ബിജെപി അജണ്ട മറയില്ലാതെ പുറത്ത്; തന്ത്രിയുടെ ലക്ഷ്യം ശബരിമലയെ നന്നാക്കലല്ല; കോണ്‍ഗ്രസ് എവിടെയെന്ന് പിണറായി വിജയന്‍

ശബരിമല തന്ത്രിക്ക്  ശബരിമലയില്‍ കലാപത്തിന് കോപ്പുകൂട്ടുന്ന പ്രധാനിയിലാണ് വിശ്വാസമെങ്കില്‍ ഇത് ശബരിമലയെ മെച്ചപ്പെടുത്താനല്ലെന്ന് അദ്ദേഹം തിരിച്ചറിയണം
ബിജെപി അജണ്ട മറയില്ലാതെ പുറത്ത്; തന്ത്രിയുടെ ലക്ഷ്യം ശബരിമലയെ നന്നാക്കലല്ല; കോണ്‍ഗ്രസ് എവിടെയെന്ന് പിണറായി വിജയന്‍

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തോടെ ശബരിമല വിഷയത്തില്‍ സംഘ്പരിവാര്‍ അജണ്ട പുറത്തായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി രാഷ്ട്രീയപരമായി തീരുമാനിച്ച കാര്യമാണ് ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തില്‍ വ്യക്തമാക്കിയത്‌. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അവരുടെ ശക്തിവര്‍ധിപ്പിക്കുന്നതിനായി വേണ്ടി അവര്‍  സ്വീകരിച്ച തന്ത്രമാണ് നടപ്പാക്കിയതെന്ന് പിണറായി പറഞ്ഞു

തന്ത്രി സമൂഹത്തിന് ഇന്ന് ഏറെ വിശ്വാസം ബിജെപിയിലാണെന്ന ശ്രീധരന്‍പിള്ളയുടെ പ്രഖ്യാപനം വിചിത്രമായ വെളിപ്പെടുത്തലാണ്. ശബരിമല തന്ത്രിക്ക്  ശബരിമലയില്‍ കലാപത്തിന് കോപ്പുകൂട്ടുന്ന പ്രധാനിയിലാണ് വിശ്വാസമെങ്കില്‍ ഇത് ശബരിമലയെ മെച്ചപ്പെടുത്താനല്ലെന്ന് അദ്ദേഹം തിരിച്ചറിയണം. ഇക്കാര്യം വ്യക്തമാക്കേണ്ടത് തന്ത്രിയാണ്. ശ്രീധരന്‍ പിള്ളയോട് നിയമോപദേശം തേടാന്‍ എന്തധികാരമാണ് തന്ത്രിക്കുള്ളത്. നിയമോപദേശം സാധാരണ നിലയില്‍ തന്ത്രി നേടേണ്ടത് ശബരിമലയുടെ കാര്യം നോക്കുന്ന അഡ്വക്കേറ്റിനോടാണ്. അല്ലെങ്കില്‍ സംസ്ഥാനത്ത് അഡ്വക്കറ്റ് ജനറലുണ്ട്. നിയമപ്രശ്‌നം വന്നാല്‍ സാധാരണ നിലയില്‍ ഇവരെയാണ് സമീപിക്കാറ്. എന്തുകൊണ്ട് ഇവരെ സമീപിക്കാന്‍ തന്ത്രിക്ക് തോന്നിയില്ലെന്നു പിണറായി ചോദിച്ചു.

സര്‍ക്കാരിന്റെ നിലപാട് കൂടുതല്‍ ദൃഡമാണ്. നിങ്ങള്‍ നുണകളെ ആശ്രയിക്കുന്നു. ഞങ്ങള്‍ സത്യം ജനങ്ങളോട് പറയുന്നു. നിങ്ങള്‍ കെട്ടിപ്പൊക്കിയ നുണകള്‍ ഓരോ നിമിഷവും പൊളിഞ്ഞു വീഴുകയാണ്. ഞങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നു മതനിരപേക്ഷത ഉയര്‍ത്തിപ്പിടുക്കും. വിശ്വാസികള്‍ക്കൊപ്പം സര്‍ക്കാരുണ്ടാകുമെന്നും ശബരിമല സംരക്ഷണത്തിനായി ഏതറ്റംവരെ പോകുമെന്നും പിണറായി പറഞ്ഞു.

