ശബരിമല: സംഘര്‍ഷമുണ്ടാക്കിയ 15 പേരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ഉണ്ടായ അക്രമസംഭവങ്ങളില്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.
ശബരിമല: സംഘര്‍ഷമുണ്ടാക്കിയ 15 പേരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍  നിലയ്ക്കലിലും പമ്പയിലും സംഘര്‍ഷമുണ്ടാക്കിയവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 15 പേര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുന്നത്. 

പ്രതികള്‍ക്കെതിരായ ദൃശ്യങ്ങളടക്കമുളള തെളിവുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആദ്യം കോടതിയെ സമീപിച്ച തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസദനന്റെ ഹര്‍ജിയില്‍ ഇന്ന് ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികളെന്ന് ഉറപ്പുളളവരെ മാത്രമേ അറസ്റ്റുചെയ്യാന്‍ പാടുളളുവെന്ന് നേരത്തെ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. 

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ഉണ്ടായ അക്രമസംഭവങ്ങളില്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി ചൂണ്ടിക്കാട്ടി. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ ശബരിമലയില്‍ നടന്ന സംഘര്‍ഷത്തില്‍ മൂവായിരത്തി എഴുന്നൂറിലേറെ പേര്‍ അറസ്റ്റിലായെന്നാണ് കണക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com