ശബരിമലയില്‍ സ്ത്രീക്കെതിരായ അക്രമം: മുഖ്യപ്രതി പിടിയില്‍

വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടിയ വകുപ്പുകള്‍ ചുമത്തിയാണ് സൂരജിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
ശബരിമലയില്‍ സ്ത്രീക്കെതിരായ അക്രമം: മുഖ്യപ്രതി പിടിയില്‍

പത്തനംതിട്ട: ശബരിമലയില്‍ ഇന്നലെ സ്ത്രീയെ തടഞ്ഞ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടിയ വകുപ്പുകള്‍ ചുമത്തിയാണ് സൂരജിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

പേരരക്കുട്ടിയുടെ ചോറൂണിനെത്തിയ തൃശൂർ മുളങ്കുന്നത്തുകാവ് തിരൂർ വട്ടക്കൂട്ട് വീട്ടിൽ ലളിതാ രവി (52)യെ ആണ് ഇന്നലെ സന്നിധാനത്തു തടഞ്ഞതത്. തുടർന്ന് സംഘർഷം ഉടലെടുത്തിരുന്നു. പ്രതിഷേധത്തിനിടെ ഉന്തും തള്ളും അടിയും നടന്നു. മാധ്യമപ്രവർത്തകർക്കു നേരെയും അക്രമമുണ്ടായി. പൊലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ പ്രതിഷേധക്കാരുടെ ഇടയിൽനിന്നു രക്ഷപ്പെടുത്തിയത്. 


മകൻ വിനീഷിന്റെ മകൾ വിനീതയുടെ (6 മാസം) ചോറൂണിന് 19 അംഗ സംഘത്തോടൊപ്പം എത്തിയതായിരുന്നു ലളിത. കു‍ഞ്ഞിന്റെ അമ്മ നീതു പമ്പയിൽ തങ്ങിയശേഷം മറ്റുള്ളവരാണു മലകയറിയത്. കുഞ്ഞുമായി സന്നിധാനം വലിയ നടപ്പന്തലിൽ എത്തിയപ്പോൾ, ലളിതയ്ക്കു പ്രായം കുറവാണെന്നു ചിലർക്കു തോന്നി. ഇതോടെ കൂട്ടശരണം വിളിയായി. ബാരിക്കേഡുകൾ ചാടിക്കടന്നു നിമിഷങ്ങൾക്കുള്ളിൽ അവർ നടപ്പന്തലിൽ എത്തി. വെപ്രാളത്തിനിടെ പ്രായം തെളിയിക്കാൻ ലളിത ബാഗിൽ നിന്നെടുത്തു പൊലീസിനെയും ഭക്തരെയും കാണിച്ചതു മരുമകൾ നീതുവിന്റെ ആധാർ കാർഡായിരുന്നു. പിന്നീടാണു സ്വന്തം കാർഡ് കാണിച്ചത്. ഇതിനിടെ ലളിതയ്ക്കൊപ്പം എത്തിയ മൃദുലിനു (23) മർദനമേറ്റു. ഏതാനും മാധ്യപ്രവർത്തകർക്കും അടിയും തേങ്ങാകൊണ്ടുളള ഏറും കിട്ടി.

സംഘർഷം കനത്തതോടെ പൊലീസ് ലളിതയെ സർക്കാർ ആശുപത്രിയിലേക്കു മാറ്റി. അവിടെ രേഖകൾ പരിശോധിച്ചു. 52 വയസ്സുണ്ടെന്നു പൊലീസ് സ്പെഷൽ ഓഫിസർ വി.ശരത് പ്രതിഷേധക്കാരെ അറിയിച്ചു. ഇരുമുടിക്കെട്ട് ഇല്ലാതെ പതിനെട്ടാംപടി ചവിട്ടാൻ പോകുന്നുവെന്നു തെറ്റിദ്ധരിച്ചു വീണ്ടും അവരെ തടഞ്ഞെങ്കിലും പിന്നീട് പോകാൻ അനുവദിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് സൂരജിനെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയതത്. തൃശൂര്‍ സ്വദേശി ലളിതയും കുടുംബവും ശബരിമലയില്‍ എത്തിയപ്പോഴായിരുന്നു സംഘം ചേര്‍ന്ന് ആക്രമിച്ചത്. സംഭവത്തില്‍ സൂരജാണ് പ്രധാനപ്രതി. അന്താരാഷ്ട്ര ഹിന്ദുപരിഷത്തിന്റെ നേതാവ് കൂടിയാണ് അറസ്റ്റിലായ സൂരജ്. സംഭവവുമായി ബന്ധപ്പെട്ട് 150 ഓളം പേര്‍ക്കെതിരെയാണ്  കേസെടുത്തിട്ടുള്ളത്. മറ്റ് നാല് പേര്‍ കൂടി പിടിയിലായാതയാണ് സൂചന. ഇന്ന് തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്യും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com