സന്നിധാനത്ത് കമാന്‍ഡോകള്‍, മൊബൈല്‍ ജാമറുകള്‍, വനിതാ പൊലീസ്; പഴുതടച്ച സുരക്ഷ

ഇതാദ്യമായി സന്നിധാനത്ത് വനിതാ പൊലീസുകാരെ വിന്യസിച്ച പൊലീസ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ മൊബൈല്‍ ജാമറുകളും എത്തിച്ചു
സന്നിധാനത്ത് കമാന്‍ഡോകള്‍, മൊബൈല്‍ ജാമറുകള്‍, വനിതാ പൊലീസ്; പഴുതടച്ച സുരക്ഷ

സന്നിധാനം: ചിത്തിര ആട്ടത്തിരുനാളിനായി നട തുറക്കുന്ന ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത് അഭൂതപൂര്‍വമായ സുരക്ഷാ സംവിധാനങ്ങള്‍. ഇതാദ്യമായി സന്നിധാനത്ത് വനിതാ പൊലീസുകാരെ വിന്യസിച്ച പൊലീസ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ മൊബൈല്‍ ജാമറുകളും എത്തിച്ചു. കര്‍ശന പരിശോധനയ്ക്കു ശേഷമാണ് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ കടത്തിവിട്ടത്. 

നട തുറക്കുന്നത് വൈകിട്ടാണെങ്കിലും ദര്‍ശനത്തിനെത്തിയ അയ്യപ്പ ഭക്തന്‍മാരെ നിലയ്ക്കലില്‍ നിന്നും എരുമേലിയില്‍ നിന്നും പമ്പയിലേക്ക് കടത്തി വിട്ടു തുടങ്ങിയിട്ടുണ്ട്. നിലയ്ക്കലില്‍ നിന്നും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. 

കാല്‍നടയായെത്തിയ തീര്‍ത്ഥാടകരെയാണ് ആദ്യം പമ്പയിലേക്ക് കടത്തിവിട്ടത്. വാഹനങ്ങള്‍ കടത്തി വിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എരുമേലിയില്‍ നിന്ന് നിലയ്ക്കലിലേക്ക് രണ്ട് വാഹനങ്ങള്‍ വീതം നിശ്ചിത ഇടവേളകളില്‍ കടത്തിവിടാനാണ് തീരുമാനം.

ഭക്തരായ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായും നിയന്ത്രിക്കുന്നതിനുമായി 50 വയസ്സിന് മേല്‍ പ്രായമുള്ള 15 വനിതാ പൊലീസുകാരെയാണ് സന്നിധാനത്തെ നടപ്പന്തലില്‍ നിയോഗിച്ചിരിക്കുന്നത്. പ്രായമായ സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് വനിതാ പൊലീസിനെ സന്നിധാനത്തെ നടപ്പന്തലില്‍ നിയോഗിച്ചതെന്നാണ് വിശദീകരണം. ഇതാദ്യമായാണ് സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കുന്നത്. കമാന്‍ഡോകളും സന്നിധാനത്ത് സുരക്ഷാ ചുമതലയിലുണ്ട്. 

കനത്ത സുരക്ഷാവലയം തീര്‍ത്ത് 3000 ത്തോളം പൊലീസുകാരാണ് ശബരിമലയില്‍ ഉള്ളത്. 20 കമാന്റോകളും 100 വനിതാ പൊലീസും അടങ്ങുന്നതാണ് സുരക്ഷാ സംഘം. സന്നിധാനത്തേക്കുള്ള എല്ലാ വഴികളിലും കനത്ത പരിശോധന നടത്തും. ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുമടക്കം സര്‍വ്വ സന്നാഹങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

നിലയ്ക്കലില്‍ എത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ പൊലീസ് തടഞ്ഞു. ഇതിനെത്തുടര്‍ന്ന് നിലയ്ക്കലില്‍ നാമജപ പ്രതിഷേധം നടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com