ഓഖിയില്‍ വീട് തകര്‍ന്നവർക്ക് ആശ്വാസവുമായി സർക്കാർ ; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് അറ്റകുറ്റപ്പണിക്ക് സ്പെഷ്യല്‍ പാക്കേജ്

ഓഖിയില്‍ വീട് തകര്‍ന്നവർക്ക് ആശ്വാസവുമായി സർക്കാർ ; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് അറ്റകുറ്റപ്പണിക്ക് സ്പെഷ്യല്‍ പാക്കേജ്

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടാത്ത മിശ്രവിവാഹിതര്‍ക്ക് ധനസഹായത്തിനുളള വാര്‍ഷിക കുടുംബ വരുമാന പരിധി ഉയർത്തി

തിരുവനന്തപുരം : ഓഖി ദുരന്തത്തില്‍ ഭാഗികമായി വീട് തകര്‍ന്ന 458 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് അറ്റകുറ്റപ്പണി ചെയ്യുന്നതിന് പ്രത്യേക ധസഹായം നൽകാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. സ്പെഷ്യല്‍ പാക്കേജായി 2.04 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് (ഓഖി ഫണ്ട്) അനുവദിക്കാനാണ് തീരുമാനിച്ചത്. 
 
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടാത്ത മിശ്രവിവാഹിതര്‍ക്ക് സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന ഒറ്റത്തവണ ധനസഹായത്തിന് അപേക്ഷിക്കാനുളള വാര്‍ഷിക കുടുംബ വരുമാന പരിധി 50,000 രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയായി ഉയര്‍ത്താനും മന്ത്രിസഭ തീരുമാനിച്ചു. 

കൊച്ചി നഗരവുമായി ബന്ധപ്പെട്ട കനാലുകളെ ഉള്‍ക്കൊള്ളിച്ച് ഇന്‍റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്‍റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം എന്ന പദ്ധതി കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്നുതിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ പ്രത്യേക ഉദ്ദേശ കമ്പനിയായി നിയമിക്കുന്നതിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. ഇടപ്പള്ളി കനാല്‍, മാര്‍ക്കറ്റ് കനാല്‍, തേവര കനാല്‍, തേവര പെരണ്ടൂര്‍ കനാല്‍, ചിലവന്നൂര്‍ തോട് എന്നീ പ്രധാന അഞ്ച് തോടുകള്‍ പുനരുദ്ധരിച്ച് കൊച്ചി നഗരവാസികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുളള പദ്ധതിയാണിത്. 

തൃശ്ശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാള്‍ ഫ്ളൈ ഓവറിന്‍റെ നിര്‍മാണത്തിന് 13.68 കോടി രൂപയുടെ ടെണ്ടര്‍ അംഗീകരിക്കാനുളള റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ അപേക്ഷ അംഗീകരിക്കാന്‍ തീരുമാനിച്ചു. കാര്യവട്ടം ഗവണ്‍മെന്‍റ് കോളേജില്‍ ഗണിത ശാസ്ത്രത്തില്‍ ഒരു അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തിക സൃഷ്ടിക്കാനുളള സര്‍ക്കാര്‍ ഉത്തരവ് സാധൂകരിക്കാന്‍ തീരുമാനിച്ചു. 

കോഴിക്കോട് സര്‍വ്വകലാശാലയുടെ സെനറ്റിന്‍റെയും സിന്‍ഡിക്കേറ്റിന്‍റെയും ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ഓര്‍ഡിനന്‍സ് പ്രകാരം രൂപീകരിച്ച താല്‍ക്കാലിക സമിതിയുടെ കാലാവധി 12 മാസം എന്നതിനു പകരം 18 മാസത്തേക്ക് ദീര്‍ഘിപ്പിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com