കള്ളനെ വെറുതെ വിടാന്‍ ഭാര്യയില്‍ നിന്ന് കൈക്കൂലി; യുവാവിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന ഡിവൈഎസ്പിയുടെ സര്‍വീസ് ബുക്കില്‍ നിയമലംഘനങ്ങള്‍ ഏറെ

കൂടാതെ ഐജി മനോജ് എബ്രഹാമിന്റെ ശുപാര്‍ശ മുക്കിയതു മുതല്‍ നിരവധിയാണ് ഡിവൈഎസ്പിയുടെ സര്‍വീസുകള്‍
കള്ളനെ വെറുതെ വിടാന്‍ ഭാര്യയില്‍ നിന്ന് കൈക്കൂലി; യുവാവിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന ഡിവൈഎസ്പിയുടെ സര്‍വീസ് ബുക്കില്‍ നിയമലംഘനങ്ങള്‍ ഏറെ

യുവാവിന്റെ മരണവുമായി ബന്ധപ്പെട്ടു സസ്‌പെന്‍ഷനിലായ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ബി.ഹരികുമാറിന്റെ സര്‍വീസ് ബുക്കില്‍ നിറയെ അച്ചടക്കലംഘനങ്ങള്‍. കള്ളന്റെ ഭാര്യയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ വരെ ഹരികുമാറിന് അച്ചടക്ക നടപടി നേരിടേണ്ടിവന്നിട്ടുണ്ട്. കൂടാതെ ഐജി മനോജ് എബ്രഹാമിന്റെ ശുപാര്‍ശ മുക്കിയതു മുതല്‍ നിരവധിയാണ് ഡിവൈഎസ്പിയുടെ സര്‍വീസുകള്‍.

സാഹസികമായി പിടികൂടിയ കള്ളനെ വിട്ടയക്കുന്നതിന് വേണ്ടിയാണ് അയാളുടെ ഭാര്യയില്‍ നിന്ന് ഹരികുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഫോര്‍ട്ട് സിഐ ആയിരിക്കെയാണ് സംഭവം. സംസ്ഥാനാന്തര വാഹനമോഷ്ടാവായ ഉണ്ണിയെ വിട്ടയയ്ക്കാന്‍ കൈക്കൂലി വാങ്ങി ഹരികുമാര്‍ സസ്‌പെന്‍ഷനിലായത്. തമ്പാനൂര്‍ പൊലീസായിരുന്നു അന്നു പ്രതിയെ സാഹസികമായി പിടികൂടിയത്. പ്രതിയുടെ ഭാര്യ സഹായം തേടി സിഐയെ സമീപിച്ചു. ഇദ്ദേഹം ചോദിച്ച കൈക്കൂലി നല്‍കാന്‍ നിവൃത്തിയില്ലാതെ ഒടുവില്‍ അവര്‍ മാല പണയം വച്ചു പണം നല്‍കി. സിഐ പ്രതിയെ വിട്ടയയ്ക്കുകയും ചെയ്തു. ഇതു വാര്‍ത്തയായതോടെ നടത്തിയ അന്വേഷണത്തില്‍ തൊണ്ടി സഹിതം സംഭവം പുറത്തുവരികയായിരുന്നു. 

നാലു  മാസം മുന്‍പു മറ്റൊരു കേസില്‍ ഇദ്ദേഹം ഉള്‍പ്പെടെ മൂന്നു ഡിവൈഎസ്പിമാരെ ഉടന്‍ സ്ഥലംമാറ്റി അന്വേഷണം നടത്താനുള്ള റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ ശുപാര്‍ശ പൊലീസ് ആസ്ഥാനത്തു മുക്കിയിട്ടുമുണ്ട്.തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി ആളെ വിദേശത്തേക്കു കടത്തുന്നെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുമ്പ് അവിടെ നിന്നും മാറ്റിയിട്ടുണ്ട്. 

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എംഎല്‍എയെ സ്വാധീനിച്ചാണ് ആലുവ ഡിവൈഎസ്പി കസേര തരപ്പെടുത്തി. ഈ സര്‍ക്കാര്‍ വന്നതോടെ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്റെയും എന്‍ജിഒ യൂണിയന്റെയും ജില്ലാ നേതാക്കളുടെ അടുപ്പക്കാരനായി. അതുവഴി സിപിഎം ജില്ലാ നേതാവിനെ സ്വാധീനിച്ചാണു നെയ്യാറ്റിന്‍കരയില്‍ കസേര ഒപ്പിച്ചത്. അതിനു ശേഷം ഓഫിസേഴ്‌സ് അസോസിയേഷന്‍ നേതാവുമായി ചേര്‍ന്ന് ഇതേ ബാച്ചിലെ ഡിവൈഎസ്പിമാരുടെ സ്ഥലംമാറ്റം സംഘടിപ്പിച്ചു കൊടുക്കുന്ന പ്രധാനിയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com