ഇനി ശബരിമലയിൽ ; ദേവികുളത്ത് നിന്നും മാറ്റിയ പ്രേംകുമാറിന് ശബരിമലയിലെ സർക്കാർ നടപടികളുടെ മേൽനോട്ട ചുമതല

ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 20 (2) പ്രകാരമാണ് നിയമനം. യു വി ജോസിനെ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമിക്കാനും തീരുമാനിച്ചു
ഇനി ശബരിമലയിൽ ; ദേവികുളത്ത് നിന്നും മാറ്റിയ പ്രേംകുമാറിന് ശബരിമലയിലെ സർക്കാർ നടപടികളുടെ മേൽനോട്ട ചുമതല

തിരുവനന്തപുരം : സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ കടുത്ത അതൃപ്തിക്ക് പാത്രമായി സ്ഥലംമാറ്റപ്പെട്ട ദേവികുളം സബ് കലക്ടർ വി ആർ പ്രേംകുമാറിനെ ശബരിമലയിലെ സർക്കാർ നടപടികളുടെ മേൽനോട്ട ചുമതല നൽകി നിയമിച്ചു. ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 20 (2) പ്രകാരമാണ് ഈ നിയമനം. 

ദേവികുളം സബ് കലക്ടര്‍ വി.ആര്‍. പ്രേംകുമാറിനെ ശബരിമല ഉത്സവവുമായി ബന്ധപ്പെട്ട് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളിലുളള എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുളള അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആയി നിയമിക്കാന്‍ തീരുമാനിച്ചതായാണ് മുഖ്യമന്ത്രി അറിയിച്ചത്. ശബരിമലയിലെ പ്രത്യേക സാഹചര്യം കൂടി കണക്കിലെടുത്താണ് നിയമനം. 

ശ്രീറാം വെങ്കിട്ടരാമന് പകരക്കാരനായെത്തിയ പ്രേംകുമാറും കയ്യേറ്റക്കാര്യത്തിൽ കർശന നിലപാടാണ് സ്വീകരിച്ചിരുന്നത്. പ്ലം ജൂഡി റിസോർട്ട് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് എസ് രാജേന്ദ്രൻ എംഎൽഎ പ്രേംകുമാറിനെതിരെ പരസ്യമായി രം​ഗത്തെത്തിയിരുന്നു. നിർമ്മാണത്തിന് സബ് കലക്ടറുടെ എൻഒസി നിർബന്ധമാക്കിയതും സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. പ്രേംകുമാറിന് പകരം തൃശ്ശൂര്‍ സബ് കലക്ടര്‍ രേണു രാജിനെ ദേവികുളം സബ് കലക്ടറായി മാറ്റി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചുവന്ന ആനന്ദസിംഗിനെ കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. ഫുഡ് സേഫ്റ്റി കമ്മീഷണര്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നീ അധിക ചുമതലകള്‍ അദ്ദേഹം വഹിക്കും. അവധി കഴിഞ്ഞ് തിരിച്ചുവന്ന അഫ്‌സാന പര്‍വീണിനെ ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഭവനനിര്‍മാണ വകുപ്പ്  ഡെപ്യൂട്ടി സെക്രട്ടറി, സി.പി.എം.യു. ഡയറക്ടര്‍ എന്നീ അധിക ചുമതലകള്‍ അഫ്‌സാന വഹിക്കും. 

തലശ്ശേരി സബ് കലക്ടര്‍ എസ്. ചന്ദ്രശേഖറിനെ എംപ്ലോയ്‌മെന്റ് ആന്റ് ട്രെയ്‌നിംഗ് ഡയറക്ടറായി മാറ്റി നിയമിക്കും. കേരള അക്കാദമി ഫോര്‍ സ്‌കില്‍ ആന്റ് എക്‌സലന്‍സ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല അദ്ദേഹം വഹിക്കും. കൊല്ലം സബ് കലക്ടര്‍ എസ്. ചിത്രയെ കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. ഐ.കെ.എം. ഡയറക്ടര്‍, ഇ-നിയമസഭ നോഡല്‍ ഓഫീസര്‍ എന്നീ അധിക ചുമതലകള്‍ അവര്‍ വഹിക്കും. കോഴിക്കോട് കലക്ടർ സ്ഥാനത്ത് നിന്നും മാറ്റിയ യു വി ജോസിനെ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറായി മാറ്റി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com