ആളുകള്‍ തെരുവില്‍ ഇറങ്ങി ഉത്തരവു ഭേദഗതി ചെയ്യുകയാണെങ്കില്‍ സുപ്രിം കോടതിയൊക്കെ ഇടിച്ചുപൊളിച്ച് അവിടം വാടകയ്ക്കു കൊടുത്തുകൂടേ? സികെ ജാനു ചോദിക്കുന്നു

എന്റെ അഭിപ്രായത്തില്‍ കേന്ദ്രഗവണ്‍മെന്റ് എന്ന നിലയില്‍ ഒരാഴ്ച സമയംപോലും വേണ്ട. അതിനു മുന്‍പ് അവര്‍ക്ക് ഇത്തരം കാര്യങ്ങളൊക്കെ ചെയ്തു തരാന്‍ പറ്റുന്നതാണ്
ആളുകള്‍ തെരുവില്‍ ഇറങ്ങി ഉത്തരവു ഭേദഗതി ചെയ്യുകയാണെങ്കില്‍ സുപ്രിം കോടതിയൊക്കെ ഇടിച്ചുപൊളിച്ച് അവിടം വാടകയ്ക്കു കൊടുത്തുകൂടേ? സികെ ജാനു ചോദിക്കുന്നു

കൊച്ചി: സുപ്രീംകോടതിയുടെ ഉത്തരവിനെ മാനിക്കാതെ തെരുവില്‍ ആളുകള്‍ ഇറങ്ങി അത് ഭേദഗതി ചെയ്യുകയാണെങ്കില്‍ സുപ്രീംകോടതിയൊക്കെ ഇടിച്ചുപൊളിച്ചിട്ട് ആര്‍ക്കെങ്കിലും വാടകയ്ക്ക് കൊടുത്തുകൂടെയെന്ന് ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സികെ ജാനു. സുപ്രീംകോടതിയുടെ വിധി വന്നപ്പോള്‍ സ്വാഗതം ചെയ്ത പലരും കുറച്ചുകഴിഞ്ഞപ്പോള്‍ തിരിച്ചുപറഞ്ഞിട്ടുണ്ട്. താന്‍ ആ കൂട്ടത്തിലില്ലെന്ന് സികെ ജാനു പറഞ്ഞു. സമകാലിക മലയാളം വാരികയുമായുള്ള അഭിമുഖത്തിലാണ് സികെ ജാനു നിലപാട് വ്യക്തമാക്കിയത്. 

''ഞങ്ങളൊക്കെ തനി ഗോത്രസംസ്‌കാരം അനുസരിച്ച് ജീവിക്കുന്ന ആളുകളാണ്. എന്തുകൊണ്ട് അങ്ങനെ ആയിരിക്കുന്നു എന്നു ചോദിച്ചാല്‍ ഈ ഗോത്രസംസ്‌കാരം പ്രകൃതിയിലുള്ള മനുഷ്യരേയും ജീവജാലങ്ങളേയും ഒക്കെ ഉള്‍ക്കൊള്ളുകയും പരിഗണിക്കുകയും കൂടെ നിര്‍ത്തുകയും ചെയ്യുന്ന ഒരു സാംസ്‌കാരിക സംവിധാനമാണ്. അതുകൊണ്ട് അത് നിലനില്‍ക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. അതിനകത്ത് എന്തെങ്കിലും ജനങ്ങള്‍ക്കോ ജീവജാലങ്ങള്‍ക്കോ വിരുദ്ധമായ നിലപാട് ഉണ്ടായാല്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണം.
ശബരിമലയില്‍ വിശ്വാസവും ജെന്റര്‍ പ്രശ്‌നവും രണ്ടുമുണ്ട്''-ജാനു പറഞ്ഞു. സമത്വ അവകാശം എന്തായാലും വേണം. ഭരണഘടനയുടെ ഒരു ഉത്തരവിനെ നമ്മള്‍ മാനിക്കണം. സുപ്രീംകോടതിയുടെ ഉത്തരവിനെ മാനിക്കാതെ തെരുവില്‍ ആളുകള്‍ ഇറങ്ങി അത് ഭേദഗതി ചെയ്യുകയാണെങ്കില്‍ സുപ്രീംകോടതിയൊക്കെ ഇടിച്ചുപൊളിച്ചിട്ട് ആര്‍ക്കെങ്കിലും അവിടെ വാടകയ്ക്ക് കൊടുത്തൂടെ? ആളുകളുടെ ജീവിതപ്രശ്‌നമെങ്കിലും പരിഹരിക്കപ്പെടൂലേ? എന്തിനാണ് ഇത്രയും കാശുമുടക്കി അങ്ങനെയൊരു സംവിധാനമൊക്കെ നിലനിര്‍ത്തുന്നത്.

മുന്നണി മര്യാദ പാലിക്കാത്തതുകൊണ്ടാണ് എന്‍ഡിഎ വിടുന്നതെന്ന് ജാനു വ്യക്തമാക്കി. മുന്നണിയില്‍ ചേരുന്ന സമയത്ത് ചില ധാരണകളുണ്ടായിരുന്നു. ഇതു പാലിക്കപ്പെട്ടില്ല. മുന്നണിയില്‍ വന്നതിനുശേഷം നടന്ന എല്ലാ എന്‍.ഡി.എ മീറ്റിങ്ങിലും ഇക്കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അപ്പോഴൊക്കെ രണ്ടാഴ്ച, ഒരു മാസം എന്നിങ്ങനെ വിഷയം നീട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും സികെ ജാനു പറഞ്ഞു.

