ആന്റിന സഹിതമുള്ള പൊലീസ് ജീപ്പ്; മുഖ്യമന്ത്രിയുടെ മെഡല്‍ പതിച്ച യൂണിഫോം,എയര്‍ പിസ്റ്റള്‍: വ്യാജ ഡിഐജിയെ പൊക്കാന്‍ ചെന്ന ഒറിജിനല്‍ പൊലീസ് അന്തംവിട്ടുപോയി

ഐപിഎസ് ഉദ്യോഗസ്ഥനെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് പിടിയിൽ
ആന്റിന സഹിതമുള്ള പൊലീസ് ജീപ്പ്; മുഖ്യമന്ത്രിയുടെ മെഡല്‍ പതിച്ച യൂണിഫോം,എയര്‍ പിസ്റ്റള്‍: വ്യാജ ഡിഐജിയെ പൊക്കാന്‍ ചെന്ന ഒറിജിനല്‍ പൊലീസ് അന്തംവിട്ടുപോയി

തൃശൂര്‍: ഐപിഎസ് ഉദ്യോഗസ്ഥനെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് പിടിയിൽ. ചേര്‍പ്പ് ഇഞ്ചമുടിയില്‍ കുന്നത്തുള്ളി ഹൗസില്‍ സന്തോഷിന്റെ മകന്‍ മിഥുന്‍ ആണ് അറസ്റ്റിലായത്. പുതിയ ഡിഐജി ആർ ഭാനുകൃഷ്ണ ഐ പി എസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് തളിക്കുണ്ട് സ്വദേശിനി ഡീന അന്തോനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയത്.  ഡീനയുടെ സഹോദരന്‍ ബിന്റോക്ക് പൊലിസില്‍ സിപിഒ യായി ജോലി വാങ്ങി കൊടുക്കമെന്ന് പറഞ്ഞാണ് 5 ലക്ഷം രൂപ കവര്‍ന്നത്.

ഇയാള്‍ സ്ഥിരമായി സഞ്ചരിക്കുന്നത് പൊലീസ്‌വാഹനത്തോട് സാദൃശ്യമുള്ള KL. O8 AT 5993 എന്ന നമ്പറിലുള്ള  ബൊലേറൊയിലാണ്‌. ഈ വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വാഹനത്തില്‍ നിന്ന് എയര്‍ പിസ്റ്റള്‍ ,ബീക്കണ്‍ ലൈറ്റ്, പൊലിസ് സ്റ്റിക്കര്‍ എന്നിവ കണ്ടെത്തി. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര അറിയിച്ചു.

ഇയാളെ അന്വേഷിച്ച് താളിക്കുണ്ടിലെ വീട്ടിലെത്തിയ പൊലീസ് ശരിക്കും അമ്പരുന്നു. ഒരു കൊച്ച് പൊലീസ് സ്റ്റേഷന്‍ തന്നെയായിരുന്നു വീടും പരിസരവും. 

മുറ്റത്തു പാര്‍ക്ക് ചെയ്തിരുന്ന 'പൊലീസ് ജീപ്പ്'. വണ്ടിക്കുള്ളില്‍ ഹാങ്ങറില്‍ ഒരുജോടി യൂണിഫോം ഇസ്തിരിയിട്ടു തൂക്കിയിരുന്നു.

ഇതെന്താ സംഭവമെന്നാരാഞ്ഞ ഒറിജിനല്‍ പൊലീസിനോടു വ്യാജ ഡിഐജി പറഞ്ഞു: 'ഞങ്ങള്‍ നാടകക്കാരാ സാറേ, വണ്ടിക്കുള്ളില്‍ കിടക്കുന്ന യൂണിഫോം ഞങ്ങളുടെ കോസ്റ്റ്യൂംസില്‍പെട്ടതാണ്.' അപ്പോള്‍ ജീപ്പില്‍ ഒട്ടിച്ചിരിക്കുന്ന പൊലീസ് എന്ന സ്റ്റിക്കര്‍ എന്തിനാണെന്ന ചോദ്യത്തിനു മുന്നില്‍ തട്ടിപ്പുകാരന്‍ കുടുങ്ങി. 