ശബരിമല ഏതെങ്കിലും ഒരു കൂട്ടരുടെതല്ല. എല്ലാവരുടെതുമാണെന്നതാണ് ആ ആമ്പലത്തിന്റെ വ്യത്യസ്ത. അയ്യപ്പനില്‍ വിശ്വാസമുള്ള ആര്‍ക്കും എത്തിപ്പെടാം. ശബരിമലയെ കേരളത്തിലെ ഏറ്റവും വലിയ ആരാധാനാലയമാണ് സര്‍ക്കാര്‍ കാണുന്നത്. ശബരിമലയെ സംരക്ഷിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് പ്രധാനമാണ്. അതിനെ സംരക്ഷിക്കാന്‍ എന്തു നിലപാടും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു. ശബരിമലയിലേക്ക് ഒന്നും ചെയ്യരുതെന്നാണ് സംഘ്പരിവാര്‍ പ്രചാരണം. ശബരിമലുയടെ ഭാഗമായുള്ള ഒരു കാശും സര്‍ക്കാര്‍ ഖജനാവില്‍ എത്തുന്നില്ല. ആ തുക മുഴുവന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനമായാണ് കാണുന്നത്. മറ്റ് ക്ഷേത്രങ്ങളുടെ ആവശ്യത്തിനായി ചെലവഴിക്കാറുണ്ട്. ഈ വര്‍ഷം 202 കോടിരൂപയാണ് സര്‍ക്കാര്‍ ചെലവിട്ടതെന്നും പിണറായി പറഞ്ഞു. 

ശബരിമല വിഷയത്തില്‍ വ്യാപകമായി നുണ അഴിച്ചുവിടുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നത്. അവരുടെ അജണ്ടക്കായി അവര്‍ എല്ലാകാലത്തും ആശ്രയിക്കാറ് നുണയെയാണ്. ഇതില്‍ ആര്‍ക്കും ഇവരോട് മത്സരിക്കാനാവില്ല. വര്‍ഗീയ കലാപങ്ങളില്‍ ആദ്യം അഴിച്ചുവിടുക നുണയാണ്. അതിന്റെ മാസ്റ്റേഴ്‌സാണ് അവരെന്നും പിണറായി പറഞ്ഞു.

ശബരിമലയുടെ കാര്യത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുന്നു. പൊലീസ് നടപടി വിശ്വാസികള്‍ക്കെതിരെയാണെന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. എന്നാല്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരല്ല. പൊലീസ് അറസ്റ്റ് ചെയ്തത് വിശ്വാസികളെയല്ല, അക്രമികളെയാണ്. അക്രമികളെ വിശ്വാസികളെന്നും അവിശ്വാസിയെന്നും വേര്‍തിരിച്ച്  നടപടിയെടുക്കാറില്ല. ശബരിമലയില്‍ സംഘപരിവാര്‍ ക്രിമിനലുകളെ  ഇറക്കുകയായിരുന്നു. അവരാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തത്.  അക്രമത്തില്‍ പങ്കെടുത്തവര്‍ തന്നെ അത്  റെക്കോര്‍ഡ് ചെയ്തിരുന്നു. അതില്‍ എല്ലാം ഉള്‍പ്പെടുന്നു. അവരുടെ പേരില്‍ നടപടിയെടുക്കും. 

വിശ്വാസികളെ തടയാനാണ് സംഘപരിവാര്‍ ശ്രമിച്ചത്. സര്‍ക്കാര്‍ ആവര്‍ത്തിച്ച കാര്യം, വിശ്വാസികളുടെ അവകാശം സംരക്ഷിക്കുന്നതിനും അതനുസരിച്ച്  ജീവിക്കുന്നതിനുമുള്ള സൗകര്യവും ചെയ്തു കൊടുക്കും എന്നുതന്നെയാണ്. യാഥാസ്ഥിക വിഭാഗം സാമൂഹിക മുന്നേറ്റമുണ്ടാകുമ്പോള്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. ഇത് തന്നെയാണ് സംഘപരിവാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. 

കോടതി വിധി എന്താണോ അത് നടപ്പാക്കും. പുനപരിശോധന ഹര്‍ജികള്‍ പരിഗണിച്ച് സുപ്രീം കോടതി ഇനി മറിച്ചൊരു വിധി പുറപ്പെടുവിക്കുകയാണെങ്കില്‍ അതും ഈ സര്‍ക്കാര്‍ നടപ്പാക്കും. അതേസമയം ആരാധനയുടെ കാര്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യം വേണമെന്നുതന്നെയായിരിക്കും സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com