രാജന്‍ കൃഷ്ണന്റെ പെയിന്റിങ്ങുകള്‍ അനുവാദം കൂടാതെ പ്രദര്‍ശനത്തിന് വയ്ക്കാന്‍ നീക്കം; എതിര്‍പ്പുമായി കുടുംബം ,വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് ഒഴിവാക്കി മട്ടാഞ്ചേരി ഒഇഡി ഗ്യാലറി 

രാജന്‍ കൃഷ്ണന്റെ പെയിന്റിങ്ങുകള്‍ അനുവാദം കൂടാതെ പ്രദര്‍ശനത്തിന് വയ്ക്കാന്‍ നീക്കം; എതിര്‍പ്പുമായി കുടുംബം ,വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് ഒഴിവാക്കി മട്ടാഞ്ചേരി ഒഇഡി ഗ്യാലറി 

നവംബര്‍ മൂന്ന് മുതല്‍ 30 വരെയാണ് രാജന്‍ കൃഷ്ണന്റെ പെയിന്റിങ്ങുകള്‍ കൂടി ഉള്‍പ്പെടുത്തി 'ടേക്കിംങ് പ്ലേസ്' എന്ന പേരില്‍ എക്‌സിബിഷന്‍ നടത്താന്‍ നടത്താന്‍ ഗ്യാലറിസ്റ്റായ ദിലീപ് നാരായണന്‍ തീരുമാനിച്ചത്.

കൊച്ചി: അന്തരിച്ച  പ്രശസ്ത ചിത്രകാരന്‍ രാജന്‍ കൃഷ്ണന്റെ പെയിന്റിങ്ങുകളും വര്‍ക്കുകളും കുടുംബാംഗങ്ങളുടെയോ ട്രസ്റ്റിന്റെയോ അനുവാദമില്ലാതെ പ്രദര്‍ശനത്തിന് വയ്ക്കാന്‍ ശ്രമം. മട്ടാഞ്ചേരി ഒഇഡി ഗ്യാലറിയിലെ ദിലീപ് നാരായണനാണ് അനധികൃതമായി പ്രദര്‍ശനം നടത്താന്‍ ഒരുങ്ങിയത്. 
 
നവംബര്‍ മൂന്ന് മുതല്‍ 30 വരെയാണ് രാജന്‍ കൃഷ്ണന്റെ പെയിന്റിങ്ങുകള്‍ കൂടി ഉള്‍പ്പെടുത്തി 'ടേക്കിംങ് പ്ലേസ്' എന്ന പേരില്‍ എക്‌സിബിഷന്‍ നടത്താന്‍ നടത്താന്‍ ഗ്യാലറിസ്റ്റായ ദിലീപ് നാരായണന്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്നും രാജന്റെ പേരില്‍ രൂപീകരിച്ചിട്ടുള്ള ട്രസ്റ്റില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ രേണു രാമനാഥ് ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.
  
എക്‌സിബിഷനായി കൊണ്ടുപോയിരുന്ന പെയിന്റിങ്ങുകളും ഡ്രോയിങ്ങുകളും ദിലീപ് തിരികെ തരുന്നതിന് തയ്യാറായില്ലെന്നും പല തവണ രാജനും ,രാജന്റെ മരണശേഷം താനും ആവശ്യപ്പെട്ടിരുന്നുവെന്നും രേണു വെളിപ്പെടുത്തി. രാജന്റെ പെയിന്റിങ്ങുകളും ഡ്രോയിങ്ങുകളും വില്‍ക്കാനോ, കൈവശം വയ്ക്കാനോ, കൈമാറാനോ, പ്രദര്‍ശിപ്പിക്കാനോ ദിലീപിനും അദ്ദേഹത്തിന്റെ ഗ്യാലറിക്കും യാതൊരു അവകാശവും ഇല്ലെന്നും അവര്‍ അറിയിച്ചിരുന്നു. പ്രദര്‍ശന നടപടികളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും രാജന്‍കൃഷ്ണന്‍ ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റി കൂടിയായ അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

ഇതിന് പിന്നാലെ നിരവധി ആര്‍ട്ടിസ്റ്റുകള്‍ ഇയാള്‍ സാമ്പത്തികമായി ക്രമക്കേട് കാണിച്ചിട്ടുണ്ടെന്നും പല ആര്‍ട്ടിസ്റ്റുകളുടെയും വര്‍ക്കുകള്‍ തിരികെ നല്‍കിയിട്ടില്ലെന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചു. ലൈംഗിക ആക്രമണത്തിന് ദിലീപ് നാരായണന്‍ മുതിര്‍ന്നിട്ടുണ്ടെന്ന് ഡിസൈനറായ ജീനാ ജോസഫും വെളിപ്പെടുത്തി. 


ഗൗരവമേറിയ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ 'ടേക്കിംങ് പ്ലേസി'ല്‍ നിന്ന് രാജന്‍ കൃഷ്ണന്റെ ടെറക്കോട്ട ഇന്‍സ്റ്റലേഷനായ 'ഓര്‍' നീക്കം ചെയ്യുകയാണെന്നും ഗ്യാലറിയുടെ പക്കലുള്ള രാജന്റെ വര്‍ക്കുകള്‍ ട്രസ്റ്റംഗങ്ങളെയും അഭിഭാഷകരെയും കണ്ടതിന് ശേഷം തിരികെ കൊടുക്കുമെന്നും ദിലീപ് അറിയിക്കുകയായിരുന്നു. ട്രസ്റ്റിനെ കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്നും കുടുംബത്തിനുണ്ടായ ബുദ്ധിമുട്ടില്‍ മാപ്പ് ചോദിക്കുന്നുവെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തനിക്ക് രണ്ട് മാസത്തെ സമയം അനുവദിക്കണമെന്നും ദിലീപ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com