ശബരിമല നട തുറക്കുന്നത് നാളെ വൈകീട്ട് ;  യുദ്ധ സന്നാഹവുമായി പൊലീസ്, നിരോധനാജ്ഞ പ്രാബല്യത്തിൽ

ശബരിമല നട തുറക്കുന്നത് നാളെ വൈകീട്ട് ;  യുദ്ധ സന്നാഹവുമായി പൊലീസ്, നിരോധനാജ്ഞ പ്രാബല്യത്തിൽ

ചിത്തിര ആട്ടത്തിരുനാള്‍ വിശേഷപൂജക്കായി ശബരിമല നട തിങ്കളാഴ്ച വൈകീട്ട്​ അഞ്ചിന്​ തുറക്കും

ശബരിമല: ചിത്തിര ആട്ടത്തിരുനാള്‍ വിശേഷപൂജക്കായി ശബരിമല നട തിങ്കളാഴ്ച വൈകീട്ട്​ അഞ്ചിന്​ തുറക്കും. തിങ്കളാഴ്​ച വൈകീട്ട്​ തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നടതുറന്ന് ശ്രീകോവിലില്‍ വിളക്ക് തെളിക്കും. അന്ന്​ പ്രത്യേക പൂജകള്‍ ഇല്ല. ചൊവ്വാ‍ഴ്ച രാവിലെ അഞ്ചിന് നട തുറന്ന് നിര്‍മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ എന്നീ പതിവ് പൂജകളും ഉണ്ടാകും. കലശാഭിഷേകം, പടിപൂജ, പുഷ്​പാഭിഷേകം തുടങ്ങിയവയും നടക്കും. 

അത്താ‍ഴപൂജക്ക് ശേഷം ആറാം തീയതി രാത്രി പത്തുമണിയ്ക്ക് നട അടക്കും. ഇപ്പോഴത്തെ മേൽശാന്തിമാരായ എ വി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും, മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരിയും ഇതോടെ ചുമതലകൾ ഒഴിയുകയാണ്. പിന്നീട്​ മണ്ഡലമാസ പൂജകള്‍ക്കായി നവംബര്‍ 16ന് വൈകീട്ട്​ നട തുറക്കും. അന്ന് ശബരിമല, മാളികപ്പുറങ്ങളിലേക്കുള്ള പുതിയ മേല്‍ശാന്തിമാരുടെ അവരോധ ചടങ്ങ് നടക്കും. പുതിയ മേല്‍ശാന്തിമാര്‍ ആയിരിക്കും വൃശ്ചികം ഒന്നിന് നട തുറക്കുക.

ചിത്തിര ആട്ട പൂജകൾക്കായി നട തുറക്കാനിരിക്കെ ശബരിമലയിലും പരിസരങ്ങളിലും നിരോധനാജ്ഞ പ്രാബല്യത്തിലായി. ഇലവുങ്കൽ, നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ശനിയാഴ്​ച അർധരാത്രി മുതൽ നവംബർ ആറിന് അർധരാത്രി വരെയാണ്​ നിരോധനാജ്ഞ​. ഇലവുങ്കൽ മുതൽ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും മുഴുവൻ റോഡുകളിലും ഉപറോഡുകളിലും​ ഇത്​ ബാധകമാണ്. 

കനത്ത സുരക്ഷാ കാവലിലാണ് സന്നിധാനവും പമ്പയും. നാളെ രാവിലെ എട്ടു മുതൽ മാത്രമേ ഭക്തരെയും മാധ്യമ പ്രവർത്തകരെയും സന്നിധാനത്തേക്ക് കയറ്റിവിടൂ എന്ന് പൊലീസ് വ്യക്തമാക്കി. മാധ്യമങ്ങളെ രാവിലെ ഇലവുങ്കലിൽ തടഞ്ഞു. ശബരിമലയുടെയും പരിസര പ്രദേശങ്ങളുടെയും നിയന്ത്രണം  പൊലീസ്​ ഏറ്റെടുത്തിരിക്കുകയാണ്.ചീഫ് പൊലീസ്​ കോഒാഡിനേറ്ററായ ദക്ഷിണ മേഖല എ.ഡി.ജി.പി അനിൽകാന്തി​​​െൻറ നേതൃത്വത്തിലാണ് സംവിധാനങ്ങൾ ഒരുക്കുന്നത്. എ.ഡി.ജി.പി എസ്​. ആനന്ദകൃഷ്ണനാണ്​ ജോയൻറ്​​ കോഒാഡിനേറ്റർ. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിൽ ഐ.ജി എം.ആർ. അജിത് കുമാറും പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ഐ.ജി. അശോക് യാദവും മേൽനോട്ടം വഹിക്കും. 10 വീതം എസ്.പിമാരും ഡിവൈ.എസ്​.പിമാരും ഡ്യൂട്ടിയിലുണ്ടാകും. തീർഥാടകർക്ക് ദർശനത്തിനും അവരുടെ വാഹനങ്ങൾക്കും ഇളവുണ്ട്​. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com