ശബരിമലയില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നു ; ആചാരം ലംഘിക്കപ്പെട്ടത് ദേവസ്വം ബോര്‍ഡ് അന്വേഷിക്കുമെന്ന് കെ പി ശങ്കര്‍ദാസ്

ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കുന്നത് ഒരു തരത്തിലും അനുവദിക്കാന്‍ പാടില്ലാത്തതാണ്
ശബരിമലയില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നു ; ആചാരം ലംഘിക്കപ്പെട്ടത് ദേവസ്വം ബോര്‍ഡ് അന്വേഷിക്കുമെന്ന് കെ പി ശങ്കര്‍ദാസ്


പത്തനംതിട്ട : ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി ആചാരം പാലിക്കാതെ പതിനെട്ടാംപടി കയറിയത് നടക്കാന്‍ പാടില്ലാത്തതെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കര്‍ദാസ്. ഇതേക്കുറിച്ച് ദേവസ്വം ബോര്‍ഡ് അന്വേഷിക്കുമെന്നും ശങ്കര്‍ദാസ് വ്യക്തമാക്കി. 

ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കുന്നത് ഒരു തരത്തിലും അനുവദിക്കാന്‍ പാടില്ലാത്തതാണ്. ഇത് ഭക്തജനങ്ങളുടെ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിഘ്‌നം വരാതെ സംരക്ഷിക്കപ്പെടണമെന്ന് വാതോരാതെ പറയുന്നവര്‍ തന്നെ അത്തരം ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും, ലംഘനം നടത്തുന്നതും വിശ്വാസികളുടെ മനസ്സിനെ വ്രണപ്പെടുത്തുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. 

അത് അവരു തന്നെ കാണേണ്ടതാണ്. ഒരു മനുഷ്യന്റെ വിശ്വാസത്തിന് അനുസരിച്ചുള്ള ആചാരാനുഷ്ഠാനങ്ങളെ ലംഘിക്കാതെ പോകണം എന്നത് അതത് ഭക്തജനങ്ങളുടെ അവകാശമാണ്. വല്‍സന്‍ തില്ലങ്കേരിയുടെ നടപടി പരിശോധിക്കുമെന്നും കെ പി ശങ്കര്‍ദാസ് പറഞ്ഞു. 

നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള സന്നിധാനത്ത് പൊലീസ് മൈക്കിലൂടെ രാവിലെ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി നടത്തിയ പ്രസംഗം വിവാദമായിരുന്നു. ശബരിമലയില്‍ ആചാരലംഘനം നടക്കില്ല. ആചാരലംഘനം തടയാന്‍ ഇവിടെ പൊലീസുണ്ട്. ശബരിമലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കണമെന്നും ശബരിമല ഒരു കലാപകേന്ദ്രമാക്കണമെന്നും ആഗ്രഹിക്കുന്ന ആളുകളുണ്ട്. അവരുടെ കെണിയില്‍ വീണുപോകരുതെന്നും വല്‍സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com