ആത്മാര്‍ത്ഥതയും ഉളുപ്പും അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടില്ല, ബിജെപിക്കെതിരെ കടകംപള്ളി

ശാസ്ത്രലോകത്തെയും കുറ്റാന്വേഷണ വിദഗ്ധരെയുമാകെ അമ്പരപ്പിക്കുന്ന ആരോപണവുമായി ബിജെപി നേതാക്കള്‍ പത്തനംതിട്ട ജില്ലയാകെ ഹര്‍ത്താലും നടത്തി ആഘോഷിച്ചു
ആത്മാര്‍ത്ഥതയും ഉളുപ്പും അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടില്ല, ബിജെപിക്കെതിരെ കടകംപള്ളി

പന്തളം സ്വദേശിയുടെ മരണത്തില്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്ന ബിജെപിക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അഭിഭാഷകനായ ബിജെപി പ്രസിഡന്റ് പോലും നട്ടാല്‍ കുരുക്കാത്ത നുണയുമായി എത്തുകയാണ്. ആത്മാര്‍ത്ഥത, ഉളുപ്പ് ഇതൊക്കെ അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടുന്നതല്ലെന്ന് അറിയാമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കടകംപള്ളി പറയുന്നു. 

18ാം തീയതി ശബരിമലയിലേക്ക് പോയ ശിവദാസന്‍ 17 ന് നിലയ്ക്കലിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടുവത്രേ. 17ന് പന്തളത്തെ വീട്ടിലുണ്ടായിരുന്ന ശിവദാസന്‍ എങ്ങനെയാണ് അന്നേ ദിവസം നിലയ്ക്കലിലുണ്ടായ സംഘര്‍ഷത്തില്‍ മരിക്കുകയെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

19ാം തീയതി വീട്ടിലേക്ക് ഫോണ്‍ വിളിച്ച ശിവദാസന്‍ എങ്ങനെയാണ് 17 ാം തീയതി കൊല്ലപ്പെടുക ? കഥയില്‍ ചോദ്യമില്ലെന്ന് പറയാന്‍ വരട്ടെ. ശാസ്ത്രലോകത്തെയും കുറ്റാന്വേഷണ വിദഗ്ധരെയുമാകെ അമ്പരപ്പിക്കുന്ന ആരോപണവുമായി ബിജെപി നേതാക്കള്‍ പത്തനംതിട്ട ജില്ലയാകെ ഹര്‍ത്താലും നടത്തി ആഘോഷിച്ചുവെന്നും കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പന്തളം സ്വദേശിയായ ശിവദാസന്‍ ശബരിമലയിലേക്ക് പോയത് കഴിഞ്ഞ മാസം 18 നായിരുന്നു. 19 ാം തീയതി ശിവദാസന്‍ ശബരിമല ദര്‍ശനം നടത്തിയതിന് ശേഷം വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ ശിവദാസന്‍ വീട്ടില്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് മകന്‍ പോലീസില്‍ പരാതി നല്‍കി. ഇന്നലെ ശിവദാസന്റെ മൃതദേഹം ളാഹയില്‍ നിന്ന് കണ്ടെത്തി. ശിവദാസന്‍ സഞ്ചരിച്ച സ്കൂട്ടറും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. ഇതെല്ലാം യാഥാര്‍ത്ഥ്യം. പക്ഷേ, ബിജെപി നേതാക്കള്‍ പറയുന്നത് ലോകത്തെയാകെ അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്. 18 ാം തീയതി ശബരിമലയിലേക്ക് പോയ ശിവദാസന്‍ 17 ന് നിലയ്ക്കലിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടുവത്രേ. 17ന് പന്തളത്തെ വീട്ടിലുണ്ടായിരുന്ന ശിവദാസന്‍ എങ്ങനെയാണ് അന്നേ ദിവസം നിലയ്ക്കലിലുണ്ടായ സംഘര്‍ഷത്തില്‍ മരിക്കുക ? 19 ാം തീയതി വീട്ടിലേക്ക് ഫോണ്‍ വിളിച്ച ശിവദാസന്‍ എങ്ങനെയാണ് 17 ാം തീയതി കൊല്ലപ്പെടുക ? കഥയില്‍ ചോദ്യമില്ലെന്ന് പറയാന്‍ വരട്ടെ. ശാസ്ത്രലോകത്തെയും കുറ്റാന്വേഷണ വിദഗ്ധരെയുമാകെ അമ്പരപ്പിക്കുന്ന ആരോപണവുമായി ബിജെപി നേതാക്കള്‍ പത്തനംതിട്ട ജില്ലയാകെ ഹര്‍ത്താലും നടത്തി ആഘോഷിച്ചു. ആത്മാര്‍ത്ഥത, ഉളുപ്പ് ഇതൊക്കെ അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടുന്നതല്ലെന്നറിയാം. അഭിഭാഷകനായ ബിജെപി സംസ്ഥാന പ്രസിഡന്റ് പോലും നട്ടാല്‍ കുരുക്കാത്ത നുണയുമായി രംഗത്ത് വരുമ്പോള്‍ പറയാന്‍ ഇത്ര മാത്രം

"കാലമിന്ന് കലിയുഗമല്ലയോ
ഭാരതമിപ്രദേശവുമല്ലയോ
നമ്മളെല്ലാം നരന്മാരുമല്ലയോ...
ചെമ്മെ നന്നായി നിരൂപിപ്പിനെല്ലാരും."

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com