ഇരുമുടിക്കെട്ടില്ലാത്തവര്‍ കൈയില്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം; മലകയറ്റുന്നത് കര്‍ശന പരിശോധനയ്ക്ക് ശേഷം

ഭക്തരല്ലാത്തവരെ പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടില്ല. ഇരുമുടിക്കെട്ടില്ലാതെ  തൊഴാന്‍ വരുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം
ഇരുമുടിക്കെട്ടില്ലാത്തവര്‍ കൈയില്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം; മലകയറ്റുന്നത് കര്‍ശന പരിശോധനയ്ക്ക് ശേഷം

ശബരിമല; ചിത്തിര ആട്ടവിശേഷത്തിന് അഞ്ചാം തിയതി നട തുറക്കാനിരിക്കേ പൊലീസ് സുരക്ഷ ശക്തമാക്കി. കര്‍ശന പരിശോധനയ്ക്ക് ശേഷമായിരിക്കും അയ്യപ്പ ഭക്തന്മാരെ ശബരിമല ചവിട്ടാന്‍ അനുവദിക്കൂ. ഭക്തന്മാര്‍ക്കിടയില്‍ അക്രമികള്‍ കടന്നു കൂടുന്നത് തടയുന്നതിനായാണ് സുരക്ഷ പരിശോധന കര്‍ളനമാക്കുന്നത്. തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ നിലക്കലില്‍ പരിശോധിച്ചതിന് ശേഷം മാത്രമേ സന്നിധാനത്തേക്ക് വിടൂ. 

ഭക്തരല്ലാത്തവരെ പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടില്ല. ഇരുമുടിക്കെട്ടില്ലാതെ  തൊഴാന്‍ വരുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. വടശേരിക്കര, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ മേഖലകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്. ദക്ഷിണ മേഖലാ എഡിജിപിയുടെ മേല്‍നോട്ടത്തില്‍ മൂന്ന് ഐജിമാര്‍, അഞ്ച് എസ്പിമാര്‍, 10 ഡിവൈഎസ്പിമാര്‍ എന്നിവര്‍ സുരക്ഷാ ചുമതല നിര്‍വഹിക്കും. ശബരിമലയും പരിസര പ്രദേശങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചാണ് നടപടികള്‍.

ശബരിമലയിലേക്കുള്ള എല്ലാ പാതകളിലും കര്‍ശന വാഹന പരിശോധന ഇന്നു മുതല്‍ നട അടയ്ക്കുന്ന ആറാം തീയതി വരെയുണ്ടാകും. പൂങ്കാവനത്തിലും പമ്പയില്‍ നിന്നുള്ള കാനന പാതയിലും ആയുധങ്ങളും ബോംബും കണ്ടെത്താനുള്ള പരിശോധനയുമുണ്ടാകും. പ്‌ളാപ്പള്ളി മുതല്‍ പമ്പ വരെ പൊലീസ് സദാ പട്രോളിംഗ് നടത്തും.

ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ സര്‍ക്കാരും പ്രതിഷേധക്കാരും ശക്തമായ നിലപാടെടുത്ത സാഹചര്യത്തിലാണ് പൊലീസ് സുരക്ഷ ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ശനിയാഴ്ച അര്‍ധരാത്രിമുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com