യൂണിഫോം വാങ്ങി പരിശോധിച്ച പൊലീസ് വീണ്ടും ഞെട്ടി. 
 മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ യൂണിഫോമില്‍ പതിച്ചിരിക്കുന്നു! യൂണിഫോം മൊത്തത്തില്‍ യഥാര്‍ഥ ഐപിഎസ് ഓഫിസര്‍മാരുടെതിനു സമം. ആര്‍. ഭാനുകൃഷ്ണ ഐപിഎസ് എന്ന നെയിം ബോര്‍ഡ് പതിച്ചിട്ടുണ്ട്.

എയര്‍ പിസ്റ്റള്‍ യഥാര്‍ഥ പൊലീസ് തോക്കിന്റെ അതേപതിപ്പ് തന്നെ. ജീപ്പിനുള്ളില്‍ വയര്‍ലെസ് സെറ്റ് ഘടിപ്പിച്ചിരുന്നു. വയര്‍ലെസിന്റെ ആന്റിന ജീപ്പിന്റെ മുന്നില്‍ ഇരുവശത്തും ഘടിപ്പിച്ചു. ഹോണ്‍ പോലും പൊലീസ് ജീപ്പിന്റെതിനു സമാനം. മുകളില്‍ നീല ബീക്കണ്‍ലൈറ്റും. ജീപ്പില്‍ ലാത്തിയുമുണ്ടായിരുന്നു. 

പതിനേഴാം വയസ്സില്‍ തുടങ്ങിയതാണ് മിഥുന്‍ ഈ പൊലീസ് തട്ടിപ്പ്. . ചേര്‍പ്പില്‍ സ്ഥലംമാറിയെത്തിയ എസ്‌ഐ ആണെന്ന പേരില്‍ ഒരാള്‍ക്കു ജോലി വാഗ്ദാനം ചെയ്തു പണം തട്ടാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. സംശയം തോന്നിയ വീട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. അന്നു പിടിയിലായെങ്കിലും 18 വയസ്സ് തികയാത്തതിന്റെ ആനുക!ൂല്യത്തില്‍ ജയില്‍വാസത്തില്‍നിന്നു രക്ഷപ്പെട്ടു. ഇതിനിടെ ചേര്‍പ്പ് സ്വദേശിനിയെ വിവാഹം കഴിച്ചു.

ഐപിഎസ് വേഷം കെട്ടി ഡിഐജിയാണെന്നു തെറ്റിദ്ധരിപ്പിച്ച് താളിക്കുണ്ട് സ്വദേശിനിയെയും പിന്നീട് വിവാഹം കഴിച്ചു. പൊലീസില്‍ ജോലിനല്‍കാമെന്നു പറഞ്ഞ് ഭാര്യയുടെ സഹോദരനില്‍ നിന്ന് 5 ലക്ഷം രൂപ വാങ്ങി. ഇയാള്‍ക്ക് സിവില്‍ പൊലീസ് യൂണിഫോം തയ്പിച്ചു നല്‍കി. സര്‍ക്കാര്‍ മുദ്ര സഹിതം നിയമന ഉത്തരവും പ്രിന്റ് ചെയ്തു നല്‍കി!

പത്താംക്ലാസുകാരനായ തനിക്ക് പൊലീസില്‍ ചേരുക എന്നതായിരുന്നു ജീവിതാഭിലഷം എന്നും അതിനുള്ള വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടാണ് വേഷം കെട്ടിയത് എന്നുമായിരുന്നു തട്ടിപ്പ് നടത്താന്‍ പൊലീസ് വേഷം ധരിച്ചതിനെക്കുറിച്ചുള്ള മിഥുന്റെ മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com