'മലയാളികള്‍ വിദ്യാസമ്പന്നരല്ലേ, ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല'; ആന്ധ്രയില്‍ നിന്ന് ശബരിമല ദര്‍ശനത്തിന് എത്തിയത് നൂറിലധികം യുവതികള്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥകളും വീട്ടമ്മമാരുമുള്‍പ്പെടെ 200 സ്ത്രീകളുമുണ്ടായിരുന്നു. ഇവരില്‍ നൂറിലേറെപ്പേര്‍ യുവതികളാണ്
'മലയാളികള്‍ വിദ്യാസമ്പന്നരല്ലേ, ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല'; ആന്ധ്രയില്‍ നിന്ന് ശബരിമല ദര്‍ശനത്തിന് എത്തിയത് നൂറിലധികം യുവതികള്‍

ശബരിമല; സുപ്രീംകോടതിയുടെ വിധി കേട്ട് ശബരിമല ദര്‍ശനത്തിന് അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ നിരവധി സ്ത്രീകളാണ് കഴിഞ്ഞ ദിവസം പമ്പയില്‍ എത്തിയത്. എന്നാല്‍ പ്രതിഷേധത്തെത്തുടര്‍ന്ന് അയ്യനെ കാണാനുള്ള ആഗ്രഹം പാതി വഴിയില്‍ അവസാനിപ്പിച്ച് അവര്‍ എല്ലാവരും മടങ്ങി. ആന്ധ്ര പ്രദേശില്‍ നിന്ന് നൂറില്‍ അധികം യുവതികളാണ് കഴിഞ്ഞ ദിവസം മലകയറാന്‍ എത്തിയത്. മലയാളികളെക്കുറിച്ചുളള ധാരണ ഇങ്ങനെയായിരുന്നില്ലെന്നും വിദ്യാസമ്പന്നരായ മലയാളികള്‍ വിധി സ്വീകരിക്കുമെന്നായിരുന്നു വിശ്വാസം എന്നും പറഞ്ഞുകൊണ്ടാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്. 

 'മലയാളികളെക്കുറിച്ചുള്ള ഞങ്ങളുടെ ധാരണ ഇതല്ലായിരുന്നു. വിദ്യാസമ്പന്നരായ മലയാളികള്‍ സുപ്രീംകോടതിവിധി സ്വീകരിക്കുമെന്നായിരുന്നു വിശ്വാസം. ഇവിടെയെത്തിയപ്പോഴാണ് പ്രതിഷേധത്തെക്കുറിച്ച് അറിഞ്ഞത്. ആരുടെയും വിശ്വാസം ലംഘിച്ച് ഞങ്ങള്‍ക്ക് മലകയറാന്‍ താത്പര്യമില്ല. അടുത്തതവണ വരുമ്പോഴേക്കും ഞങ്ങള്‍ക്കും മലകയറാന്‍ സാധിക്കുമെന്ന് കരുതുന്നു' മലകയറാന്‍ എത്തിയ സംഘത്തിലെ അമരാവതി സ്വദേശിയായ മഹേശ്വരി പറഞ്ഞു. 

ആന്ധ്രയിലെ ഗുണ്ടൂരില്‍നിന്നും അമരാവതിയില്‍നിന്നും തീര്‍ഥാടനത്തിനായെത്തിയ സംഘത്തിലെ അംഗമാണ് മഹേശ്വരി. അഞ്ച് ടൂറിസ്റ്റ് ബസുകളിലായി 350 ഭക്തരാണ് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത്. ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥകളും വീട്ടമ്മമാരുമുള്‍പ്പെടെ 200 സ്ത്രീകളുമുണ്ടായിരുന്നു. ഇവരില്‍ നൂറിലേറെപ്പേര്‍ യുവതികളാണ്.

എല്ലാവര്‍ഷവും ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് എത്തുന്നവരാണ് ഇവര്‍. സുപ്രീംകോടതി വിധി വന്നതോടെയാണ് ശബരിമലയില്‍ എത്തിയത്. എന്നാല്‍ മലകയറാന്‍ തുടങ്ങിയപ്പോള്‍ പ്രതിഷേധവുമായി ഒരുകൂട്ടം പേര്‍ എത്തിയതിനെ തുടര്‍ന്ന് ഇവര്‍ പിന്‍വാങ്ങുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന 125 പുരുഷ സ്വാമിമാര്‍ സന്നിധാനത്തേക്ക് പോയി. അവര്‍ തിരിച്ചുവരുന്നതു വരെ കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകള്‍ നിലയ്ക്കലില്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ തങ്ങി. അയ്യപ്പനെ കാണാന്‍ അനുമതി ലഭിച്ചപ്പോള്‍ സന്തോഷം തോന്നിയതെന്നും അടുത്ത തവണ വരുമ്പോള്‍ കയറാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് അവര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com