'ശബരിമല വിഷയം ആളിക്കത്തിക്കാന്‍ കര്‍പ്പൂരമാകുന്നത് സഖാവ് പിണറായി വിജയന്‍'

രാമതരംഗം ഏശാതെ പോയ കേരളത്തില്‍ അയ്യപ്പ തരംഗം അലയടിക്കുകയാണ്
'ശബരിമല വിഷയം ആളിക്കത്തിക്കാന്‍ കര്‍പ്പൂരമാകുന്നത് സഖാവ് പിണറായി വിജയന്‍'

കൊച്ചി : രാമതരംഗം ഏശാതെ പോയ കേരളത്തില്‍ അയ്യപ്പ തരംഗം അലയടിക്കുകയാണെന്ന് അഡ്വ. ജയശങ്കര്‍ അഭിപ്രായപ്പെട്ടു.  ശ്രീധരന്‍ പിള്ളയാണ് സെന്റര്‍ ഫോര്‍വേഡ്, ഇടതു വിങ്ങില്‍ തന്ത്രി രാജീവര്, വലതു വിങ്ങില്‍ പന്തളം തമ്പുരാന്‍. മിഡ്ഫീല്‍ഡില്‍ നിറഞ്ഞു കളിക്കുന്നത് സുകുമാരന്‍ നായരാണെന്നും അദ്ദേഹം ഫെയ്‌സ് ബുക്ക് പോസ്റ്റിലെ കുറിപ്പില്‍ പറഞ്ഞു. 

പതിറ്റാണ്ടുകളായി അടഞ്ഞു കിടന്ന അയോധ്യയില്‍ ആരാധന അനുവദിച്ച് അദ്വാനിക്കു കളമൊരുക്കി കൊടുത്തത് രാജീവ് ഗാന്ധി; ശബരിമല വിഷയം ആളിക്കത്തിക്കാന്‍ കര്‍പ്പൂരമാകുന്നത് സഖാവ് പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

കേരളത്തിലെ അയോധ്യയാണ് ശബരിമല; അഭിനവ അദ്വാനിയാണ് അഡ്വ ശ്രീധരന്‍ പിള്ള.

മൂല്യാധിഷ്ഠിത രാഷ്ട്രീയം, ഗാന്ധിയന്‍ സോഷ്യലിസം മുതലായ സിദ്ധാന്തങ്ങളുമായി 1984ല്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി പൊളിഞ്ഞു പാളീസായി; സ്വന്തം വീടിരിക്കുന്ന ഗ്വാളിയറില്‍ അടല്‍ ബിഹാരി വാജ്‌പേയി രണ്ടര ലക്ഷം വോട്ടിനു തോറ്റു തുന്നംപാടി എന്നാണ് ചരിത്രം. തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷനായ അദ്വാനി രാമജന്മഭൂമി പ്രശ്‌നം ആളിക്കത്തിച്ചു. രഥയാത്ര നടത്തി പാര്‍ലമെന്റില്‍ പ്രധാന പ്രതിപക്ഷമായി, പളളിപൊളിച്ചു ഭരണകക്ഷിയായി.

രാമതരംഗം ഏശാതെ പോയ കേരളത്തില്‍ അയ്യപ്പ തരംഗം അലയടിക്കുകയാണ്. ശ്രീധരന്‍ പിള്ളയാണ് സെന്റര്‍ ഫോര്‍വേഡ്, ഇടതു വിങ്ങില്‍ തന്ത്രി രാജീവര്, വലതു വിങ്ങില്‍ പന്തളം തമ്പുരാന്‍. മിഡ്ഫീല്‍ഡില്‍ നിറഞ്ഞു കളിക്കുന്നത് സുകുമാരന്‍ നായര്‍, ഡീപ് ഡിഫന്‍സില്‍ തുഷാര്‍ വെള്ളാപ്പള്ളി, ഗോള്‍ വല കാക്കുന്നത് പൂഞ്ഞാര്‍ വ്യാഘ്രം പിസി ജോര്‍ജ്. റിസര്‍വ് ബെഞ്ചില്‍ രമേശ് ചെന്നിത്തല. കയ്യടിച്ചു പ്രോത്സാഹിപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടിയും മാണിസാറും.

പതിറ്റാണ്ടുകളായി അടഞ്ഞു കിടന്ന അയോധ്യയില്‍ ആരാധന അനുവദിച്ച് അദ്വാനിക്കു കളമൊരുക്കി കൊടുത്തത് രാജീവ് ഗാന്ധി; ശബരിമല വിഷയം ആളിക്കത്തിക്കാന്‍ കര്‍പ്പൂരമാകുന്നത് സഖാവ് പിണറായി വിജയന്‍.

സ്വാമിയേ ശരണമയ്യപ്പാ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com