എന്‍ഡിഎയിലേക്ക് വരാന്‍ വേണ്ടിത്തന്നെ ഞങ്ങള്‍ ഒരു മൂന്നു മാസക്കാലത്തോളം ചര്‍ച്ച നടത്തിയിട്ടുണ്ട്. ആദ്യമൊക്കെ ബി.ജെ.പിയിലേക്ക് വരണം എന്നൊരു രീതിയിലായിരുന്നു ഞങ്ങളോട് സംസാരിച്ചത്. പക്ഷേ, കേരളത്തിലെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും ഞങ്ങള്‍ക്ക് വിശ്വാസമില്ല. കാരണം, ഇതുവരെ നമുക്ക് അനുകൂലമായ ഒരു കാര്യവും അവര്‍ ചെയ്തിട്ടില്ല. ചെയ്താലല്ലേ ഞങ്ങള്‍ക്ക് അങ്ങനെ വിശ്വസിക്കാന്‍ പറ്റുള്ളൂ. അതുകൊണ്ട് ഒരു പാര്‍ട്ടിയിലേയ്ക്ക് വരിക എന്നു പറയുന്നത് സാധ്യമല്ല. നിലവിലുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും വരാന്‍ പറ്റില്ല. പാര്‍ട്ടിയിലേക്ക് വരിക എന്നൊരു ചര്‍ച്ച നമുക്ക് അവസാനിപ്പിക്കാം എന്നുതന്നെയാണ് ഞങ്ങളന്നു വളരെ കൃത്യമായി പറഞ്ഞത്. അതിനുശേഷമാണ് മുന്നണി എന്ന ഒരു ചര്‍ച്ചയിലേയ്ക്ക് വരുന്നത്. ചര്‍ച്ചയുടെ അവസാനഘട്ടം എത്തുമ്പോഴേക്കും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്നു. ആ സമയത്ത് ഒരു നിയമസഭ സീറ്റായിരുന്നു മുന്നണി എന്ന നിലയില്‍ നമുക്കവര് തരുന്നത്. അത് ബത്തേരി നിയോജകമണ്ഡലമാണ്. അവിടെ ഞങ്ങള്‍ തോറ്റാല്‍ പിന്നെ എങ്ങനെ പരിഗണിക്കും എന്നൊരു ചര്‍ച്ചയും നടന്നു. 

അന്നു ഞങ്ങള്‍ പറഞ്ഞത് രാജ്യസഭാ സീറ്റ് ഞങ്ങള്‍ക്ക് തരണം, കൂടാതെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പോലുള്ള സ്ഥലങ്ങളില്‍ ഞങ്ങളുടെ പ്രാതിനിധ്യം ഉണ്ടാവണം. അതിനോടൊപ്പം ഇന്ത്യന്‍ ഭരണഘടനയുടെ 244 വകുപ്പനുസരിച്ച് പട്ടികവര്‍ഗ്ഗ പ്രദേശമാക്കി മാറ്റാനുളള സംവിധാനം ചെയ്തുതരണം എന്നൊക്കെയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് കേരളത്തില്‍ അതിന്റെ കാര്യങ്ങളെല്ലാം പൂര്‍ത്തിയായതാണ്.  അതിനി പാര്‍ലമെന്റില്‍ പാസ്സാകണം. അപ്പോള്‍ ആ പണികൂടി ഞങ്ങള്‍ക്ക് ഇതിനോടൊപ്പം ചെയ്തുതരണം. പിന്നെ വനാവകാശ നിയമം കേരളത്തില്‍ അട്ടിമറിക്കപ്പെടുകയാണല്ലോ ചെയ്തത്. ആ നിയമത്തിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പിലാക്കാനുള്ള ഒരു സമ്മര്‍ദ്ദം കേന്ദ്രത്തില്‍നിന്ന് ഉണ്ടാവണം. ഇതൊക്കെയാണ് നമ്മള്‍ അവരോട് ആവശ്യപ്പെട്ടത്. ന്യായമായ കാര്യങ്ങള്‍ മാത്രമാണത്. അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന, അവരുടെ പരിമിതികള്‍ക്കകത്തുനിന്നു ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. എന്റെ അഭിപ്രായത്തില്‍ കേന്ദ്രഗവണ്‍മെന്റ് എന്ന നിലയില്‍ ഒരാഴ്ച സമയംപോലും വേണ്ട. അതിനു മുന്‍പ് അവര്‍ക്ക് ഇത്തരം കാര്യങ്ങളൊക്കെ ചെയ്തു തരാന്‍ പറ്റുന്നതാണ്. പക്ഷേ, എന്തുകൊണ്ടോ അതു ചെയ്യാനോ അത്തരം നടപടികളിലേയ്ക്ക് പോകാനോ ഉള്ള ഒരു മുന്നണി മര്യാദ അവര്‍ പാലിച്ചില്ല- ജാനു പറഞ്ഞു.

സികെ ജാനുവുമായി രേഖാ ചന്ദ്ര നടത്തിയ അഭിമുഖം ഈ ലക്കം മലയാളം വാരികയില്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com