ഹൈവേയിലെ സ്വര്‍ണ്ണക്കവര്‍ച്ച: പിടിയിലായവരില്‍ തടിയന്റവിട നസീറിന്റെ സഹോദരനും

കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് രാത്രി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മറ്റൊരു കവര്‍ച്ച ലക്ഷ്യമിട്ട് വിമാനത്താവളത്തിലെത്തിയ ഇവരെ പിടികൂടിയത്.
ഹൈവേയിലെ സ്വര്‍ണ്ണക്കവര്‍ച്ച: പിടിയിലായവരില്‍ തടിയന്റവിട നസീറിന്റെ സഹോദരനും

ചാലക്കുടി: ചാലക്കുടി ഹൈവേയില്‍ വെച്ച് നടന്ന സ്വര്‍ണ്ണക്കവര്‍ച്ച സംഭവത്തില്‍ തടിയന്റവിട നസീറിന്റെ സഹോദരനടക്കം നാലുപേര്‍കൂടി പിടിയില്‍. വിദേശത്തുനിന്ന് കൊണ്ടുവന്ന് കാറില്‍ കൊണ്ടുപോകുകയായിരുന്ന സ്വര്‍ണം ചാലക്കുടി പോട്ട പാലത്തിനു സമീപം കാറിലെത്തിയ സംഘം കൊള്ളയടിക്കുകയായിരുന്നു. 

തടിയന്റവിട നസീറിന്റെ സഹോദരന്‍ കണ്ണൂര്‍ തയ്യില്‍ സ്വദേശി ബൈദുള്‍ ഹിലാല്‍ വീട്ടില്‍ ഷുഹൈല്‍(35), തയ്യില്‍ സ്വദേശി അമീന്‍ വീട്ടില്‍ ഷാനവാസ്(25), വയനാട് പെരിക്കല്ലൂര്‍ പുല്‍പ്പള്ളി സ്വദേശി ചക്കാലക്കല്‍ സുജിത്ത്(24), കണ്ണൂര്‍ തയ്യില്‍ സ്വദേശി മല്ലാട്ടി വീട്ടില്‍ മനാഫ്(22) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. സംഘത്തിലെ ഏഴുപേര്‍ നേരത്തേ പിടിയിലായിരുന്നു.

വിദേശത്തായിരുന്ന ഇയാള്‍ നാട്ടിലെത്തിയശേഷം സംഘാംഗങ്ങളൊത്ത് എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് സ്വര്‍ണം കൊണ്ടുവരുന്നവരെ നിരീക്ഷിച്ച്, അവരെ പിന്തുടര്‍ന്ന് വിവരങ്ങള്‍ ഗുണ്ടാസംഘങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും കൊള്ളയടിക്കുകയുമാണ് ചെയ്തിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കൊടുവള്ളി സ്വദേശികള്‍ സ്വര്‍ണവുമായി വരുന്ന വിവരം കിട്ടിയ ഷുഹൈല്‍ കൂട്ടാളികളുമൊത്ത് അവിടെ എത്തി, ഒട്ടേറെ കേസുകളില്‍ പ്രതിയായ കല്ലേറ്റുംകര സ്വദേശി ഷഫീക് എന്ന വാവയെ കവര്‍ച്ച നടത്താന്‍ ഏര്‍പ്പെടുത്തുകയായിരുന്നു.

കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് രാത്രി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മറ്റൊരു കവര്‍ച്ച ലക്ഷ്യമിട്ട് വിമാനത്താവളത്തിലെത്തിയ ഇവരെ പിടികൂടിയത്. ചാലക്കുടിയിലെത്തിച്ച് ചോദ്യം ചെയ്തപ്പൊഴാണ് പോട്ടയിലെ സ്വര്‍ണക്കവര്‍ച്ചയുടെ ചുരുളഴിഞ്ഞത്. 

കണ്ണൂരില്‍ വില്‍പ്പന നടത്തിയ സ്വര്‍ണവും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ സുജിത്ത് കണ്ണൂര്‍ വളപട്ടണത്ത് വധശ്രമക്കേസിലും അടിപിടിക്കേസുകളിലും പ്രതിയാണ്. മനാഫ് കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ കൊലപാതക ശ്രമക്കേസില്‍ പ്രതിയാണ്. ഷുഹൈലും കൂട്ടാളികളും കോഴിക്കോട് കരിപ്പൂരില്‍ കാര്‍ തട്ടിയെടുത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ചതിന് കോഴിക്കോട് പൊലീസ് അന്വേഷണത്തിലുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com