'ക്ഷേത്ര ചുവരില്‍ ഹഫീഫ ചിത്രം വരക്കുമ്പോള്‍ വിശ്വാസികള്‍ പായസം വിതരണം ചെയ്തു'; തിരുവണ്ണൂരില്‍ തെളിഞ്ഞു കിടപ്പുണ്ട് ഈ മണ്ണിന്റെ മനസ്

ശൂരസംഹാരോത്സവമെന്ന ക്ഷേത്രച്ചടങ്ങിന് മുന്നോടിയായി ചുമരുകള്‍ ചായം പൂശുമ്പോള്‍ ഹഫീഫ അവിടെ ചിത്രങ്ങള്‍ വരക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ക്ഷേത്രക്കമ്മറ്റിയില്‍ അവിടെയുള്ളത് മനുഷ്യരാണ്
'ക്ഷേത്ര ചുവരില്‍ ഹഫീഫ ചിത്രം വരക്കുമ്പോള്‍ വിശ്വാസികള്‍ പായസം വിതരണം ചെയ്തു'; തിരുവണ്ണൂരില്‍ തെളിഞ്ഞു കിടപ്പുണ്ട് ഈ മണ്ണിന്റെ മനസ്

തസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ മലയാളികള്‍ എന്നും ഒരുപടി മുന്നിലാണ്. ഭിന്നിപ്പിക്കാന്‍ പല മേഖലകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടാകുമ്പോഴും അതിലൊന്നും തട്ടി വീഴാതെ കേരളം ഇങ്ങനെ പിടിച്ചു നില്‍ക്കുന്നത് ഈ മണ്ണിന്റെ മനസ് വേറെയായതുകൊണ്ടാണ്. മതത്തിന്റെ പേരില്‍ നാടു കത്തിക്കാന്‍ നോക്കുന്നവര്‍ തിരുവണ്ണൂരിലേക്ക് വരണം. അവിടത്തെ ക്ഷേത്രച്ചുവരുകളില്‍ തെളിഞ്ഞു നില്‍ക്കുന്ന വരകളിലുണ്ട് മലയാളികളുടെ മനസ്. 

ഉത്സവത്തിന് ഒരുങ്ങുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ ചുവരുകള്‍ മനോഹരമാക്കിയിരിക്കുകയാണ് ഒരു മുസ്ലീം പെണ്‍കുട്ടി. തിരുവണ്ണൂര്‍ കോവിലകത്തിന്റെ സുബ്രഹ്മണ്യക്ഷേത്രച്ചുമരുകളിലാണ് മനോഹരമായ പുതുചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ശൂരസംഹാരോത്സവമെന്ന ക്ഷേത്രച്ചടങ്ങിന് മുന്നോടിയായി ചുമരുകള്‍ ചായം പൂശുമ്പോഴാണ് ചിത്രം വരയ്ക്കാന്‍ ആഗ്രഹം പറഞ്ഞുകൊണ്ട് ഹഫീഫ എത്തുന്നത്. ക്ഷേത്ര കമ്മിറ്റി അവള്‍ക്ക് അനുമതി കൊടുത്തു. ഹഫീഫ വരക്കുമ്പോള്‍ ക്ഷേത്രപരിസരത്തെ വിശ്വാസികള്‍ പായസം വിതരണം ചെയ്ത് അവളുടെ വര ആഘോഷമാക്കി. 

തലയില്‍ ഷാള്‍ ധരിച്ച് അമ്പലത്തില്‍ കയറിയതിന്റെ പേരില്‍ ഒരു കൂട്ടം പേര്‍ യുവതിയെ ആക്രമിച്ച ഈ നാട്ടില്‍ തന്നെയാണ് ഒരു മുസ്ലീം പെണ്‍കുട്ടി ക്ഷേത്രച്ചുവരുകളില്‍ ചിത്രം വരയ്ക്കുന്നത്. സാമൂഹിക പ്രവര്‍ത്തകനായ ശ്രീചിത്രനാണ് ഫേയ്‌സ്ബുക് പോസ്റ്റിലൂടെ തിരുവണ്ണൂരിനെയും ഹഫീഫയേയും കുറിച്ച് പറഞ്ഞത്. മലയാളികളുടെ മതസൗഹാര്‍ദം അങ്ങനെയൊന്നും നശിക്കില്ല എന്നതിന് തെളിവാണ് ഇത്.  

ശ്രീചിത്രന്റെ ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് മൂന്ന് പ്രഭാഷണങ്ങളായിരുന്നു. ഫറോക്ക്, തിരുവണ്ണൂര്‍, കോവൂര്‍. ഏറ്റവും കുറച്ചു സംസാരിച്ചത് തിരുവണ്ണൂരാണ്. പക്ഷേ ഇന്ന് പങ്കെടുത്തതില്‍ ഏറ്റവും സന്തോഷം തിരുവണ്ണൂരില്‍ പങ്കെടുത്തതിലാണ്. അതിന് കാരണമുണ്ട്.

തിരുവണ്ണൂര്‍ കോവിലകത്തിന്റെ സുബ്രഹ്മണ്യക്ഷേത്രച്ചുമരുകളില്‍ മുഴുവന്‍ മനോഹരമായ പുതുചിത്രങ്ങള്‍ വന്നിരിക്കുന്നു. വരച്ചത് ആരെന്നോ? അബു ഹനീഫയുടെ മകള്‍ വി പി ഹഫീഫ. ശൂരസംഹാരോത്സവമെന്ന ക്ഷേത്രച്ചടങ്ങിന് മുന്നോടിയായി ചുമരുകള്‍ ചായം പൂശുമ്പോള്‍ ഹഫീഫ അവിടെ ചിത്രങ്ങള്‍ വരക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ക്ഷേത്രക്കമ്മറ്റിയില്‍ അവിടെയുള്ളത് മനുഷ്യരാണ്. അവര്‍ മിടുക്കിയോട് വരച്ചോളാന്‍ പറഞ്ഞു. ഹഫീഫ വരക്കുമ്പോള്‍ ക്ഷേത്രപരിസരത്തെ വിശ്വാസികള്‍, നാട്ടുകാര്‍  പായസം വിതരണം ചെയ്ത് അവളുടെ വര ആഘോഷമാക്കി. ക്ഷേത്രച്ചുമരുകളില്‍ ഉല്‍സവത്തിന്റെ ചേതോഹരചിത്രങ്ങള്‍ ഹഫീഫ വരച്ചു ചേര്‍ത്തു.

ഇന്ന് ആ മിടുക്കിയെ ഞാന്‍ പ്രഭാഷണം നടത്തിയ വേദിയില്‍ ആദരിച്ചു. അവള്‍ വരച്ച ചുമരുകള്‍ക്കു മുന്നില്‍ അഭിമാനത്തോടെ അവള്‍ നിന്നു. വിശ്വാസികള്‍ സന്തോഷത്തോടെ അവള്‍ക്ക് കയ്യടിച്ചു. ആ ജനാവലിയോട് അല്‍പ്പനേരമെങ്കിലും സംസാരിക്കുമ്പോള്‍ എനിക്ക് സന്തോഷം കൊണ്ടു ശ്വാസം തടഞ്ഞു.

ഈ നാടിനോടാണോ നിങ്ങള്‍ മല്‍സരിക്കുന്നത്? വ്യാമോഹമാണ് ദുഹൃത്തുക്കളേ. ഈ മണ്ണ്, ഈ മണ്ണിന്റെ മനസ്സ്  വേറെയാണ്. പതറിയേക്കാം. തകരില്ല. തകരാനനുവദിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com