ആ മരണത്തിന് പിന്നില്‍ പൊലീസ് തന്നെ, ഹര്‍ത്താല്‍ സംസ്ഥാനമൊട്ടാകെ നടത്തേണ്ടതായിരുന്നുവെന്ന് സുരേന്ദ്രന്‍  

അയ്യപ്പഭക്തന്‍ ശിവദാസന്റെ ദുരൂഹമരണത്തില്‍ പൊലീസിന് പങ്കുണ്ടെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍
ആ മരണത്തിന് പിന്നില്‍ പൊലീസ് തന്നെ, ഹര്‍ത്താല്‍ സംസ്ഥാനമൊട്ടാകെ നടത്തേണ്ടതായിരുന്നുവെന്ന് സുരേന്ദ്രന്‍  

പത്തനംതിട്ട: അയ്യപ്പഭക്തന്‍ ശിവദാസന്റെ ദുരൂഹമരണത്തില്‍ പൊലീസിന് പങ്കുണ്ടെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സ്ഥിരമായി മലയാളമാസം ഒന്നാം തീയതി ശബരിമലയില്‍ പോകുന്ന ശിവദാസന്‍ മൂന്നാം തീയതി ദര്‍ശനം നടത്തി എന്ന് പറയുന്നതില്‍ ദുരൂഹതയുണ്ട്. തമിഴ്‌നാട്ടുകാരന്റെ ഫോണില്‍നിന്ന് ശിവദാസന്‍ വീട്ടിലേക്ക് വിളിച്ചു എന്ന് പറയുന്നതും വിശ്വസനീയമല്ല. ചിലപ്പോള്‍ പൊലീസുകാര്‍ തന്നെ വിളിച്ചതാകാം. ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് കൊണ്ടുളള പ്രതിഷേധങ്ങള്‍ക്ക് നേരെ നടന്ന പൊലീസ് നടപടിയുടെ ഭാഗമായാണ് ശിവദാസന്‍ മരിച്ചതെന്ന സംശയങ്ങളില്‍ ഉറച്ചുവിശ്വസിക്കുന്നതായി സുരേന്ദ്രന്‍  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഇതുസംബന്ധിച്ച് മകന്റേതായി പുറത്തുവന്ന വിശദീകരണം സംബന്ധിച്ച ചോദ്യത്തിന് മകനെ തെറ്റിദ്ധരിപ്പിച്ചതാകാമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ശിവദാസന്റെ ദുരൂഹമരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. വേണമെങ്കില്‍ ജൂഡിഷ്യല്‍ അന്വേഷണം വരെ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ശിവദാസന്റെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാനമൊട്ടാകെ ഹര്‍ത്താല്‍ ആചരിക്കുകയാണ് വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയ്ക്ക് വധഭീഷണി ഉണ്ടെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി ഓഫീസിലേക്ക് ഭീഷണിക്കത്ത് വന്നിരുന്നു. ഡിജിപിക്ക് പരാതി നല്‍കിയിട്ടും പൊലീസ് ഇതിനെ ലാഘവത്തോടെ കാണുന്നുവെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു.

ശബരിമലയില്‍ മാവോയിസറ്റുകള്‍ പോലെ തീവ്രഇടതുസംഘടനകളുടെ സാന്നിധ്യമുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ട് നശിപ്പിച്ച അക്രമികളെ എട്ടുദിവസം കഴിഞ്ഞിട്ടും പൊലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. സംഭവം നടന്ന് അരമണിക്കൂറിനുളളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഇതിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണ് എന്നാണ്. ഒരാഴ്ച കഴിഞ്ഞിട്ടും ഒരു ആര്‍എസ്എസുകാരനെയും ബിജെപിക്കാരനെയും അറസ്റ്റ് ചെയ്തിട്ടില്ല.ഈ സംഭവത്തിന് പിന്നില്‍ സന്ദീപാനന്ദഗിരിയോ അല്ലെങ്കില്‍ സന്ദീപാനന്ദഗിരിയുമായി ബന്ധമുളളവരോ ആണ് പ്രതിസ്ഥാനത്ത് എന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ആഗ്രഹമില്ലാത്തവര്‍ പ്രതിസ്ഥാനത്ത് വന്നാല്‍ അറസ്റ്റ് ചെയ്യാതിരിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

സുപ്രിംകോടതി വിധിയുടെ മറവില്‍ സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കുകയാണ്. ഇതിന് മുന്‍പും ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്
ശബരിമലയെ അപകീര്‍ത്തിപ്പെടുത്താനുളള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com