നടതുറക്കാന്‍ മണിക്കൂറുകള്‍; സന്നിധാനത്ത് പരമാവധി ആളുകളെ എത്തിക്കാന്‍ ബിജെപി; കച്ചമുറുക്കി പൊലീസ്

ചിത്തിര ആട്ട പൂജത്തിനായി നാളെ നടതുറക്കാനിരിക്കെ പരമാവധി ആളുകളെ സന്നിധാനത്തെത്തിച്ച് പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബിജെപിയും വിവിധ ഹിന്ദു സംഘടനകളും
നടതുറക്കാന്‍ മണിക്കൂറുകള്‍; സന്നിധാനത്ത് പരമാവധി ആളുകളെ എത്തിക്കാന്‍ ബിജെപി; കച്ചമുറുക്കി പൊലീസ്

പത്തനംതിട്ട: ചിത്തിര ആട്ട പൂജത്തിനായി നാളെ ശബരിമല നടതുറക്കാനിരിക്കെ പരമാവധി ആളുകളെ സന്നിധാനത്തെത്തിച്ച് പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബിജെപിയും വിവിധ ഹിന്ദു സംഘടനകളും.  ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ സംസ്ഥാന നേതാക്കള്‍ പ്രതിഷേധത്തിന് നേതൃത്വം കൊടുക്കും. ഭക്തര്‍ക്ക് സന്നിധാനത്തിന് തങ്ങുന്നതിന് നിയന്ത്രണമില്ലെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. ദര്‍ശനത്തിനായി  യുവതികളാരും സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്ന് പത്തനംതിട്ട കലക്ടറും അറിയിച്ചു.

പരമാവധി ആളുകളെ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എത്തിക്കാനാണ് നീക്കം. ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്ക് ഓരോ പ്രതിഷേധ മേഖലകളുടെയും ചുമതല നല്‍കിയിട്ടുണ്ട്. അതിനാല്‍ സംഘടിത പ്രതിഷേധത്തിനാകും പലയിടവും വേദിയാവുക. പാര്‍ട്ടി ജനറല്‍ സെക്രട്ടരിമാരായ കെ സുരന്ദ്രന്‍, എടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ സന്നിധാനത്തുണ്ടാകും. ഭക്തരെ അധിക സമയം സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ലെന്നാണ് പൊലീസ് നിലപാട് എന്നാല്‍ 24 മണിക്കൂര്‍ വരെ തങ്ങാമെന്നും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും രാജു എബ്രഹാം എം.എല്‍.എ. പറഞ്ഞു.

ശബരിമല പ്രവേശവുമായി ബന്ധപ്പെട്ട് ഇതുവരെ യുവതികള്‍ അനുമതി തേടിയിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പൊലീസിന്റെ എല്ലാ നടപടികളേയും പ്രതിരോധിച്ച് നിലയുറപ്പിക്കാനുറച്ചാണ് പ്രതിഷേധക്കാര്‍ ഇറങ്ങിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com