പൊലീസിന്റെ ഓട്ടം വെറുതെയായി; മണം പിടിച്ച് പൊലീസ് നായ ഓടിക്കയറിയത് ബാറിലേക്ക്, പിടിച്ചെടുത്തത് മുക്കുപണ്ടം

വീടിന്റെ വാതില്‍ പൊളിച്ച് മോഷണം നടത്തിയ കേസില്‍ പൊലീസ് നായ കളളന്റെ മണം പിടിച്ചോടിയെത്തിയത് ബാറിനുളളിലേക്ക്
പൊലീസിന്റെ ഓട്ടം വെറുതെയായി; മണം പിടിച്ച് പൊലീസ് നായ ഓടിക്കയറിയത് ബാറിലേക്ക്, പിടിച്ചെടുത്തത് മുക്കുപണ്ടം

ആലപ്പുഴ: വീടിന്റെ വാതില്‍ പൊളിച്ച് മോഷണം നടത്തിയ കേസില്‍ പൊലീസ് നായ കളളന്റെ മണം പിടിച്ചോടിയെത്തിയത് ബാറിനുളളിലേക്ക്. കളളന്മാര്‍ ഉപേക്ഷിച്ച മുക്കുപണ്ടം പൊലീസിന് കിട്ടി.

കഴിഞ്ഞ ദിവസം പട്ടണക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണു സംഭവം. വീടിന്റെ വാതില്‍ പൊളിച്ചു മോഷണം നടത്തിയ കേസിലാണ് പൊലീസ് നായ സച്ചിന്‍ കള്ളന്മാരെ മണം പിടിച്ച് ബാര്‍ വരെ പിന്തുടര്‍ന്നത്. മോഷണം നടന്ന വീടിനുള്ളില്‍ കള്ളന്മാര്‍ ഉപേക്ഷിച്ച സ്‌ക്രൂഡ്രൈവറും മറ്റൊരു ഉപകരണവുമാണ് തെളിവായി ലഭിച്ചത്. ഇതിന്റെ മണം പിടിച്ച സച്ചിന്‍ വീട്ടില്‍ നിന്ന് ഇറങ്ങി മൂന്നു കിലോമീറ്ററിലധികം ഓടി. പൊലീസ് നായയെ കൈകാര്യം ചെയ്യുന്ന സിവില്‍ പൊലീസ് ഓഫിസര്‍ എസ്.ശ്രീകാന്തും പട്ടണക്കാട് എസ്‌ഐയും ഉള്‍പ്പെടെയുള്ളവര്‍ പിന്നാലെ ഓടി. പട്ടണക്കാട്ടെ ബാറിനു മുന്നിലെത്തിയപ്പോള്‍ പൊലീസ് നായ നിന്നു. വീട്ടില്‍നിന്നെടുത്ത ഉപകരണങ്ങള്‍ വീണ്ടും മണം പിടിക്കാന്‍ നല്‍കിയപ്പോള്‍, സച്ചിന്‍ ബാറിനുള്ളിലേക്കു കയറി ഒരു മേശയുടെ അടിയില്‍ ഇരിപ്പായി.

ബാര്‍ ജീവനക്കാരെ വിളിച്ചു ചോദ്യം ചെയ്തപ്പോഴാണു ക്ലീനിങ് ജീവനക്കാരന്‍ ആ മേശയുടെ അടിയില്‍ നിന്നു വള കിട്ടിയെന്ന് അറിയിച്ചത്. പരിശോധനയില്‍ മുക്കുപണ്ടമാണെന്ന് തെളിഞ്ഞു. കള്ളന്മാര്‍ ബാറില്‍ കയറിയശേഷം മുക്കുപണ്ടം ഉപേക്ഷിച്ചു കടന്നുകളഞ്ഞതാകാമെന്നാണു പൊലീസിന്റെ നിഗമനം. പ്രതികളെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം ബാറില്‍ സിസി ടിവി ക്യാമറകള്‍ ഇല്ലാത്തതിനാല്‍ വിജയിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com