നെയ്യാറ്റിൻകര കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഡിവൈഎസ്പിയെ കണ്ടെത്താനായില്ല

നെയ്യാറ്റിന്‍കരയിൽ യുവാവിനെ ഡിവൈഎസ്പി കാറിന് മുന്നിൽ തള്ളിയിട്ട് കൊന്ന കേസ് ക്രൈംബ്രാഞ്ചിന്
നെയ്യാറ്റിൻകര കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഡിവൈഎസ്പിയെ കണ്ടെത്താനായില്ല

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ യുവാവിനെ ഡിവൈഎസ്പി കാറിന് മുന്നിൽ തള്ളിയിട്ട് കൊന്ന കേസ് ക്രൈംബ്രാഞ്ചിന്. സനല്‍കുമാറിന്‍റെ കൊലപാതക കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന റൂറല്‍ എസ്പിയുടെ ശുപാര്‍ശ അംഗീകരിച്ച് ഡിജിപി ഉത്തരവിറക്കുകയായിരുന്നു. അതേസമയം ഒളിവില്‍ പോയ ഡിവൈഎസ്പി ഹരികുമാറിനായി പൊലീസ് ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. 

നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്‍റെ നേതൃത്വത്തില്‍ പത്ത് സംഘങ്ങളായി തിരിഞ്ഞാണ് കേസ് അന്വേഷണം. ഹരികുമാര്‍ മധുരയിലേക്ക് കടന്നെന്ന സൂചനയെത്തുടര്‍ന്ന് മധുരയിലും അന്വേഷണം നടത്തുന്നുണ്ട്. സംഭവ സ്ഥലത്തു നിന്ന് ഡിവൈഎസ്പി ഹരികുമാറിനെ രക്ഷിച്ച കൊടുങ്ങാവിള സ്വദേശി ബിനുവും ഒളിവിലാണ്. ഡിവൈഎസ്പിയെ രക്ഷിക്കാന്‍ ഉപയോഗിച്ച കാറും ഇതുവരെ കണ്ടെത്തിയിട്ടില്ല.

അതേസമയം ഹരികുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും സര്‍ക്കാര്‍ തന്നോട് നീതി കാട്ടുമെന്നാണ് പ്രതീക്ഷയെന്നും കൊല്ലപ്പെട്ട സനല്‍ കുമാറിന്‍റെ ഭാര്യ വിജി വ്യക്തമാക്കി. 

ഡിവൈഎസ്പി ഹരികുമാറിനെ സംരക്ഷിക്കാന്‍ ഉന്നതതലത്തില്‍ നീക്കം നടക്കുന്നതായുളള വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും പാസ്പോര്‍ട്ട് കണ്ടെത്താനുമുളള അന്വേഷണ സംഘത്തിന്‍റെ തിരക്കിട്ട നീക്കം. വിമാനത്താവളങ്ങളില്‍ ഇന്ന് തന്നെ ലുക്ക് ഔട്ട് നോട്ടീസ് പതിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഹരികുമാറിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും തീരുമാനമുണ്ട്. 

അതിനിടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നതാണ് ഉചിതമെന്ന് കാട്ടി തിരുവനന്തപുരം റൂറല്‍ എസ്പി പി അശോക് കുമാര്‍ ഡിജിപിക്ക് ശുപാര്‍ശ നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതാണ് ഉചിതമെന്ന 2010ലെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയാണ് റൂറല്‍ എസ്പിയുടെ ശുപാര്‍ശ. ഹരികുമാറിന് രക്ഷപ്പെടാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അവസരമൊരുക്കിയെന്ന് വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് റൂറല്‍ എസ്പിയുടെ നടപടി. 

ഹരികുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യുക, സനല്‍കുമാറിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊടങ്ങാവളയില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com