അയ്യപ്പനല്ല, ഭക്തരാണ് ആത്മനിയന്ത്രണം പോകാതെ നോക്കേണ്ടത്; ശബരിമലയില്‍ ഭക്തരായ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് സുഗതകുമാരി

അയ്യപ്പനെ കാണണമെന്ന് നിര്‍ബന്ധമുള്ള ഭക്തരായ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമെന്ന് കവി സുഗതകുമാരി.  
അയ്യപ്പനല്ല, ഭക്തരാണ് ആത്മനിയന്ത്രണം പോകാതെ നോക്കേണ്ടത്; ശബരിമലയില്‍ ഭക്തരായ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് സുഗതകുമാരി

തിരുവനന്തപുരം: അയ്യപ്പനെ കാണണമെന്ന് നിര്‍ബന്ധമുള്ള ഭക്തരായ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമെന്ന് കവി സുഗതകുമാരി.  സ്ത്രീകളെ കണ്ടാല്‍ ശബരിമല അയ്യപ്പന്റെ  ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നും അയ്യപ്പന് ആത്മ നിയന്ത്രണം ഇല്ലാതാകും എന്നുമൊക്കെ പറയുന്നത് എത്ര വിഡ്ഢിത്തമായ കാര്യമാണ്. ശബരിമലയില്‍ പോകുന്ന ഭക്തരാണ് ആത്മനിയന്ത്രണം പോകാതെ നോക്കേണ്ടതെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ശാന്തിസമിതി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുഗതകുമാരി. 

ശബരിമല ഒരു ചെറിയ വനഭൂമിയാണ്. നിയന്ത്രണം എല്ലാവര്‍ക്കും വേണം. അവിടെ യഥാര്‍ത്ഥ ഭക്തര്‍ക്ക് മാത്രമായി പോകാന്‍ കഴിയണം.  ശബരിമല ഇപ്പോള്‍ത്തന്നെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ ആളുകളെയാണ് വഹിക്കുന്നത്. ഈ അനിയന്ത്രിത പ്രവേശനത്തിനും നിയന്ത്രണം വെച്ചാലേ ശബരിമലയെ ഇന്നുള്ള നിലയ്‌ക്കെങ്കിലും സംരക്ഷിക്കാനാകൂ. ഓരോ സീസണ്‍ കഴിയുന്തോറും പമ്പ കൂടുതല്‍ കൂടുതല്‍ മലിനമാകുകയാണ്. ഇതിന്റെ തിരിച്ചടി പ്രളയകാലത്ത് ഉണ്ടായി. ശബരിമലയെ യുദ്ധക്കളമാക്കരുതെന്നും സുഗതകുമാരി  പറഞ്ഞു.

കോടതി വിധി മാനിക്കണം. എന്നാല്‍ ഒരു വലിയ ജനവിഭാഗത്തിന്റെ വിശ്വാസ പ്രശ്‌നം കൂടിയായതിനാല്‍ ധൃതിപിടിച്ചു നടപ്പിലാക്കാന്‍ ശ്രമിക്കരുത്. പരസ്പരം പോരടിക്കാതെ സര്‍ക്കാരും വിശ്വാസി സമൂഹവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം. ശബരിമല ഒരിക്കലുമൊരു യുദ്ധക്കളമാക്കരുതെന്നും സുഗതകുമാരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com