'കോപ്പിയടിക്കാനോ?, ഞാനോ? , അമ്മായിയോട് ഒരു സംശയം ചോദിച്ചതല്ലേ!'; ആ ഫോട്ടോയെക്കുറിച്ച് വിശദീകരണവുമായി രാമചന്ദ്രന്‍ പിളള 

പരീക്ഷയെഴുതുന്ന കാര്‍ത്ത്യായനിയമ്മയുടെ ഉത്തരക്കടലാസിലേക്ക് എത്തിനോക്കുന്ന രാമചന്ദ്രന്‍പിള്ളയുടെ ചിത്രവും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്
'കോപ്പിയടിക്കാനോ?, ഞാനോ? , അമ്മായിയോട് ഒരു സംശയം ചോദിച്ചതല്ലേ!'; ആ ഫോട്ടോയെക്കുറിച്ച് വിശദീകരണവുമായി രാമചന്ദ്രന്‍ പിളള 

സാക്ഷരതാ മിഷന്റെ പരീക്ഷയില്‍ 100ല്‍ 98 മാര്‍ക്ക് നേടിയ കാര്‍ത്ത്യായനിയമ്മ ഇന്ന് കേരളത്തില്‍ താരമാണ്. മുത്തശ്ശിയെത്തേടി വിവിധ തുറകളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ്. സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിലാണ് കാര്‍ത്യായനിയമ്മ മിന്നും വിജയം നേടിയത്. എന്നാല്‍ ഇതില്‍ ഒതുങ്ങുന്നതല്ല കാര്‍ത്ത്യായനിയമ്മയുടെ സ്വപ്‌നങ്ങള്‍. തനിക്ക് പഠിച്ച് ജോലി വാങ്ങണമെന്നും കംപ്യൂട്ടര്‍ പഠിക്കണമെന്നുമൊക്കെയാണ് കാര്‍ത്ത്യായനിയമ്മയുടെ ആഗ്രഹങ്ങള്‍. 

ഇതിനിടെ പരീക്ഷയെഴുതുന്ന കാര്‍ത്ത്യായനിയമ്മയുടെ ഉത്തരക്കടലാസിലേക്ക് എത്തിനോക്കുന്ന രാമചന്ദ്രന്‍പിള്ളയുടെ ചിത്രവും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പരീക്ഷയില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയതോടെയാണ് ആ ചിത്രം വീണ്ടും ചര്‍ച്ചയായത്. ഉത്തരക്കടലാസിലേക്ക് എത്തിനോക്കുന്നത് മറ്റാരുമല്ല കാര്‍ത്ത്യായനിയമ്മയുടെ മരുമകന്‍ കൂടിയായ രാമചന്ദ്രന്‍പിള്ളയാണ് . ഇപ്പോള്‍ ആ ചിത്രത്തെ കുറിച്ച് വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് രാമചന്ദ്രന്‍ പിളള. 

താന്‍ കോപ്പിയടിച്ചില്ലെന്നാണ് രാമചന്ദ്രന്‍ പിള്ള പറയുന്നത്. 'കോപ്പിയടിക്കാനോ? ആര്? ഞാന്‍ അമ്മായിയോട് ഒരു സംശയം ചോദിച്ചതാ.' രാമചന്ദ്രന്‍ പിളള വിശദീകരിക്കുന്നു.  100ല്‍ 88 മാര്‍ക്കാണ് രാമചന്ദ്രന്‍പിള്ളക്ക് ലഭിച്ചത്. 

'ദാരിദ്ര്യമായിരുന്നു കുട്ടിക്കാലത്ത്. മറ്റ് കുട്ടികളെപ്പോലെ സ്‌കൂളില്‍ പോകാനോ പഠിക്കാനോ കഴിഞ്ഞില്ല. സാക്ഷരതാ മിഷന്റെ പ്രവര്‍ത്തകര്‍ ക്ഷണിച്ചപ്പോള്‍ പഠിക്കാനുള്ള അവസരമല്ലേ എന്നുകരുതി ക്ലാസില്‍ പോയി.എണ്‍പത്തിയൊന്നാം വയസ്സില്‍ 88 മാര്‍ക്കെന്ന് പറഞ്ഞാല്‍ വലിയ കാര്യമല്ലേ? ഇപ്പോ ഇത്ര സാധിച്ചെങ്കില്‍ ചെറുപ്പത്തില്‍ പരീക്ഷയെഴുതിയിരുന്നെങ്കില്‍ എത്ര മാര്‍ക്ക് ലഭിച്ചേനെ?' രാമചന്ദ്രന്‍ പിളള ചോദിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com