ഇരുതലമൂരിയെ കടത്തുന്നത് ആഭിചാരത്തിനായി, വില ഇരുപതു കോടി വരെ, പിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന

ഇരുതലമൂരിയെ കടത്തുന്നത് ആഭിചാരത്തിനായി, വില ഇരുപതു കോടി വരെ, പിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന
ഇരുതലമൂരിയെ കടത്തുന്നത് ആഭിചാരത്തിനായി, വില ഇരുപതു കോടി വരെ, പിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന

കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം പിടിയിലായ ഇരുതലമൂരി കടത്തു സംഘത്തിനു പിന്നില്‍ വന്‍ റാക്കറ്റെന്ന് വനംവകുപ്പ്. ആഭിചാരക്രിയകള്‍ക്കായി ഇരുതലമൂരി ഉള്‍പ്പെടെയുള്ള ജീവികളെ എത്തിച്ചുനല്‍കുന്ന വന്‍ സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് അന്വേഷണത്തിലെ പ്രാഥമിക സൂചന. ഇരുപത് കോടിയുടെ കച്ചവടത്തിനാണ് ഇവര്‍ ശ്രമിച്ചതെന്നാണ് പറയുന്നത്.

കൊച്ചി സിറ്റി ഷാഡോ പൊലീസ് അറസ്റ്റ് ചെയ്ത വെളിയത്തുനാട് വടക്കേടത്ത് അബ്ദുള്‍ കലാം ആസാദ്(40), കടവന്ത്ര കുമാരനാശാന്‍ റോഡ് ബ്ല്യൂ മൂണ്‍ അപ്പാര്‍ട്ട്‌മെന്റ് – പി വണ്ണില്‍ രാജേഷ് മേനോന്‍(33), കോട്ടയം സൗത്ത് കിടങ്ങൂര്‍ പുലരിയില്‍ കെ കിഷോര്‍ (36) എന്നിവരെ ആലുവ, ഇടപ്പള്ളി എന്നിവിടങ്ങളിലും ആസാദിന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.

മോഹ വിലയ്ക്ക് ഇരുതല മൂരിയെ എത്തിച്ചത് ആസാദാണെന്ന് കേസ് അന്വേഷിക്കുന്ന കോടനാട് റേഞ്ച് ഓഫീസര്‍ ജി ധനിക് ലാല്‍ പറഞ്ഞു. നേരത്തെ കാലികച്ചവടവുമായ നടന്ന ആസാദ്, ആന്ധ്രയിലുള്ള ബന്ധം ഉപയോഗിച്ചാണ് അവിടെ നിന്നും ഇരുതലമൂരിയെ എത്തിച്ചത്. നക്ഷത്ര ആമ, റൈസ്പുള്ളര്‍ ഇടപാടുകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് ആഭിചാര ക്രിയകള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള വന്യജീവികളെ കടത്തുന്ന സംഘവുമായി അടുത്തതെന്നും ധനിക് ലാല്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്കെതിരെ വന്യ ജീവി സംരക്ഷണ നിയമപ്രകാരമാണ് വനംവകുപ്പ് കേസെടുത്തിട്ടുള്ളത്.

ഇരുതല മൂരി, വെള്ളിമൂങ്ങ, നക്ഷത്ര ആമ തുടങ്ങിയ വന്യജീവികള്‍ക്ക് ശക്തിയുണ്ടെന്ന് പറഞ്ഞാണ് കോടികള്‍ മോഹവില പറയുന്നത്. കൂടിയ വിലയ്ക്ക് കച്ചവടം നടക്കില്ലെങ്കിലും സമീപിക്കുന്ന ഇടപാടുകാരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുക്കലാണ് സംഘത്തിന്റെ ലക്ഷ്യം. മാന്ത്രിക, ആഭിചാര ക്രിയകള്‍ക്കായി ഇരുതലമൂരി ഉള്‍പ്പെടെയുള്ള ജീവികളെ വാങ്ങുന്നത് കേരളത്തിലും സമീപ കാലത്ത് ഏറിവരുന്നുണ്ട്. ഇരുതലമൂരിയെ കടത്തിയ സംഘത്തിന് അന്താരാഷ്ട്ര കടത്തുകാരുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും. തമിഴ്‌നാട്ടിലെ വില്ലുപുരത്ത്‌നിന്നാണ് ഇരുതലമൂരിയെവാങ്ങിയതെന്നാണ് ആസാദ് പൊലീസിനോട് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com