പാമ്പുകടിയേറ്റ് സഹോദരി മരിച്ചപ്പോള്‍ മലചവിട്ടില്ലെന്ന് ശപഥം ചെയ്തു, അതിന്  പ്രായശ്ചിത്തമായി 15 വര്‍ഷത്തിന് ശേഷം മകളെയും കൊണ്ട് അയ്യന്റെ മുന്നിലെത്തി; കുടുംബം നേരിട്ടത് കൊടിയ അതിക്രമം

15 വര്‍ഷം മുന്‍പ് നേര്‍ന്ന വഴിപാട് പൂര്‍ത്തീകരിക്കാനാണ് തൃശൂര്‍ ലാലൂര്‍ കണ്ടകക്കുറിശ്ശി വീട്ടില്‍ വിനീഷും കുടുംബവും ശബരിമല കയറിയത്
പാമ്പുകടിയേറ്റ് സഹോദരി മരിച്ചപ്പോള്‍ മലചവിട്ടില്ലെന്ന് ശപഥം ചെയ്തു, അതിന്  പ്രായശ്ചിത്തമായി 15 വര്‍ഷത്തിന് ശേഷം മകളെയും കൊണ്ട് അയ്യന്റെ മുന്നിലെത്തി; കുടുംബം നേരിട്ടത് കൊടിയ അതിക്രമം

ശബരിമല; ചിത്തിര ആട്ട വിശേഷത്തിനായി ഒരു ദിവസത്തേക്കായി തുറന്ന ശബരിമല വലിയ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷിയായത്. വിശ്വാസ സംരക്ഷകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ചെറുമകളുടെ ചോറൂണിനായി സന്നിധാനത്ത് എത്തിയ 50 വയസ് പിന്നിട്ട തൃശൂര്‍ സ്വദേശിയാണ് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത്. അപ്രതീക്ഷിതമായുണ്ടായ പ്രതിഷേധത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ഈ കുടുംബം. 

15 വര്‍ഷം മുന്‍പ് നേര്‍ന്ന വഴിപാട് പൂര്‍ത്തീകരിക്കാനാണ് തൃശൂര്‍ ലാലൂര്‍ കണ്ടകക്കുറിശ്ശി വീട്ടില്‍ വിനീഷും കുടുംബവും ശബരിമല കയറിയത്. കൈക്കുഞ്ഞും 52 വയസ് പിന്നിട്ട അമ്മ ലളിതയും ബന്ധുക്കളുമാണ് സംഘത്തിലുണ്ടായിരുന്നത്. സഹോദരി മരിച്ചതിന്റെ ദുഃഖത്തില്‍ അറിയാതെ പറഞ്ഞ വാക്കിന് പ്രായശ്ചിത്തമായിട്ടായിരുന്നു മകളോടൊപ്പമുള്ള വരവ്. 15 വര്‍ഷം മുന്‍പാണ് വിനീഷിന്റെ സഹോദരി വിനയ പാമ്പുകടിയേറ്റ് മരിക്കുന്നത്.

അതുവരെ എല്ലാവര്‍ഷവും മലചവിട്ടിയിരുന്ന അയ്യപ്പഭക്തനായിരുന്നു അദ്ദേഹം. എന്നാല്‍ പെങ്ങളുടെ വിയോഗത്തില്‍ മനംനൊന്ത് താന്‍ ഇനി പതിനെട്ടാം പടി ചവിട്ടില്ലെന്ന് പ്രതിജ്ഞ ചെയ്തു. ഉടനെ തെറ്റുമനസിലാക്കി പ്രായശ്ചിത്തമായി മകളുടെ ചോറൂണ് അവിടെവെച്ച് നടത്തിക്കൊള്ളാമെന്ന് നേര്‍ന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മകള്‍ ജനിച്ചപ്പോഴാണ് അമ്മയേയും കൂട്ടി വിനീഷ് സന്നിധിയില്‍ എത്തിയത്. സഹോദരിയുടെ ഓര്‍മയ്ക്കായി കുഞ്ഞിന് വിനയ എന്നാണ് പേരിട്ടിരിക്കുന്നത്. 

ചോറൂണിനായി മലകയറാന്‍ എത്തിയപ്പോള്‍ തന്നെ ഇവര്‍ പ്രതിഷേധം നേരിട്ടിരുന്നു. തുടര്‍ന്ന് വിനീഷിന്റെ ഭാര്യ അടക്കം മൂന്ന് സ്ത്രീകളെ പമ്പയില്‍ തന്നെ താമസിപ്പിച്ചാണ് മറ്റുള്ളവര്‍ മല കയറിയത്. എന്നാല്‍ മുകളില്‍ എത്തിയപ്പോള്‍ അമ്മ ലളിതയുടെ പ്രായത്തില്‍ സംശയം ആരോപിച്ച് ഭക്തര്‍ സംഘടിച്ച് എത്തുകയായിരുന്നു. അടിച്ചു കൊല്ലടാ അവളെ എന്ന ആക്രോശിച്ചുകൊണ്ടാണ് ഒരു സംഘം അക്രമികള്‍ ഇവര്‍ക്ക് നേരെ പാഞ്ഞടുത്തത്. 

തുടര്‍ന്ന് പ്രായം തെളിയിക്കുന്ന രേഖകള്‍ കാണിച്ച് 50 വയസിന് മുകളിലാണ് പ്രായമെന്ന് തെളിയിച്ചതിന് ശേഷമാണ് ധര്‍ശനത്തിനുള്ള അനുമതി ലഭിച്ചത്. അപ്പോഴേക്കും ആക്രമികളില്‍ നിന്ന് ആക്രോശത്തിനും കൈയേറ്റ ശ്രമത്തിനും ഇവര്‍ ഇരയാകേണ്ടിവന്നു. അക്രമണത്തെത്തുടര്‍ന്ന് കാലിന് പരുക്കേറ്റ ലളിത മുടന്തിയാണ് തിരിച്ചുപോയത്. കിട്ടാനുള്ളതെല്ലാം കിട്ടി , പരാതിപ്പെട്ടിട്ട് എന്തുകാര്യം എന്നാണ് മലയിറങ്ങുമ്പോള്‍ ഇവര്‍ പറഞ്ഞത്. കുഞ്ഞിനെ അക്രമണത്തില്‍ നിന്ന് രക്ഷിക്കാനും വീട്ടുകാര്‍ നന്നേ ബുദ്ധിമുട്ടി. കുഞ്ഞിനെ പൊതിഞ്ഞുപിടിച്ചുകൊണ്ടാണ് വിനീഷും കടെയുണ്ടായിരുന്ന മൃദുലും നീങ്ങിയത്. ഇരുവര്‍ക്കും അക്രമികളുടെ മര്‍ദനമേറ്റു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com