തന്ത്രി ശ്രീധരന്‍പിള്ളയെ വിളിച്ചത് നിയമോപദേശം തേടാന്‍; പറഞ്ഞത് ബിജെപിയുടെ രാഷ്ട്രീയ നിലപാടെന്ന് എംടി രമേശ്

തന്ത്രി ശ്രീധരന്‍പിള്ളയെ വിളിച്ചത് നിയമോപദേശം തേടാന്‍ - പറഞ്ഞത് ബിജെപിയുടെ രാഷ്ട്രീയ നിലപാടെന്ന് എംടി രമേശ്
തന്ത്രി ശ്രീധരന്‍പിള്ളയെ വിളിച്ചത് നിയമോപദേശം തേടാന്‍; പറഞ്ഞത് ബിജെപിയുടെ രാഷ്ട്രീയ നിലപാടെന്ന് എംടി രമേശ്

കൊച്ചി: ശബരിമല വിഷയത്തില്‍ പറഞ്ഞതിലെല്ലാം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്. ബിജെപിയുടെ രാഷ്ട്രീയ നിലപാടാണ് സംസ്ഥാന അധ്യക്ഷന്‍
ശ്രീധരന്‍പിള്ള യുവമോര്‍ച്ച യോഗത്തില്‍ പറഞ്ഞത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോ ഒരു രഹസ്യവീഡിയോ അല്ല. മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രസംഗം. സോഷ്യല്‍ മീഡിയയില്‍ ലൈവായിരുന്നെന്നും ഇത് വിവാദമാക്കേണ്ട സാഹചര്യമില്ലെന്ന് രമേശ് പറഞ്ഞു.

കണ്ടന്റ് ഓഫ് കോര്‍ട്ടുമായി ബന്ധപ്പെട്ട് തന്ത്രി അഭിഭാഷകനായ ശ്രീധരന്‍പിള്ളയില്‍ നിന്ന് നിയമോപദേശം തേടുകയായിരുന്നു. നേരത്തെ തന്നെ ശബരിമല വിഷയത്തില്‍ തന്ത്രി എന്ത് നിലപാട് സ്വീകരിക്കുമോ അതിനൊപ്പം നില്‍ക്കുമെന്ന് ബിജെപി പരസ്യനിലപാട് എടുത്തിരുന്നു. ഇപ്പോള്‍ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമെടുത്ത് പ്രചരിപ്പിക്കുന്നതില്‍ ഗൂഢലക്ഷ്യമുണ്ടെന്നും രമേശ് മാധ്യമങ്ങളോട് പറഞ്ഞു. 

ശബരിമലയിലെ സമരം ബി.ജെ.പി ആസൂത്രണം ചെയ്തതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. കോഴിക്കോട് യുവമോര്‍ച്ചാ യോഗത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. വിവാദമായതിന് പിന്നാലെ ഈ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വൈറലാണ്. 

തുലാമാസ പൂജയ്ക്കിടെ സ്ത്രീകള്‍ സന്നിധാനത്തിന് അടുത്തെത്തിയപ്പോള്‍ തന്ത്രി തന്നെ വിളിച്ചിരുന്നതായും സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടച്ചിടാനുള്ള നീക്കം താനുമായി ആലോചിച്ചാണെന്നും ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ പറയുന്നു.നട അടക്കുന്നത് കോടതിയലക്ഷ്യമാകില്ലേ എന്ന് തന്ത്രി ചോദിച്ചതായും അദ്ദേഹം പറഞ്ഞു. 

നട അടച്ചിട്ടാല്‍ കോടതിയലക്ഷ്യമാകില്ലേ എന്നായിരുന്നു തന്ത്രി ചോദിച്ചത്. എന്നാല്‍ ഒരിക്കലും ഒറ്റയ്ക്കാകില്ലെന്നും പതിനായിരങ്ങള്‍ ഒപ്പമുണ്ടാകുമെന്നും ഉറപ്പുനല്‍കി. ഇനി അവശേഷിക്കുക നമ്മളും എതിരാളിയായ ഭരണപക്ഷ പാര്‍ട്ടിയും മാത്രമായിരിക്കും.ശബരിമല പ്രശ്‌നം നമുക്കൊരു സുവര്‍ണാവസരമാണ്. നമ്മള്‍ ഒരു അജണ്ട മുന്നോട്ടുവെച്ചു. ആ അജണ്ടയ്ക്ക് പിന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞുവെന്നും ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ പറയുന്നു.ശബരിമലയിലെ സമരം ബി.ജെ.പിയാണ് ആസൂത്രണം ചെയ്തത്. നമ്മുടെ ജനറല്‍ സെക്രട്ടറിമാര്‍ അത് വിജയകരമായി നടപ്പിലാക്കി. ഐ.ജി. ശ്രീജിത്ത് രണ്ട് സ്ത്രീകളുമായി ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകരാണ് തടഞ്ഞത് ശ്രീധരന്‍പിള്ള യോഗത്തില്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com