മാളുകളിലെ തീവെട്ടിക്കൊളള; ടിക്കറ്റിന് തോന്നിയ വില, ഇന്റര്‍നെറ്റ് കൈകാര്യച്ചെലവായി 22 മുതല്‍ 45 രൂപ വരെ ഈടാക്കുന്നു ; ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റിനെതിരെ പ്രതിഷേധം 

ഓണ്‍ലൈന്‍ വഴി സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍നിന്ന് കമ്പനികള്‍ അമിത തുക ഈടാക്കുന്നതായി വ്യാപക ആക്ഷേപം
മാളുകളിലെ തീവെട്ടിക്കൊളള; ടിക്കറ്റിന് തോന്നിയ വില, ഇന്റര്‍നെറ്റ് കൈകാര്യച്ചെലവായി 22 മുതല്‍ 45 രൂപ വരെ ഈടാക്കുന്നു ; ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റിനെതിരെ പ്രതിഷേധം 

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍നിന്ന് കമ്പനികള്‍ അമിത തുക ഈടാക്കുന്നതായി വ്യാപക ആക്ഷേപം. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് കമ്പനികളുടെ ഈ അമിത തുക ഈടാക്കലിനെതിരെ സര്‍ക്കാരും ശബ്ദിക്കുന്നില്ല. ഇതില്‍ സിനിമ ആസ്വാദകര്‍ക്ക് ഇടയില്‍ വ്യാപക അമര്‍ഷമുണ്ട്. സിനിമ കാണാന്‍ ആളില്ലെന്ന് പരിതപിക്കുന്ന സിനിമാപ്രവര്‍ത്തകരും മൗനം അവലംബിക്കുകയാണ്. 

തമ്പാനൂരിലെ ഒരു തിയേറ്ററില്‍ ബാല്‍ക്കണിക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റിസര്‍വ് ചെയ്താല്‍ 135.40 രൂപ കൊടുക്കണം. കൂടാതെ, കമ്പനി നടത്തുന്ന സാമൂഹികസേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രൂപ കൂടി കൊടുക്കണം. ഇന്റര്‍നെറ്റ് കൈകാര്യച്ചെലവ് ഇനത്തിലാണ് 34.40 രൂപ ഈടാക്കുന്നത്.

ഓരോ ടിക്കറ്റിനും കൈകാര്യച്ചെലവ് നല്‍കണം. ഒരാള്‍ 4  ടിക്കറ്റ് ബുക്ക് ചെയ്താല്‍ 137.60 രൂപയാണു കമ്പനി കൈക്കലാക്കുന്നത്. സാമൂഹികസേവനം നിറവേറ്റാന്‍ 4 രൂപ വേറെയും. കിഴക്കേക്കോട്ടയിലെ ഒരു തിയറ്ററില്‍ ഒരു ടിക്കറ്റിന് 118 രൂപ നല്‍കണം. ഓണ്‍ലൈന്‍ വഴിയാണെങ്കില്‍ 24 രൂപയാണ് അധികമായി ഈടാക്കുന്നത്. തമ്പാനൂരിലെ മറ്റൊരു തിയറ്ററില്‍ 190 രൂപ ടിക്കറ്റ് നിരക്കെങ്കില്‍, ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുമ്പോള്‍  23 രൂപ കൂടുതല്‍ നല്‍കണം. 

മാളുകളിലെ തിയറ്ററുകളിലും ഓണ്‍ലൈന്‍ബുക്കിങ്ങിന്  തോന്നിയതുപോലെ കൈകാര്യച്ചെലവ് ഈടാക്കുന്നുണ്ട്. 22 രൂപ മുതല്‍ 45 രൂപ വരെയാണു പ്രേക്ഷകരില്‍നിന്ന് എടുക്കുന്നത്. ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം വഴി പണം കൈമാറുന്നതിനാല്‍ കമ്പനികള്‍ കൊയ്യുന്നതിന്റെ കണക്കെടുക്കാനുമാകുന്നില്ല. കൈകാര്യച്ചെലവില്‍നിന്ന് പരമാവധി 10 രൂപയാണു തിയറ്ററുകള്‍ക്കു നല്‍കുന്നത്.

ടിക്കറ്റ് എടുക്കാനുള്ള ആള്‍ക്കാരുടെ തിരക്ക് ഒഴിവാക്കാനും സീറ്റുകള്‍ ഉറപ്പാക്കാനുമാണു കമ്പനികളുടെ കൊള്ളയ്ക്ക് തിയറ്റര്‍ ഉടമകള്‍ കൂട്ടുനില്‍ക്കുന്നത്. 
ഉത്തരേന്ത്യയിലെ ഒരു വന്‍കിട കമ്പനിയാണ് 95% തിയറ്ററുകളുടെയും ഓണ്‍ലൈന്‍ ബുക്കിങ് നടത്തുന്നത്. ഈ കമ്പനിക്കു കേരളത്തില്‍ നാലു ജീവനക്കാരാണുള്ളത്. സിനിമ മാറുമ്പോള്‍ അക്കാര്യം തിയറ്റര്‍ ഉടമകള്‍ അറിയിക്കും. അത് ഓണ്‍ലൈനില്‍ രേഖപ്പെടുത്തുന്നതല്ലാതെ ജീവനക്കാര്‍ക്കു മറ്റു ജോലികളൊന്നുമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com