിയുടെ പോലീസ്.സ്വന്തം വിശ്വാസത്തെ മുറുകെനെഞ്ചോടു ചേര്‍ത്തതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട ഒരു അയ്യപ്പന്റെ മൃതുദേഹം പുണ്യ പൂങ്കാവനത്തിന്റെ ഉള്‍ക്കാട്ടില്‍ നിന്ന് ഇന്ന് കണ്ടെത്തിയിരിക്കുന്നു. 
ഓരോ അയ്യപ്പഭക്തനും മരിച്ചുവീഴുമ്പോള്‍ പിണറായി ഒരു മാഫിയാ തലവനെ പോലെ ചിറി കോട്ടി ചിരിക്കുന്നു. പോലീസ് സഖാക്കള്‍ ഓരോ ഭക്തനേയും അടിച്ച് കാട് കടത്തുകയായിരുന്നു.

കഴിഞ്ഞ പതിനേഴാം തീയതി മുതല്‍ കാണാതായ ശിവദാസന്‍ മൃതദേഹം ഇന്നാണ് പ്ലാപ്പള്ളി വനത്തില്‍ നിന്നും കണ്ടെടുത്തത്. അയ്യപ്പന്റെ ചിത്രം വെച്ച് സൈക്കിളില്‍ ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണ് നിരപരാധിയായ ശിവദാസനെ പിണറായിയുടെ പോലീസ് അക്രമിച്ചതും അടിച്ചു കൊന്നതും.

ശിവദാസന്റെ ബന്ധുക്കള്‍ ഇദ്ദേഹത്തെ കാണാതായി എന്ന് പരാതി നല്കാനെത്തിയപ്പോള്‍ അത് സ്വീകരിക്കാന്‍ പോലും പോലീസ് കൂട്ടാക്കിയില്ല. 
ഇദ്ദേഹത്തെ കാണാതായ നാള്‍ മുതല്‍ ഈ കേസ് ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കണം എന്ന് നേരത്തെ തന്നെ ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാലിന്ന് ജഡം കിട്ടിയതോടെ ബിജെപി ഉന്നയിച്ച സംശയങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.

ശബരിമലയെന്ന എല്ലാ സൗന്ദര്യത്തോടെയും നിറഞ്ഞു കത്തുന്ന വിളക്കിനെ അണയിക്കുവാനുള്ള ഗൂഢാലോചനയാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്നത്. അതിലൂടെ ഭൂരിപക്ഷ സമുദായത്തെ ചവിട്ടി മെതിക്കുക എന്നതാണ് ലക്ഷ്യം.

അയ്യപ്പഭക്തന്റെ അരുംകൊലയുടെ ഉത്തരവാദിത്വത്തില്‍ നിന്നും പൊലീസിലെ ക്രിമിനലുകളെ കയറൂരിവിട്ട് പിണറായി വിജയന് കൈകഴുകാന്‍ ആവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് വച്ചൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശിവദാസന്റെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ 02112018 വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com