സിപിഎം നേതൃത്വത്തിന് അതൃപ്തി ; ദേവികുളം സബ് കളക്ടര്‍ പദവിയില്‍ നിന്നും ശ്രീറാമിന് പിന്നാലെ പ്രേംകുമാറും തെറിച്ചു ; കോഴിക്കോട് കളക്ടറെയും മാറ്റി

ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേകുമാറിനെ മാറ്റണമെന്ന് സിപിഎം ഇടുക്കി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു
സിപിഎം നേതൃത്വത്തിന് അതൃപ്തി ; ദേവികുളം സബ് കളക്ടര്‍ പദവിയില്‍ നിന്നും ശ്രീറാമിന് പിന്നാലെ പ്രേംകുമാറും തെറിച്ചു ; കോഴിക്കോട് കളക്ടറെയും മാറ്റി

തിരുവനന്തപുരം : ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാറിനെയും കോഴിക്കോട് കളക്ടര്‍ യു വി ജോസിനെയും മാറ്റി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ശ്രീറാം സാംബശിവ റാവുവാണ് പുതിയ കോഴിക്കോട് കളക്ടര്‍.

ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേകുമാറിനെ മാറ്റണമെന്ന് സിപിഎം ഇടുക്കി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കയ്യേറ്റങ്ങള്‍ക്കെതിരെ മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കട്ടരാമന്‍ തുടങ്ങിവെച്ച നടപടികള്‍ ശക്തമായി തുടര്‍ന്നു പോരുകയായിരുന്നു പ്രേംകുമാറും ചെയ്തിരുന്നത്. പ്ലംജൂഡി റിസോര്‍ട്ട് ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെ ശക്തമായ നടപടികള്‍ എടുത്ത പ്രേംകുമാറിനെതിരെ സിപിഎം നേതാവ് എസ് രാജേന്ദ്രന്‍ എംഎല്‍എ രംഗത്തു വരികയും ചെയ്തിരുന്നു. 

പ്രളയത്തെ തുടര്‍ന്ന് ദേവികുളത്ത് കെട്ടിട നിര്‍മ്മാണത്തിന് അടക്കം സബ് കളക്ടറുടെ എന്‍ഒസി നിര്‍ബന്ധമാക്കിയിരുന്നു. ഇതും സിപിഎം അടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. ഒരുവിധത്തിലുള്ള വഴിവിട്ട നടപടികള്‍ക്കും പിന്തുണ കൊടുക്കാത്ത ഉദ്യോഗസ്ഥനാണ് പ്രേംകുമാര്‍. ഇതിനാല്‍ സിപിഐ പ്രാദേശിക നേതൃത്വത്തിനും സബ് കളക്ടറോട് അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രിയാണ് പ്രേംകുമാറിനെ മാറ്റുന്ന കാര്യം അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com