ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ആദ്യം കുരുക്കിലായത് യേശുദാസ്; കോടതി നടപടികള്‍ അവസാനിപ്പിച്ചത് ദേവസ്വത്തിന്റെ ഉറപ്പില്‍

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ആദ്യം കുരുക്കിലായത് യേശുദാസ്; കോടതി നടപടികള്‍ അവസാനിപ്പിച്ചത് ദേവസ്വത്തിന്റെ ഉറപ്പില്‍
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ആദ്യം കുരുക്കിലായത് യേശുദാസ്; കോടതി നടപടികള്‍ അവസാനിപ്പിച്ചത് ദേവസ്വത്തിന്റെ ഉറപ്പില്‍

കൊച്ചി: ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതിന് ആദ്യം കുരുക്കിലായവരില്‍ ഗായകന്‍ യേശുദാസും. യേശുദാസും മേല്‍ശാന്തിയായിരുന്ന ശങ്കരന്‍ നമ്പൂതിരിയും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതിന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇത്തരം ആചാര ലംഘനം തടയാന്‍ നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ആ കേസില്‍ നടപടികള്‍ അവസാനിപ്പിച്ചത്.

യേശുദാസും മേല്‍ശാന്തിയും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ആചാര ലംഘനം നടത്തിയതായി സ്‌പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് സ്വമേധയാ കേസെടുത്തത്. 2017 ഓഗസ്റ്റ് ഇരുപത്തിയൊന്നിനായിരുന്നു ഇത്. പടിപൂജയ്ക്കു ശേഷം മേല്‍ശാന്തി കെട്ടില്ലാതെ പടി കയറുകയായിരുന്നു.

പന്തളം രാജകുടുംബത്തില്‍നിന്നുള്ള ചുമതലപ്പെട്ടയാള്‍, പടിപൂജ നടത്തുന്ന കുടുംബത്തില്‍പെട്ടയാള്‍ ഇങ്ങനെയുള്ളവര്‍ക്കു പടി കയറാമെന്നാണ് കമ്മിഷണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. അങ്ങനെയല്ലാതെ പടി കയറിയതിനാല്‍ ആചാരം ലംഘിക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനൊപ്പം തന്നെ യേശുദാസിന് ആചാരത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു.

ആചാര ലംഘനം സംഭവിച്ചെന്നും ഭാവിയില്‍ ഇതുണ്ടാവാതിരിക്കാന്‍ നടപടിയെടുക്കുമെന്നുമാണ് അന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചത്. തന്ത്രിയോട് ആലോചിച്ച് നടപടികളെടുക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ജസ്റ്റിസ് പിആര്‍ രാമചന്ദ്രമേനോന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ആചാരലംഘനമുണ്ടാവുന്ന സാഹചര്യം ഒഴിവാക്കേണ്ടത് അവിടെ ഡ്യൂട്ടിലിയിലുള്ള പൊലീസിന്റെ ചുമതലയാണെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസും ഇരുമുടിക്കെട്ട് ഇല്ലാതെ പതിനെട്ടാംപടി കയറി ആചാര ലംഘനം നടത്തിയെന്നാണ് വിവാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com